Loading ...

Home Gulf

യു.എ.ഇ.യുടെ അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്‌കാരം വരുന്നു

ദുബായ്: സമൂഹത്തില്‍ സഹിഷ്ണുത വളര്‍ത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്‌കാരം എന്ന പേരില്‍ 50 ലക്ഷം ദിര്‍ഹം (ഏകദേശം 10 കോടിയോളം രൂപ) സമ്മാനം പ്രഖ്യാപിച്ചു. ദുബായ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടോളറന്‍സ് (ഐ.ഐ.ടി.) അന്താരാഷ്ട്രതലത്തിലുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അവാര്‍ഡിന് പരിഗണിക്കുന്ന നാമനിര്‍ദേശങ്ങള്‍ ഞായറാഴ്ചമുതല്‍ സ്വീകരിച്ചുതുടങ്ങി. അഞ്ച് വിഭാഗങ്ങളിലായാണ് അവാര്‍ഡ്. ചിന്ത, സാഹിത്യം, കല എന്നീ രംഗങ്ങളിലാണ് മൂന്ന് അവാര്‍ഡുകള്‍. യുവാക്കളുടെ പദ്ധതികള്‍, നവമാധ്യമം എന്നീ രംഗങ്ങളിലാണ് മറ്റുരണ്ട് പുരസ്‌കാരങ്ങള്‍. ഓരോ വിഭാഗത്തിനും 10 ലക്ഷം ദിര്‍ഹംവീതം സമ്മാനമായി ലഭിക്കും. 30,000 അപേക്ഷകളും നാമനിര്‍ദേശങ്ങളുമാണ് ഐ.ഐ.ടി. പ്രതീക്ഷിക്കുന്നത്. ഈവര്‍ഷം അവസാനംവരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിലായിരിക്കും ചടങ്ങ്. അവാര്‍ഡിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി www.mbrtawards.ae -ല്‍ രജിസ്റ്റര്‍ചെയ്ത് നാമനിര്‍ദേശങ്ങള്‍ നടത്താം. രണ്ട് വര്‍ഷത്തിലൊരിക്കലാണ് അവാര്‍ഡ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സംരംഭം പ്രഖ്യാപിച്ചത്. സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം സഹിഷ്ണുതയുടെ വക്താക്കളെ ആദരിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. രാജ്യങ്ങള്‍ക്കിടയില്‍ സഹിഷ്ണുതയുടെ മൂല്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹിഷ്ണുതാ വര്‍ഷത്തില്‍ത്തന്നെ സംരംഭം തുടങ്ങുന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നുവെന്ന് ഐ.ഐ.ടി. മാനേജിങ് ഡയറക്ടര്‍ ഡോ. ഹമദ് അല്‍ ശൈഖ് അഹ്മദ് അല്‍ ഷൈബാനി പറഞ്ഞു.

Related News