Loading ...

Home Gulf

വിസയും രേഖകളും പുതുക്കാന്‍ ഇനി ഫീസ് വേണം, പ്രവാസികള്‍ക്ക് മൂന്ന് മാസത്തെ ഇളവ്; യുഎഇ

ദുബായ്: കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ രാജ്യത്തെ വിസാനിയമങ്ങളിലെ മാറ്റങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് ആക്കി യുഎഇ. ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ യുഎഇ ഒട്ടേറെ ഭേദഗതികള്‍ വരുത്തുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കാണുകയും സാഹചര്യം പഴയ നിലയിലേക്ക് മാറുകയും ചെയ്ത സാഹചര്യത്തിലാണ് വെള്ളിയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ചില ഭേദഗതികള്‍ക്ക് രൂപം നല്‍കിയത്.

താമസ വിസ, സന്ദര്‍ശക വിസ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ കാര്യത്തിലെല്ലാം ഭേദഗതിയുണ്ട്. ഇതുവരെ ഈ കാര്യങ്ങളിലുണ്ടായിരുന്ന മാറ്റങ്ങളും ഇളവുകളും ജൂലായ് 11ന് അവസാനിക്കും. ജൂലായ് 12 മുതല്‍ രേഖകള്‍ പുതുക്കാനും മറ്റും നിശ്ചിത ഫീസ് ഈടാക്കും. താമസ വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ പുതുക്കിയെടുക്കുന്നതിന് പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും മൂന്ന് മാസത്തെ കാലാവധി ഇളവായി അനുവദിച്ചിട്ടുണ്ട്.

* യുഎഇക്ക് പുറത്ത് ആറ് മാസത്തില്‍ കുറവ് താമസിക്കേണ്ടിവന്നവര്‍ക്ക് അവര്‍ രാജ്യത്ത് പ്രവേശിച്ചത് മുതല്‍ ഒരു മാസം രേഖകള്‍ പുതുക്കാന്‍ കാലാവധി ഉണ്ടായിരിക്കും.
* 2020 മാര്‍ച്ച്‌ ഒന്നിന് രേഖകളുടെ കാലാവധി അവസാനിക്കുകയോ ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിക്കുകയോ ചെയ്തവര്‍ക്ക് അവര്‍ യുഎഇയില്‍ തിരിച്ചെത്തുന്നതിന് പ്രത്യേക കാലാവധി ഇളവായി ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്ന തീയതി മുതലായിരിക്കും ഈ ഇളവ്. ഓരോ രാജ്യത്തുനിന്നുമുള്ളവരുടെ ഇളവ് കാലാവധി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് നിശ്ചയിക്കും.
* കാലാവധി കഴിഞ്ഞ് ശരിയാക്കുന്ന രേഖകള്‍ക്ക് നിശ്ചിത ഫീസിന് പുറമെ പിഴയും നല്‍കേണ്ടിവരും. കാലാവധിക്കുള്ളില്‍ രേഖകള്‍ ശരിയാക്കുന്നവരില്‍നിന്ന് പിഴ ഈടാക്കില്ല.
* ജൂലായ് 12 മുതല്‍ എല്ലാ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കുന്നതായിരിക്കും.

Related News