Loading ...

Home Gulf

അപേക്ഷിക്കുന്ന അന്നുതന്നെ ഇനി തല്‍കാല്‍ പാസ്പോര്‍ട്ട് ലഭിക്കും

തല്‍കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് അന്നേ ദിവസം തന്നെ പാസ്പോര്‍ട്ട് നല്‍കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. കോണ്‍സുലേറ്റില്‍ നടന്നിരുന്ന ഓപ്പണ്‍ ഹൗസിന്റെ വേദി പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലാണ് കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. നിലവില്‍ തല്‍കാല്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പാസ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇനി മുതല്‍ രാവിലെ ബി.എല്‍.എസ് കേന്ദ്രത്തില്‍ അപേക്ഷിച്ചാല്‍ വൈകുന്നേരം പാസ്പോര്‍ട്ട് ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം കൂടി വന്നതോടെ സാധാരണ അപേക്ഷ നല്‍കുന്നവര്‍ക്കും മൂന്ന് ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് നല്‍കാന്‍ കഴിയുന്നുണ്ട്. ദിവസം ശരാശരി 850 പാസ്പോര്‍ട്ട് അപേക്ഷകളാണ് കോണ്‍സുലേറ്റില്‍ എത്തുന്നത്. ദുബൈ കോണ്‍സുലേറ്റില്‍ സംഘടിപ്പിച്ചിരുന്ന ഓപ്പണ്‍ഹൗസിന്റെ വേദി ദുബൈ ജുമൈറിയിലേക്ക് ടവേഴ്സില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിലേക്ക് മാറ്റും. എല്ലാമാസവും അവസാന വെള്ളിയാഴ്ചയാണ് ഓപ്പണ്‍ ഹൗസ്. പ്രവാസി ഭാരതീയ പുരസ്കാരം നേടിയ ഡോ. ആസാദ് മൂപ്പന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ യോഗത്തില്‍ ആദരിച്ചു. മികവ് പുലര്‍ത്തുന്ന ആറു വിദ്യാര്‍ഥികളും ആദരം ഏറ്റുവാങ്ങി.

Related News