Loading ...

Home Gulf

ഷാര്‍ജ വര്‍ണവെളിച്ചം വിതറും; ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി അഞ്ചു മുതല്‍

ഷാര്‍ജ: പത്താമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന് ഫെബ്രുവരി അഞ്ചിന് തുടക്കമാകും. ഉത്സവവേളയില്‍ ഷാര്‍ജയുടെ ഏറ്റവും പ്രധാനപ്പെട്ട 19 ഇടങ്ങളില്‍ പ്രത്യേക ലൈറ്റ് ഷോകള്‍ നടക്കുമെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ.) അറിയിച്ചു. മൂന്ന് ഇന്ററാക്ടീവ് ഷോകള്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ രണ്ട് ഷോകള്‍, യൂണിവേഴ്‌സിറ്റി ഹാളിന്റെ മുന്‍വശത്ത് പ്രത്യേക ഷോകളും ഉണ്ടായിരിക്കും. വീഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ വിര്‍ച്വല്‍ റിയാലിറ്റിയുമായി സമന്വയിപ്പിച്ച്‌ ലോകമെമ്ബാടുമുള്ള അത്ഭുതങ്ങളായിരിക്കും യൂണിവേഴ്‌സിറ്റി ഹാളിലെ ഷോയിലുണ്ടാവുക. തത്സമയ ഷോകളായിരിക്കും അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നടക്കുക. എല്ലാ ദിവസവും രാത്രി ഒമ്ബതിന് ലൈറ്റ് ഷോകളും പ്രത്യേക കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, ഷാര്‍ജ പോലീസ് അക്കാദമി, ഷാര്‍ജ സര്‍വകലാശാല, ഷാര്‍ജ പള്ളി, ഷാര്‍ജ മുനിസിപ്പാലിറ്റി, ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, മസ്ജിദ് അല്‍ നൂര്‍, അല്‍ ഖസ്ബ, ഒമ്രാന്‍ തര്യാം സ്ക്വയര്‍, ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, അല്‍ ഹമ്രിയ ഏരിയ മുനിസിപ്പാലിറ്റി, അല്‍ വൂസ്റ്റ ടി.വി. ബില്‍ഡിങ് (അല്‍ ദൈദ്), ഷാര്‍ജ സര്‍വകലാശാല-കല്‍ബ, ഹൗസ് ഓഫ് ജസ്റ്റിസ് - ഖോര്‍ഫാക്കന്‍, അറബ് അക്കാദമി ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് മാരിടൈം ട്രാന്‍സ്പോര്‍ട്ട് - ഖോര്‍ഫാക്കന്‍, മസ്ജിദ് ശൈഖ് റാഷിദ് ബിന്‍ അഹമദ് അല്‍ കാസിമി (ദിബ്ബ അല്‍ ഹിസ്ന്‍) എന്നിവിടങ്ങളിലും പ്രകാശംകൊണ്ട് വിസ്മയങ്ങള്‍ വിരിയും. ഇത്തവണ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് മുന്നിലും ഫുഡ്‌ട്രക്ക് സോണുണ്ടാകും. പ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറുമുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ലൈറ്റ് ഷോകള്‍ നടക്കുക. പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി 15-ന് ലൈറ്റ് ഫെസ്റ്റിവെല്‍ സമാപിക്കും. 2019-ല്‍ 1.2 ദശലക്ഷം ആളുകളാണ് ലൈറ്റ് ഷോ ആസ്വദിക്കാനെത്തിയത്. വര്‍ഷംതോറും 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 17 സ്ഥലങ്ങളിലായി 20 ഷോകള്‍ ഉണ്ടായിരുന്നു.

Related News