Loading ...

Home Gulf

എക്സിറ്റ് വിസ: ഇന്ത്യ–സൗദി ധാരണയായി by എ.എസ്. സുരേഷ്കുമാര്‍

  • ഇളവു നല്‍കാമെന്ന് സൗദി വാഗ്ദാനം ചെയ്തതായും മന്ത്രി അക്ബര്‍
ന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടില്‍ തിരിച്ചത്തൊന്‍ പാകത്തില്‍ എക്സിറ്റ് വിസ അനുവദിക്കുന്ന കാര്യത്തില്‍ രണ്ടിടത്തെയും ഭരണകൂടങ്ങള്‍ തമ്മില്‍ ഏകദേശ ധാരണയായി. തൊഴിലുടമയുടെ എന്‍.ഒ.സി ഇല്ലാതെ എക്സിറ്റ് വിസ നല്‍കുന്ന രീതി സൗദിയില്‍ ഇല്ല. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഇളവു നല്‍കാമെന്ന് സൗദി ഭരണകൂടം വാഗ്ദാനം ചെയ്തതായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ സൂചിപ്പിച്ചു. തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്നവരെ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി.

അതേസമയം, സൗദിയിലെ തൊഴിലുടമകളില്‍നിന്ന് നഷ്ടപരിഹാരം കിട്ടുന്ന കാര്യത്തിലോ, ഇന്ത്യയിലെ പുനരധിവാസ വിഷയങ്ങളിലോ തീരുമാനമൊന്നുമായിട്ടില്ല. ഗള്‍ഫിലെ മാന്ദ്യം 10,000ഓളം പേരെ ബാധിച്ചിട്ടുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വിശദീകരിച്ചു. റിയാദില്‍ 3,172 പേര്‍ക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ല. സൗദി ഓജര്‍ കമ്പനിയിലെ 2,450 തൊഴിലാളികള്‍ ജിദ്ദയിലും മക്കയിലും മറ്റുമായി അഞ്ചു ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് ജൂലൈ 25 മുതല്‍ ഭക്ഷണം തന്നെ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായതിനെ തുടര്‍ന്ന് അവിടത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടുത്ത 10 ദിവസത്തേക്ക് കഴിയാനുള്ള ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍ സൗദി ഭരണാധികാരികളുമായി ബന്ധപ്പെട്ടിരുന്നു. നിയമാനുസൃത സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് സൗദിക്ക് പോവുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സൗദിയിലെ അത്രത്തോളം ഗുരുതരമായ സ്ഥിതി കുവൈത്തില്‍ പ്രവാസികള്‍ക്കില്ളെന്നും ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

Related News