Loading ...

Home USA

കാശ്മീരിലെ പ്രശ്നം സങ്കീര്‍ണ്ണം,​ ഇന്ത്യ നിരസിച്ചിട്ടും മദ്ധ്യസ്ഥത വഹിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇത് മതപരവും സങ്കീര്‍ണവുമായ വിഷയമാണെന്ന് ട്രംപ് ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'കാശ്മീര്‍ വിഷയത്തിന് മതപരമായി വളരെയേറെ ബന്ധമുണ്ട്. പതിറ്റാണ്ടുകളായി ഒരു ഭാഗത്ത് ഹിന്ദുക്കളും മറുഭാഗത്ത് മുസ്ലീങ്ങളുമാണ്. ഇക്കാര്യത്തില്‍ എനിക്ക് ചെയ്യാനാകുന്നതിന്റെ പരമാവധി ഞാന്‍ ചെയ്യും. എനിക്ക് ഈ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാനാകും'- ട്രംപ് പറഞ്ഞു. കാശ്മീര്‍ വിഷയത്തില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതായി ട്രംപ് കഴിഞ്ഞമാസം പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അമേരിക്കയുടെ സഹായം തേടിയിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും വിളിച്ച്‌ ട്രംപ് സംസാരിച്ചിരുന്നു. ജമ്മു കാശ്‌മീര്‍ വിഷയത്തില്‍ സംസാരിക്കുമ്ബോള്‍ മാന്യത പുലര്‍ത്തണമെന്ന് ഇമ്രാന്‍ ഖാനോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോദിയുമായി അരമണിക്കൂറോളം ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷമാണ് ട്രംപ് ഇമ്രാന്‍ ഖാനെ വിളിച്ചത്. കാശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ നേതാക്കള്‍ മാന്യതയില്ലാത്തതും ഇന്ത്യാവിരുദ്ധവുമായ പ്രസ്‌താവനകള്‍ തുടരുന്നുവെന്ന് മോദി ട്രംപിനോട് പറഞ്ഞിരുന്നു.

Related News