Loading ...

Home Music

`വിശ്രമത്തിലാണെന്ന് പറഞ്ഞേക്കൂ; ഉടന്‍ തിരിച്ചുവരുമെന്നും.. ഞാന്‍ മറ്റെന്തു പറയാന്‍'

പെട്ടെന്ന് വികാരാധീനയാകും എസ് ജാനകി; പ്രിയപ്പെട്ടവരെ ഓര്‍ക്കുമ്ബോള്‍, അവരെ കുറിച്ച്‌ സംസാരിക്കുമ്ബോള്‍, പ്രിയ ഗാനങ്ങള്‍ കേള്‍ക്കുമ്ബോള്‍.... കോഴിക്കോട് ടാഗോര്‍ സെന്‍റിനറി ഹാളിലെ നിറഞ്ഞ സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്ന് ജാനകിയമ്മ കൊച്ചുകുഞ്ഞിനെ പോലെ വിതുമ്ബിക്കരഞ്ഞത് ഓര്‍മ്മവരുന്നു; തൊട്ടടുത്തിരുന്ന് അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതും. ബാബുരാജിനെ അനുസ്മരിക്കുകയാണ് നഗരം. വേദിയില്‍ നേര്‍ത്ത പുഞ്ചിരിയുമായി നിശ്ചലയായി നിന്ന് രാധികാ തിലക് പാടുന്നു -- അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന സിനിമയില്‍ ബാബുരാജിന്റെ ഈണത്തില്‍ ജാനകി പാടി അനശ്വരമാക്കിയ ഭാവഗീതം: താമരക്കുമ്ബിളല്ലോ മമ ഹൃദയം ഇതില്‍ താതാ നിന്‍ സംഗീത മധു പകരൂ. പാട്ടിന്റെ ആത്മാവിലൂടെ സ്വയം മറന്ന് ഒഴുകുകയാണ് രാധിക. ചരണത്തില്‍ ദേവാ എന്ന ഭാഗമെത്തിയപ്പോള്‍ തൊട്ടടുത്തു നിന്ന് ഒരു ഏങ്ങിക്കരച്ചില്‍. കൈകളില്‍ മുഖം അമര്‍ത്തി കുനിഞ്ഞിരിക്കുന്നു തെന്നിന്ത്യയുടെ വാനമ്ബാടി. ആശ്വസിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, തലയുയര്‍ത്തി സാരമില്ലെന്ന് ആംഗ്യം കാണിച്ച്‌ ജാനകിയമ്മ പറഞ്ഞു: ``ഒരു നിമിഷം ബാബുരാജിനെ ഓര്‍ത്തു പോയി; ദേവാ എന്ന ഭാഗം പാടിക്കഴിഞ്ഞപ്പോള്‍ രേവതി സ്റ്റുഡിയോയുടെ വോയ്സ് റൂമില്‍ കടന്നുവന്ന് എന്റെ മുന്നില്‍ തൊഴുതുനിന്ന ബാബുരാജിനെ. നിഷ്കളങ്കമായ ചിരിയോടെ അദ്ദേഹം പറയുകയാണ്‌: എത്ര മനോഹരമായി പാടുന്നു അമ്മാ. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്റെ ഈ ട്യൂണുകളൊക്കെ മറ്റാരു പാടും?'' കയ്യിലെ തൂവാല കൊണ്ട് കവിളിലെ നീര്‍ത്തുള്ളികള്‍ തുടച്ചുമാറ്റി ജാനകിയമ്മ പറഞ്ഞു. ``ഈ കുട്ടി പാടിക്കേട്ടപ്പോള്‍ ആ പഴയ കാലമാണ് ഓര്‍മ്മ വന്നത്; ഹാര്‍മോണിയം വായിച്ച്‌ ബാബുരാജ് പാടിത്തരുന്നതും. അദ്ദേഹം പാടിയതിന്റെ പകുതിയേ ആലാപനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുള്ളൂ എനിക്ക്. എന്നിട്ടും എത്ര ഹിറ്റായി ആ പാട്ട്....'' പരിപാടി തീരും മുന്‍പ് ബാക്ക് സ്റ്റേജില്‍ ചെന്ന് രാധികയെ നേരിട്ടു കണ്ട് അഭിനന്ദനം അറിയിക്കണമെന്ന് ജാനകിയമ്മക്ക് മോഹം. അണിയറയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നു മാറി കയ്യിലെ പാട്ടുപുസ്തകത്തില്‍ മുഖം പൂഴ്ത്തിയിരുന്ന രാധിക, ആരാധനാപാത്രമായ പാട്ടുകാരിയെ തൊട്ടടുത്തു കണ്ടപ്പോള്‍ ഞെട്ടി ചാടിയെഴുന്നേറ്റത് ഓര്‍മ്മയുണ്ട്. കാല്‍ തൊട്ടു വന്ദിച്ച്‌ വികാരാധീനയായി മുന്നില്‍ നിന്ന യുവ ഗായികയെ സ്നേഹപൂര്‍വ്വം ആശ്ലേഷിച്ച്‌ ജാനകി പറഞ്ഞു: ``വളരെ നന്നായി പാടി രാധിക. ബാബുരാജ് ഉണ്ടായിരുന്നെങ്കില്‍ സന്തോഷിച്ചേനെ. ദൈവം അനുഗ്രഹിക്കും കുട്ടിയെ.'' ജീവിതത്തിലെ മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അതെന്നു പിന്നീടെപ്പോഴും നേരില്‍ കാണുമ്ബോള്‍ രാധിക പറയുമായിരുന്നു. ``ഏതു സ്റ്റേജ് പ്രോഗ്രാമില്‍ പാടാന്‍ നില്‍ക്കുമ്ബോഴും അമ്മയുടെ വാക്കുകളും അനുഗ്രഹവും ഓര്‍ക്കും. എല്ലാ പരിഭ്രമവും ആശങ്കകളും മായും അപ്പോള്‍..'' പിന്നീടും അതേ ഗാനം പല സ്റ്റേജുകളിലും അതീവഹൃദ്യമായി പാടിക്കേട്ടിട്ടുണ്ട് രാധിക. ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്ത് സെനറ്റ് ഹാളില്‍ വരെ. പഴയ ആത്മവിശ്വാസത്തെ -- ആലാപനത്തേയും - അപ്പോഴേക്കും തെല്ലൊരു ക്ഷീണം പിടികൂടിയിരുന്നോ എന്നു സംശയം. നേരിട്ട് ചെന്നു സൂചിപ്പിപ്പോള്‍ രാധികയുടെ മുഖത്തെ ചിരി മങ്ങി. വേണ്ട, പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയ നിമിഷം. ``ശരിയാണ് ചേട്ടാ... തീരെ ഏകാഗ്രത കിട്ടിയില്ല; നല്ല സുഖമില്ലാത്തത്‌ കൊണ്ടാണ്. അടുത്ത തവണ നിരാശപ്പെടുത്തില്ല.'' ആ അടുത്ത തവണ, ഒരിക്കലും വന്നു ചേര്‍ന്നില്ല എന്നതാണ് സത്യം. മനോഹരമായ ഒരു ചിത്രം ചുമരില്‍ നിന്ന് അപ്രത്യക്ഷമാകും പോലെ കണ്‍മുന്നില്‍ നിന്ന് വെറുതെയങ്ങു മാഞ്ഞുപോകുകയായിരുന്നു രാധികാ തിലക്. അസുഖവിവരം അറിഞ്ഞ ശേഷം രാധികയോട് സംസാരിച്ചത് ഫോണില്‍ മാത്രം. അവസാനത്തെ സംഭാഷണം വളരെ ഹ്രസ്വമായിരുന്നു. ``രാധിക എവിടെ എന്ന് എല്ലാവരും ചോദിക്കുന്നു. പത്രലോകത്തെ സുഹൃത്തുക്കളും പാട്ടുകാരും ആരാധകരും എല്ലാം. എന്ത് പറയണം?'' ഫോണിന്റെ മറുതലയ്ക്കല്‍ നീണ്ട നിശബ്ദത. പിന്നെ കാതില്‍ മന്ത്രിക്കും പോലെ മറുപടി: ``വിശ്രമത്തിലാണെന്ന് പറഞ്ഞേക്കൂ ; ഉടന്‍ തിരിച്ചുവരുമെന്നും..മറ്റെന്തു പറയാന്‍...'' വീണ്ടും മൗനം. ``വരും. വരാതിരിക്കില്ല. വല്ലാതെ മിസ്‌ ചെയ്യുന്നുണ്ട് ഞാന്‍ സ്റ്റേജും ഓര്‍ക്കസ്ട്രയും ആള്‍ക്കൂട്ടവും എല്ലാം.'' ഓര്‍മ്മ വന്നത് രാധികയെ ആദ്യം കണ്ട നിമിഷങ്ങളാണ്. കോഴിക്കോട് ആകാശവാണിയില്‍ വെച്ച്‌ 1980 കളുടെ അവസാനം. ശാന്താ പി നായര്‍, ജി വേണുഗോപാല്‍, ഡോ സേതുമാധവന്‍ തുടങ്ങിയവര്‍ക്കൊപ്പം ആകാശവാണിയുടെ ഒരു ഓണാഘോഷ പരിപാടിയില്‍ രാഘവന്‍ മാഷിന്റെ ഈണത്തില്‍ പാടാന്‍ എത്തിയതായിരുന്നു അന്നത്തെ കോളേജ് വിദ്യാര്‍ഥിനി. വിടര്‍ന്ന കണ്ണുകളില്‍ എപ്പോഴും വിസ്മയഭാവം കാത്തുസൂക്ഷിച്ച പെണ്‍കുട്ടിയെ ആദ്യം പരിചയപ്പെടുത്തിയതും മാഷ് തന്നെ. ``കര്‍ണ്ണാടക സംഗീതജ്ഞയായ സുധാവര്‍മ്മയുടെ അനന്തിരവളാണ്. പിന്നെ സുജാതയുടെയും വേണുഗോപാലിന്റെയും അടുത്ത ബന്ധുവും. വലിയ സംഗീത പാരമ്ബര്യമുള്ള കുടുംബമാണ്.'' രാധികയുടെ മുഖത്തു നോക്കി ചിരിച്ച്‌ മാഷ്‌ കൂട്ടിച്ചേര്‍ത്തു: ''പാരമ്ബര്യം മാത്രം പോരാ കേട്ടോ . നന്നായി അദ്ധ്വാനിക്കണം. എന്നാലേ ഉയര്‍ച്ചയുണ്ടാകൂ. സിനിമയില്‍ പേരെടുക്കാന്‍ പറ്റൂ.'' സര്‍വകലാശാലാ തലത്തില്‍ വിജയങ്ങള്‍ കൊയ്തു തുടങ്ങിയിരുന്ന രാധിക ആ വാക്കുകള്‍ കേട്ട് സൗമ്യമായി ചിരിക്കുക മാത്രം ചെയ്തു. ഭാവിയെ കുറിച്ചുള്ള ഒരു പുതുപാട്ടുകാരിയുടെ സ്വപ്‌നങ്ങള്‍ മുഴുവനുണ്ടായിരുന്നു ആ ചിരിയില്‍. പക്ഷേ ആ സ്വപ്നങ്ങള്‍ക്കൊത്ത് വളരാന്‍, അര്‍ഹതപ്പെട്ട ഉയരങ്ങള്‍ കീഴടക്കാന്‍, രാധിക തിലകിലെ ഗായികക്ക് കഴിഞ്ഞോ? ഇല്ല എന്നാണ് രാധികയുടെ സംഗീതജീവിതത്തിന്റെ ബാലന്‍സ് ഷീറ്റ് നല്‍കുന്ന മറുപടി. എഴുപതോളം പിന്നണി ഗാനങ്ങള്‍ പാടി രാധിക എന്നാണു കണക്ക്. പക്ഷേ സിനിമയില്‍ ഇടം നേടിയ പാട്ടുകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. അക്കൂട്ടത്തില്‍ സോളോ ഗാനങ്ങളാകട്ടെ അത്യപൂര്‍വവും. എങ്കിലും സിനിമക്ക് വേണ്ടി പാടിയ നാലോ അഞ്ചോ നല്ല യുഗ്മഗാനങ്ങളിലൂടെ (മായാമഞ്ചലില്‍ , ദേവസംഗീതം നീയല്ലോ, എന്റെ ഉള്ളുടുക്കും കൊട്ടി, മനസ്സില്‍ മിഥുനമഴ... ) , എണ്ണമറ്റ ചലച്ചിത്രേതര ഗാനങ്ങളിലൂടെ, മലയാളി സംഗീതാസ്വാദകരുടെ മനസ്സില്‍ രാധിക ഇന്നും ജീവിക്കുന്നു. ``പല പാട്ടുകളും സിനിമയില്‍ ഉണ്ടാവില്ല എന്നറിഞ്ഞുകൊണ്ടു തന്നെയാണ് പാടിയത്. അതുകൊണ്ട് ദുഖമില്ല.'' രാധിക ഒരിക്കല്‍ പറഞ്ഞു. ``എങ്കിലും സിനിമയില്‍ ഉള്‍പ്പെടുത്തും എന്ന ഉറപ്പില്‍ പാടിയ പാട്ടുകള്‍ കാസറ്റില്‍ മാത്രമായി ഒതുങ്ങിപ്പോകുമ്ബോള്‍ ചെറിയൊരു നിരാശ തോന്നും. പിന്നെ സമാധാനിക്കും, ഇത്രയെങ്കിലും സന്തോഷം സിനിമ എനിക്ക് തരുന്നുണ്ടല്ലോ. സിനിമയുടെ അടുത്തെത്താന്‍ പോലും ഭാഗ്യമില്ലാത്ത, എന്നെക്കാള്‍ പ്രതിഭകളായ എത്രയോ പാട്ടുകാരില്ലേ? അവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ എന്റേത് ഒരു നഷ്ടമേ അല്ല.'' സംഗീതജീവിതത്തെ ഒരു പന്തയമായി കാണാന്‍ മടിച്ച, അമിതമായ മോഹങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കാത്ത ഒരു സാധാരണ ഗായികയുടെ വാക്കുകള്‍. ``ഒരു പക്ഷേ സിനിമയില്‍ രാധിക പ്രതീക്ഷിച്ച പോലെ ഉയരാതിരുന്നതിന്റെ പ്രധാന കാരണവും അതാകാം.''-- രാധികയെ ശ്രദ്ധേയയാക്കിയ ആദ്യ ലളിതഗാനത്തിന്റെ രചയിതാവ് ആര്‍ കെ ദാമോദരന്‍ പറയുന്നു. ``ദൃഡനിശ്ചയത്തോടെ പ്രതിബന്ധങ്ങള്‍ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള മനസ്സുള്ളവര്‍ക്കേ സിനിമയില്‍ പിടിച്ചുനില്‍ക്കാനാകൂ. അല്ലാത്തവര്‍ തഴയപ്പെടും. രാധികയെ പോലെ സൗമ്യ പ്രകൃതിയായ, ആരോടും പരിഭവം പ്രകടിപ്പിക്കാന്‍ അറിയാത്ത ഒരു ഗായികയ്ക്ക്‌ സിനിമാലോകത്തിന്റെ വഴികളുമായി പൊരുത്തപ്പെട്ടു പോകാന്‍ പ്രയാസം തോന്നിയത് സ്വാഭാവികം.'' ആര്‍ കെ ദാമോദരന്‍ എഴുതിക്കൊടുത്ത പാട്ടുമായി ഏറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ തന്നെ കാണാന്‍ അമ്മയോടൊപ്പം എത്തിയ പെണ്‍കുട്ടിയുടെ ചിത്രം ഇന്നുമുണ്ട് സംഗീത സംവിധായകന്‍ പെരുമ്ബാവൂര്‍ ജി രവീന്ദ്രനാഥിന്റെ ഓര്‍മ്മയില്‍. പാട്ട് എത്രയും വേഗം ചിട്ടപ്പെടുത്തികൊടുക്കണം-- അതാണ്‌ ആവശ്യം. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി യുവജനോത്സവത്തിലെ ലളിതഗാന മത്സരത്തില്‍ പാടാന്‍ വേണ്ടിയാണ്. ദ്വാപരയുഗത്തിന്റെ ഹൃദയത്തില്‍ നിന്നോ ഗോപന്റെ ഗോപീ പ്രണയത്തില്‍ നിന്നോ... ``നല്ല വരികള്‍. അന്ന് യുവജനോത്സവത്തില്‍ വിധികര്‍ത്താക്കളെ ഇംപ്രസ് ചെയ്യണമെങ്കില്‍ വേദിയില്‍ അവതരിപ്പിക്കുന്ന പാട്ട് കടുകട്ടിയായിരിക്കണം എന്നുണ്ട് . ശാസ്ത്രീയ സംഗീതത്തിന്റെ കാഠിന്യം മുഴുവന്‍ വരണം അതില്‍. രാഗമാലികയാണെങ്കില്‍ കൂടുതല്‍ നല്ലത്. ഇതൊക്കെ മനസ്സില്‍ വെച്ചാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഇന്നോര്‍ക്കുമ്ബോള്‍ അത്ഭുതം തോന്നും. പതിനഞ്ചു മിനുട്ടേ വേണ്ടിവന്നുള്ളൂ കമ്ബോസ് ചെയ്യാന്‍ . ഓരോ വരിയും പല രീതിയില്‍ ട്യൂണ്‍ ചെയ്തു രാധികയെ കേള്‍പ്പിച്ചു. ഇഷ്ടമുള്ളത് എടുത്തുകൊള്ളാന്‍ പറഞ്ഞു. പെട്ടെന്നു തന്നെ ആ കുട്ടി പാട്ട് പഠിച്ചെടുക്കുകയും ചെയ്തു.'' യുവജനോത്സവത്തിലെ ഒന്നാം സ്ഥാനം മാത്രമല്ല, ആകാശവാണിയുടെ എ ഗ്രേഡ് കലാകാരി എന്ന പദവി കൂടി നേടിക്കൊടുത്തു രാധികക്ക് ആ പാട്ട്. ``ശരിക്കും ഒരു പെര്‍ഫക്ഷനിസ്റ്റ് ആയിരുന്നു രാധിക. എത്ര പാടിയാലും തൃപ്തി വരില്ല. ചിത്രയുമായി സാമ്യമുള്ള ശബ്ദമാണ്. എന്നാല്‍ ആരെയും ഒരിക്കലും അനുകരിക്കുന്നതായി തോന്നിയിട്ടില്ല.''-- രവീന്ദ്രനാഥ്. ചിത്രയുമായുള്ള ഈ ശബ്ദസാമ്യം പിന്നണി ഗായികയെന്ന നിലയില്‍ രാധികയുടെ വളര്‍ച്ചയെ ബാധിച്ചിരിക്കുമോ? ഒരു പരിധി വരെ എന്ന് അഭിപ്രായപ്പെടുന്നു മറ്റൊരു പ്രമുഖ സംഗീത സംവിധായകന്‍. ``സ്റ്റേജ് പരിപാടികളില്‍ ഈ സാമ്യം വലിയൊരു പ്ലസ് പോയിന്റ് ആയിരുന്നു രാധികക്ക്. വേദിയില്‍ ഇത്രയും ആത്മവിശ്വാസത്തോടെ പാടുന്നവരെ അധികം കണ്ടിട്ടില്ല. പക്ഷേ സിനിമയില്‍ ശബ്ദ സാമ്യം ചിലപ്പോള്‍ പ്രതികൂല ഘടകമായി വരാം. ചിത്രയുള്ളപ്പോള്‍ അതുപോലെ പാടുന്ന മറ്റൊരാള്‍ എന്തിന് എന്ന് ചിലരെങ്കിലും ചിന്തിച്ചു പോയാല്‍ കുറ്റം പറയാനാവില്ല.'' എങ്കിലും സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ ഒരിക്കലും പരിതപിച്ചു കേട്ടിട്ടില്ല രാധികാ തിലക്. വേദികളില്‍ നിറഞ്ഞ സദസ്സിനു മുമ്ബാകെ സ്വയം മറന്നു പാടുന്നതിലാണ് രാധിക ആത്മനിര്‍വൃതി കണ്ടെത്തിയിരുന്നത് എന്നു തോന്നിയിട്ടുണ്ട്. ``സംഗീതജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങള്‍ പലതും പിറന്നത്‌ സ്റ്റേജിലാണ്.'' രാധിക ഒരിക്കല്‍ പറഞ്ഞു. `` കോയമ്ബത്തൂരിലെ ഒരു ഗാനമേള . തമിഴരെ പോലെ കലാകാരന്മാരെ ഇത്ര അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവര്‍ വേറെയുണ്ടോ എന്ന് സംശയം. ദാസേട്ടന്‍ ഓരോ പാട്ടും പാടിത്തുടങ്ങുമ്ബോഴേക്കും നിറഞ്ഞ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടി തുടങ്ങിക്കഴിഞ്ഞിട്ടുണ്ടാകും. വിഴിയേ കഥൈ എഴുത്, മലരേ കുറിഞ്ചി മലരേ ഒക്കെ ദാസേട്ടന് ഒപ്പം പാടുമ്ബോള്‍ ജനങ്ങളുടെ പ്രതികരണം കണ്ടു ശരിക്കും കരഞ്ഞുപോയി. എന്റെ ഭാവപ്പകര്‍ച്ച അത്ഭുതത്തോടെ ദാസേട്ടന്‍ നോക്കി നിന്നത് ഓര്‍മ്മയുണ്ട്.'' ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച സംഗീത നിശയായിരുന്നു മറ്റൊരു അമൂല്യ അനുഭവം. ``ദാസേട്ടനൊപ്പം ഗായികമാരായി ആശാ ഭോസ്​ലെയും ഞാനും. രണ്ടു സെറ്റ് ഓര്‍ക്കസ്ട്രയാണ് സ്റ്റേജില്‍. ഒന്ന് ദാസേട്ടനും ഒന്ന് ആശാജിക്കും. വേദിയില്‍ ആശാജിക്കൊപ്പം നില്‍ക്കുമ്ബോള്‍ ഈശ്വരന് നന്ദി പറഞ്ഞു; സംഗീതത്തിനും. ഒരു ഗായിക ആയിരുന്നില്ലെങ്കില്‍ ഈ ഭാഗ്യമൊന്നും സ്വപ്നം കാണാന്‍ പോലും പറ്റില്ലായിരുന്നല്ലോ..'' മാതൃ സഹോദരീപുത്രി കൂടിയായ സുജാത ആയിരുന്നു കുട്ടിക്കാലത്ത് രാധികയുടെ റോള്‍ മോഡല്‍. ``മനോഹരമായ കണ്ണുകളുള്ള കൊച്ചു സുന്ദരിയാണ് എന്റെ ഓര്‍മ്മയിലെ രാധിക. നന്നായി ഡാന്‍സ് ചെയ്യും. കൊച്ചിയിലെ ഫ്ലവര്‍ പ്രിന്‍സസായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഒരിക്കല്‍.,'' സുജാതയുടെ വാക്കുകള്‍. ``പക്ഷേ പ്രായത്തില്‍ അഞ്ചോ ആറോ വയസ്സിന് ഇളയതായിരുന്നതിനാല്‍ എന്റെ കളിക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല അവള്‍. അതുകൊണ്ട് തന്നെ രാധികയിലെ ഗായികയെ അക്കാലത്ത് അടുത്തറിയാന്‍ അവസരമുണ്ടായിട്ടുമില്ല. പക്ഷെ സിനിമയില്‍ പാടിത്തുടങ്ങിയ ശേഷം ഞങ്ങള്‍ കൂടുതല്‍ അടുത്തു. എപ്പോള്‍ റെക്കോര്‍ഡിംഗിന് ചെന്നൈയില്‍ വരുമ്ബോഴും ഒപ്പമാണ് താമസിക്കുക. പല പാട്ടുകളുടെയും റെക്കോര്‍ഡിംഗിന് കൂടെ പോയിട്ടുമുണ്ട്..'' രാധികയെ പോലെ പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ജീവിതത്തെ ഇത്ര പ്രസാദാത്മകമായി കണ്ടവര്‍ കുറവായിരിക്കും എന്ന് വിശ്വസിക്കുന്നു സുജാത. ഒരിക്കലും പരാതിയോ പരിഭവമോ പറഞ്ഞുകേട്ടിട്ടില്ല. കാണാന്‍ വരുന്നവര്‍ സഹതപിച്ചു കാണുന്നത് പോലും ഇഷ്ടമായിരുന്നില്ല അവള്‍ക്ക്. എല്ലാ വേദനകളും നിശബ്ദമായി ഉള്ളില്‍ ഒതുക്കാനും പുഞ്ചിരിക്കാനും രാധികക്ക് എങ്ങനെ കഴിയുന്നു എന്നോര്‍ത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. സിനിമയിലെ പുതിയ വിശേഷങ്ങള്‍ എന്തെല്ലാം? പുതിയ പാട്ടുകാര്‍ ആരൊക്കെ? എല്ലാം അവള്‍ക്കറിയണം. അവസാന കൂടിക്കാഴ്ചയില്‍ പോലും രാധിക കേള്‍ക്കാനാഗ്രഹിച്ചത് പുതിയ പാട്ടുകളാണ് എന്നോര്‍ക്കുന്നു സുജാത. പനമ്ബിള്ളി നഗറിലെ ഫ്ലാറ്റിന്റെ പൂമുഖത്ത് ഒരു കൊച്ചുകുഞ്ഞിനെ പോലെ ശാന്തയായി ഉറങ്ങിക്കിടന്ന രാധികയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയ വലിയ ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അത്ഭുതവും ദുഖവും കലര്‍ന്ന വികാരമായിരുന്നു സുജാതക്ക്. ഏഴു വര്‍ഷമായി സംഗീത വേദികളില്‍ നിന്നും ഒഴിഞ്ഞു നിന്ന ഒരു പാട്ടുകാരിയെ മലയാളികള്‍ സ്നേഹവാത്സല്യങ്ങളോടെ ഇപ്പോഴും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു എന്ന അറിവായിരുന്നു അത്ഭുതം. ദുഃഖം, ആ കാഴ്ച കാണാന്‍ രാധിക ഇല്ലാതെ പോയല്ലോ എന്നോര്‍ത്തും. രോഗശയ്യയില്‍ കിടന്ന് ഇന്റര്‍നെറ്റില്‍ സ്വന്തം ഗാനങ്ങള്‍ക്കായി സെര്‍ച്ച്‌ ചെയ്യുന്ന രാധികയുടെ ആകാംക്ഷ നിറഞ്ഞ മുഖം ഓര്‍മ്മ വന്നു സുജാതക്ക് അപ്പോള്‍. ആത്മഗതം പോലെ ആ ചുണ്ടുകളില്‍നിന്ന് ഉതിര്‍ന്നുവീണ നിഷ്കളങ്കമായ ചോദ്യവും: ``മലയാളികള്‍ എന്നെ മറന്നു പോയിരിക്കില്ല, അല്ലേ ?'' ഇല്ല, ഒരിക്കലുമില്ല എന്ന് നിശബ്ദമായി വിളിച്ചുപറയുന്നുണ്ടായിരുന്നു യാത്രാമൊഴിയുമായി എത്തിയ ആ വലിയ ജനാവലി. Courtsey: Mathrubhoomi

Related News