Loading ...

Home celebrity

കലാഭവന്‍ മണിയുടെ ദുരൂഹമരണം : അന്വേഷണം ബന്ധുക്കളിലേക്ക്‌ , മൂത്ര സാമ്പിളില്‍ കഞ്ചാവും കറപ്പും?

കൊച്ചി : കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണത്തെക്കുറിച്ചുള്ള അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക്‌. മരണവുമായി ബന്ധപ്പെട്ട്‌ അടുത്ത രണ്ടു ബന്ധുക്കളെ സംശയിക്കുന്നതായും മണിയുടെ മരണശേഷം ഇവരുടെ പ്രവൃത്തികളില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായും ഇവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നുമാണു അന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന സൂചന. ഇടുക്കിയിലെ ഒരു വനിതാ ഡോക്‌ടറുമായുള്ള മണിയുടെ സൗഹൃദം ഈ ബന്ധുക്കള്‍ ചോദ്യം ചെയ്‌തിരുന്നെന്നും ഇതേത്തുടര്‍ന്ന്‌ ഇവരുമായി മണി അകല്‍ച്ചയിലായിരുന്നെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ മണിയുടെ മരണം കൂടുതല്‍ ദുരൂഹമായി.

മണി മരിക്കുന്നതിനു മുമ്പു കഞ്ചാവും കറപ്പും ഉപയോഗിച്ചിരുന്നെന്നു മണിയെ ചികിത്സിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ മൂത്ര സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട്‌ ഇന്നലെ പുറത്തുവന്നു. കന്നബീസ്‌ പരിശോധനയിലൂടെയാണു കഞ്ചാവിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. കറപ്പ്‌ നേരിട്ടോ വേദനസംഹാരികളിലൂടെയോ ശരീരത്തിലെത്തിയതാകാം എന്നാണു ഡോക്‌ടര്‍മാരുടെ നിഗമനം. വിഷമദ്യമായ മെഥനോളിന്റെ സാന്നിധ്യവും റിപ്പോര്‍ട്ടില്‍ സ്‌ഥിരീകരിക്കുന്നു.
മരണകാരണം വിഷാംശമാണെന്നു സ്‌ഥിരീകരിച്ചെങ്കിലും ആന്തരികഅവയവങ്ങളുടെ രാസപരിശോധനയില്‍ കണ്ടെത്തിയ കീടനാശിനിയുടെ അംശം മൂത്രപരിശോധനയില്‍ കണ്ടെത്തിയില്ല. മാര്‍ച്ച്‌ അഞ്ചിനു രാവിലെയാണു മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയെ ചികില്‍സിച്ച ആശുപത്രിയിലെ നിര്‍ണായക വിവരങ്ങളടങ്ങിയ മൂത്ര പരിശോധന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ മംഗളത്തിനു ലഭിച്ചു. "ഹൈ പെര്‍ഫോമന്‍സ്‌ ലിക്വിഡ്‌ ക്രോമാറ്റോഗ്രാഫി" പരിശോധന നിര്‍ബന്ധമായും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത്തരം പരിശോധന നടത്തിയതായി ആശുപത്രി രേഖകളിലൊന്നും പറയുന്നില്ല.കഴിഞ്ഞ അഞ്ചിനു രാത്രി എട്ടുമണിക്കാണു മൂത്ര സാമ്പിളുകള്‍ ആശുപത്രി അധികൃതര്‍ ശേഖരിച്ചത്‌. പരിശോധനാഫലം വന്നത്‌ രാത്രി പന്ത്രണ്ടിനും. മൂത്രത്തില്‍ അസ്വാഭാവിക കാര്യങ്ങള്‍ കണ്ടെത്തിയിട്ടും ഹൈ പെര്‍ഫോമന്‍സ്‌ ലിക്വിഡ്‌ ക്രോമാറ്റോഗ്രാഫി പരിശോധന നടത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്‌. മണിയെ ചികില്‍സിച്ച ആശുപത്രിക്കു കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്താനാകാത്തതില്‍ ദുരൂഹതയുണ്ടെന്ന ആക്ഷേപത്തെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ മണി ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങളടക്കം പത്തോളം വസ്‌തുക്കള്‍ പരിശോധനയ്‌ക്കായി കാക്കനാട്‌ റീജണല്‍ അനലിറ്റിക്കല്‍ ലാബില്‍ എത്തിച്ചു. കലാഭവന്‍ മണിയുടെ ചികില്‍സയില്‍ പിഴവുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം കൊച്ചി പോലീസിനു നിര്‍ദേശം നല്‍കി. ആശുപത്രിയിലെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കും. ആശുപത്രി റിപ്പോര്‍ട്ടും രാസപരിശോധനാ ഫലവും തമ്മില്‍ വൈരുധ്യമുള്ള സാഹചര്യത്തിലാണ്‌ അന്വേഷണം. കലാഭവന്‍ മണി മരിച്ചതു വിഷം ഉള്ളില്‍ച്ചെന്നാണെന്നാണു പോലീസിന്റെ നിഗമനം. സര്‍ക്കാര്‍ ലാബില്‍ നടത്തിയ ആന്തരികാവയവ പരിശോധനാഫലത്തില്‍ ക്ലോര്‍പിറിഫോസ്‌ എന്ന കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണു വിഷമാണു മരണകാരണമെന്നു സ്‌ഥിരീകരിച്ചത്‌. കലാഭവന്‍ മണി മരിച്ചതു ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. വിഷാംശം എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്‌തത വന്നിട്ടില്ല.ണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്‌ണന്‍ താമസിക്കുന്ന തറവാട്ടു പറമ്പില്‍നിന്നു ക്ലോര്‍പിറിഫോസിനു സമാനമായ കീടനാശിനിയുടെ ടിന്നുകള്‍ കണ്ടെടുത്തതു സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കീടനാശിനി മണിയുടെ ഉള്ളില്‍ച്ചെന്നത്‌ അഞ്ചാം തീയതി രാവിലെ നാലിനും എട്ടിനും ഇടയിലാണ്‌ എന്ന നിഗമനത്തിലാണു പോലീസ്‌. ക്ലോര്‍പെറിഫോസ്‌ പോലെയുള്ള കീടനാശിനികള്‍ ഉള്ളില്‍ച്ചെന്നാല്‍ ഉടന്‍ തന്നെ ഛര്‍ദ്ദിക്കുമെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അതാണ്‌ നാലിനു രാത്രി നടന്ന മദ്യസല്‍ക്കാരത്തിനിടെയല്ല കീടനാശിനി ഉള്ളില്‍ ചെന്നതെന്നു കരുതാന്‍ കാരണം.

By à´®à´¿à´¥àµà´¨àµâ€ പുല്ലുവഴി

Related News