Loading ...

Home Gulf

സൗദിയില്‍ അറസ്റ്റ് ചെയ്യപ്പെടാവുന്ന കുറ്റകൃത്യങ്ങള്‍ പുനര്‍നിര്‍ണയിച്ചു

റിയാദ്: സൗദി അറേബ്യയില്‍ അറസ്റ്റ് ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക ഭരണകൂടം പുനര്‍നിര്‍ണയിച്ചു. രാജ്യസുരക്ഷയേയും വ്യക്തിസ്വാതന്ത്ര്യത്തേയും കൃത്യമായി അടയാളപ്പെടുത്തുന്നതോടൊപ്പം സ്വകാര്യ പൊതു അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ഈ സുപ്രധാന പ്രഖ്യാപനത്തില്‍ 25 വന്‍കുറ്റകൃത്യങ്ങളുടെ പട്ടികയാണ് അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്ള അല്‍ മുഅജബ് പ്രസിദ്ധീകരിച്ചത്.

ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ തന്നെയാണ് ഏറ്റവും പ്രധാനം. പൊതു ഫണ്ട് തട്ടിയെടുക്കല്‍, ഇതിനായുള്ള അഴിമതി എന്നിവയും രണ്ടാമതായി പറയുന്നു. സ്വന്തം മാതാപിതാക്കളെ ഉപദ്രവിക്കുന്നതാണ് അടുത്തത്. വാഹനം മോഷ്ടിക്കുക, വ്യഭിചാരശാലകള്‍ നടത്തുക, മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുക, ലഹരി വസ്തുക്കള്‍ വാറ്റിയെടുക്കുകയോ കള്ളക്കടത്തു നടത്തുകയോ ചെയ്യുക, ലഹരി വസ്തുക്കള്‍ കൈവശം വയ്ക്കുക, ഇതിനു പ്രോത്സാഹനം ചെയ്യുകയോ കൂട്ട് നില്‍ക്കുകയോ ചെയ്യുക, സുരക്ഷാ ഉദ്യോഗസ്ഥരെ ഒറ്റക്കോ കൂട്ടം ചേര്‍ന്നോ ആക്രമിക്കുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

വധശിക്ഷയോ അംഗഛേദമോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍, മനഃപൂര്‍വമുള്ള കൊലപാതകം, മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന മറ്റു കുറ്റങ്ങള്‍, പണമിടപാടുകളിലെ വണ്ടിചെക്ക് കേസുകള്‍ എന്നിവയും അറസ്റ്റ് നിര്‍ബന്ധമാക്കുന്നവയാണ്. പൊതുമുതലും പൊതുസ്ഥാപനങ്ങളും സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്ബനികള്‍, ബാങ്കുകള്‍ എന്നിവയുടെ സ്വത്ത് തട്ടിയെടുക്കുന്നവരെയും ഇരുപതിനായിരം റിയാലില്‍ കൂടുതലുള്ള സാമ്ബത്തിക തട്ടിപ്പുകള്‍, അംഗവൈകല്യം സംഭവിക്കുന്നതോ 21 ദിവസത്തിലധിക പരിക്ക് സുഖപ്പെടാന്‍ എടുക്കുന്ന അക്രമങ്ങളിലെ പ്രതികളെയും അറസ്റ്റ് ചെയ്യാം. ഇത്തരം കേസുകളില്‍ സ്വകാര്യ അന്യായക്കാര്‍ മാപ്പ് നല്‍കുന്ന പക്ഷമോ പ്രതി നഷ്ടപരിഹാരം നല്കാന്‍ തയാറായാലോ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കാം. നിരവധി ചെറിയ കുറ്റങ്ങളെ ഒഴിവാക്കിയാണ് അറ്റോര്‍ണി ജനറല്‍ പുതിയ പട്ടിക പ്രഖ്യാപിച്ചത്.

അറസ്റ്റ് നിര്‍ബന്ധമാക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക പുനര്‍നിര്‍ണയിച്ച അറ്റോര്‍ണി ജനറലിന്‍റെ നടപടിയെ സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്‍റ് ഡോ. അവ്വാദ് അല്‍ അവാദ് സ്വാഗതം ചെയ്തു. നിയമനടപടികളില്‍ തീരുമാനമാകുന്നതുവരെ തടങ്കലില്‍ കഴിയേണ്ടി വരുന്ന ആളുകളുടെ എണ്ണം കുറക്കാന്‍ പുതിയ നടപടി ഉപകരിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു

Related News