Loading ...

Home Gulf

അരലക്ഷത്തോളം തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായതായി സൗദി അറേബ്യാ

സൗദിയിലെ പ്രൊഫഷനല്‍ തൊഴില്‍ മേഖലയില്‍ അരലക്ഷത്തോളം തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ ഇത് ഒന്നേ കാല്‍ ലക്ഷമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാനിദ് പദ്ധതി വരും മാസങ്ങളിലും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.രാജ്യത്തെ തൊഴില്‍രഹിതരായ യുവതി യുവാക്കള്‍ക്കളുടെ നിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ തെരഞ്ഞെടുത്ത മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കി വരുന്നത്. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി മുഖേന ഇതിനകം 45600 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷാവസാനത്തോടെ ഇത് 124000 ആയി ഉയര്‍ത്താനാണ് പദ്ധതിയെന്നും മന്ത്രാലയ അധികൃതര്‍ പറഞ്ഞു.ഓപറേഷന്‍സ്, മെയിന്റനന്‍സ് മേഖലയിലെ വിദഗ്ദ തൊഴിലുകള്‍, ദന്ത ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, എഞ്ചിനിയറിംഗ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് തുടങ്ങിയ മേഖലകള്‍ക്കൂടി ഉടന്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലാക്കാനാണ് പദ്ധതി. കോവിഡിനെ തുടര്‍ന്ന് സ്വദേശി ജീവനക്കാരുടെ ശമ്പള വിതരണത്തിന് ഏര്‍പ്പെടുത്തിയ സാനിദ് പദ്ധതി വരും മാസങ്ങളിലേക്കും ദീര്‍ഘിപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ അമ്പത് ശതമാനം സര്‍ക്കാര്‍ നല്‍കി വരുന്ന പദ്ധതിയാണ് സാനിദ്. തുടക്കത്തില്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പദ്ധതിയാണിപ്പോള്‍ വരും മാസങ്ങളിലേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാറിന്റെ തീരുമാനം സഹായകരമാവുമെന്നാണ് സൂചന.

Related News