Loading ...

Home Gulf

കൊറോണ: കുവൈറ്റ്‌ യാത്രക്ക്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌; ജോലിയെ ബാധിച്ചേക്കാമെന്ന്‌ ആശങ്ക

കുവൈറ്റ് സിറ്റി: കൊറോണ ബാധയായ കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള 10 രാജ്യങ്ങളില്‍ നിന്നു കുവൈറ്റിലേക്ക് തിരിച്ചുവരുന്നതിനു പിസിആര്‍ നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ കുവൈറ്റ് പ്രവാസികള്‍ക്കിടയില്‍ കടുത്ത ആശങ്ക. മാര്‍ച്ച്‌ എട്ടുമുതല്‍ കുവൈത്തില്‍ എത്തുന്ന യാത്രക്കാര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ്‌ നിര്‍ദ്ദേശം. എന്നാല്‍ വിഷയത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

തിരിച്ചുവരുന്നവര്‍ തങ്ങള്‍ കോവിഡ് -19 വൈറസ് ബാധിതരല്ല എന്ന സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം . അല്ലാത്തവരെ തിരിച്ചയക്കുമെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാന കമ്ബനികള്‍ പിഴ ഒടുക്കേണ്ടി വരുമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്.ഇത്‌ നാട്ടിലുള്ള നിരവധിപേര്‍ക്ക്‌ തിരിച്ചുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കും. കുവൈത്ത്‌ എംബസി വൈദ്യ പരിശോധനക്ക്‌ ഇന്ത്യയില്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്‌ 'ഗാംക' എജന്‍സിയെയാണ്‌. ഇവര്‍ക്ക് ഇന്ത്യയില്‍ നിരവധി സെന്ററുകള്‍ ഉണ്ടെങ്കിലും കൊറോണ രോഗബാധിതരല്ല എന്ന സര്‍ട്ടിഫിക്കറ്റു ഇഷ്യൂ ചെയ്യാന്‍ നിയമപരമായി കഴിയില്ല എന്ന്‌ പറയുന്നു. എങ്ങിനെയാണ് പിസിആര്‍ സംഘടിപ്പിക്കേണ്ടത് ആരാണ് സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഇനിയും വ്യക്‌തത ആയിട്ടില്ല. ഇന്ത്യയില്‍ പൂനൈ വയറോളജി ലാബിലാണ്‌ നിലവില്‍ സാമ്ബിളുകള്‍ പരിശോധിക്കുന്നത്‌.

വിഷയത്തില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം കുവൈറ്റ് അധികൃതരുമായി ഇടപെടണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്കും ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

Related News