Loading ...

Home Gulf

കൊറോണയില്‍ പ്രവാസികള്‍ക്ക് ആശങ്ക;യാത്രയ്‌ക്ക് വിലക്കേര്‍പ്പെടുത്തി സൗദിയും,നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ജോലി പോകുമെന്ന പേടി

ദുബായ്: കൊറോണ ഭീതിയിലാണ് രാജ്യമെങ്ങും. ഈ സാഹചര്യത്തില്‍ പ്രവാസികളും വെട്ടിലായിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ബഹ്‌റിന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയവരാണ് ഇവര്‍. കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റിന്‍ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ കുടുങ്ങിയത്. നെടുമ്പാശേരിയില്‍നിന്ന് സൗദിയിലേക്കുള്ള യാത്രക്കാരുമായി പുറപ്പെട്ട വിമാനം ബഹ്‌റിനില്‍ ഇറക്കുകയായിരുന്നു. അവിടെനിന്ന് സൗദിയിലേക്ക് യാത്ര തുടരാന്‍കഴിയാതെ വന്നതോടെ നൂറ്റമ്പതിലേറെ മലയാളികള്‍ ബഹ്‌റിന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഏറെനേരത്തെ ശ്രമത്തിനുശേഷം രാത്രി മറ്റൊരു വിമാനത്തില്‍ എല്ലാവരേയും നെടുമ്പാശേരിക്ക് തന്നെ തിരിച്ചയക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് ആശങ്കയ്ക്ക് അവസാനമായത്. അബുദാബിയില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേസിന്റെ നാല് വിമാനങ്ങളിലെ യാത്രക്കാരും ഇതുപോലെ കുടുങ്ങി. ഇത്തിഹാദ് നിത്യേന അബുദാബിയില്‍ നിന്ന് ഏഴ് സര്‍വീസുകളാണ് വിവിധ സൗദി നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. സൗദിയുടെ വിലക്ക് അറിയാതെ പുറപ്പെട്ട നാല് വിമാനങ്ങളെ റിയാദില്‍ ഇറക്കി സൗദി പൗരന്മാരെ മാത്രം പുറത്ത് കടക്കാന്‍ അനുവദിച്ചു. എല്ലാ വിമാനങ്ങള്‍ക്കും ബാക്കി യാത്രക്കാരുമായി അബുദാബിയിലേക്ക് തിരിച്ചുപറക്കേണ്ടി വന്നു. അതേസമയം,​ കൊറോണ ഭീതിയില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്ന് വിദേശയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്കിംഗുകള്‍ വ്യാപകമായി റദ്ദായി. ട്രാവല്‍ ഏജന്‍സികളില്‍ പുതിയ ബുക്കിംഗ് വളരെ കുറഞ്ഞു. 40 ലക്ഷം മലയാളികളാണ് പ്രവാസികളായി കഴിയുന്നതെന്നാണ് കണക്ക്. പത്തനംതിട്ടയില്‍ 1.50 ലക്ഷവും കോട്ടയത്ത് രണ്ടുലക്ഷവും പ്രവാസികളുണ്ടെന്നാണ് കണക്ക്. ഗള്‍ഫിലുള്ളവര്‍ കൊറോണയെ ആശങ്കയോടെയാണ് കാണുന്നതെന്നും നാട്ടില്‍ വന്നവര്‍ക്ക്‌ ജോലി നഷ്ടമാകുമോ എന്ന ആശങ്കയുമുണ്ടെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയുടെ വിലയിടിവുമൂലമുള്ള സാമ്പത്തിക മാന്ദ്യത്തിലാണ്. വിദേശികളെ അവര്‍ ഒഴിവാക്കുമോ എന്ന പേടി നാട്ടില്‍ വന്നവര്‍ക്കുണ്ട്.





Related News