Loading ...

Home Gulf

ഗള്‍ഫ് സ്വപ്നം കാണുന്നവര്‍ക്ക് തിരിച്ചടി;ജോലികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

മിഡില്‍ ഈസ്റ്റിലെ വാണിജ്യ കേന്ദ്രമായ ദുബായില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജോലികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. ദുബായിലെ ബിസിനസ്സ് വളര്‍ച്ച സ്തംഭിച്ചതാണ് ജോലികളുടെ എണ്ണം കുറയാന്‍ കാരണം. ഐ‌എച്ച്‌എസ് മാര്‍‌ക്കിറ്റിന്റെ കണക്കനുസരിച്ച്‌ ദുബായിലെ എണ്ണ ഇതര സ്വകാര്യ മേഖലയിലെ പ്രവര്‍ത്തന സ്ഥിതി ജനുവരിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും മോശമായി. മൊത്തക്കച്ചവടവും ചില്ലറ വില്‍പ്പനയും നിര്‍മ്മാണ മേഖലയും മാറ്റമില്ലാത്ത ഇടിവ് രേഖപ്പെടുത്തിയതായി ഐഎച്ച്‌എസ് മാര്‍ക്കിറ്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോൾ തൊഴിലവസരങ്ങളില്‍ വേഗത്തിലുള്ള ഇടിവ് കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ദുബായിലെ തൊഴിലിനെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് ഐഎച്ച്‌എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡേവിഡ് ഓവന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കി. എന്നാല്‍ സമീപഭാവിയില്‍ നേട്ടമുണ്ടാകുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുര്‍ബലമായ ഡിമാന്‍ഡിനെത്തുടര്‍ന്ന് കമ്പനികള്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്സ് എന്‍‌ബിഡി ആയിരക്കണക്കിന് ജീവനക്കാരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. യുഎഇയിലുടനീളം ഇത്തരത്തിലുള്ള പ്രതിസന്ധി വ്യാപകമാണ്. എന്നാ ദുബായിലെ യാത്രാ, ടൂറിസം വ്യവസായം ജനുവരിയില്‍ "മിതമായ പുരോഗതി" കാണിച്ചതായും ഐഎച്ച്‌എസ് മാര്‍ക്കിറ്റ് പറയുന്നു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 2019 അവസാന പാദത്തില്‍ നടത്തിയ ഒരു സര്‍വേയില്‍ അടുത്ത 12 മാസത്തിനുള്ളില്‍ ദുബായിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് ഭീഷണി ഗതാഗതം, ലോജിസ്റ്റിക്സ്, ടൂറിസം മേഖലകളെ മോശമായി ബാധിക്കാനിടയുണ്ട്.






Related News