Loading ...

Home Gulf

സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി

റിയാദ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചതായി സൗദി അറേബ്യയുടെ ആഭ്യന്തര മന്ത്രാലയം. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നതെന്ന് ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ മടങ്ങാന്‍ കഴിയാത്ത പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഔദ്യോഗിക അവധി ദിവസമായാണ് ഈ കാലയളവ് കണക്കാക്കുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെയാണ് എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം പുറത്തു വരുന്നത്.

ഞായറാഴ്ച രാവിലെ 11 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയിട്ടുണ്ട്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി ഉള്‍പ്പെടെയുളള രോഗലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചശേഷമാണ് രോഗികളെയും കൂടെ വരുന്നവരെയും ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള രോഗ ലക്ഷണം കണ്ടാല്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനായി പ്രത്യേക വാര്‍ഡ്ണ്ട് സജ്ജമാക്കിയിട്ടുണ്ട്. അണുവിമുക്തമാക്കാനുള്ള ജെല്ലുകള്‍, ഫേസ് മാസ്ക് എന്നിവ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി.


Related News