Loading ...

Home Gulf

കുവൈത്തില്‍ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കുട്ടികള്‍ക്ക് താമസരേഖ പുതുക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പിതാവ് രാജ്യത്തെ സ്ഥിരതാമസക്കരനല്ലാതാവുമ്ബോഴോ അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലുമുള്ള പാസ്‌പോര്‍ട്ട് കാര്യങ്ങളിലെ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി താമസ കുടിയേറ്റ വിഭാഗ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. പിതാവ് രാജ്യം വിട്ടുപോവുകയോ അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളുടെ താമസരേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ അനുമതിയുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം ഇത് നിര്‍ത്തലാക്കിയിരുന്നു. ഈ സൗകര്യമാണ് ഇപ്പോള്‍ വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, കുടുംബവിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിനാവശ്യമായ എല്ലാ നിബന്ധനകളും മതാവ് പൂര്‍ത്തിയാക്കണം. 500 ദിനാര്‍ അടിസ്ഥാന ശമ്ബളമുണ്ടായിരിക്കുക എന്നതാണു ഇതില്‍ പ്രധാനം. വിദ്യാഭ്യാസമന്ത്രാലയത്തില്‍ ജോലിചെയ്യുന്ന വനിതാ അധ്യാപകര്‍, ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സിങ് സ്റ്റാഫുകള്‍, ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡയറക്ടറേറ്റില്‍ ജോലിചെയ്യുന്ന വനിതാ ഡോക്ടര്‍മാര്‍ എന്നീ വിഭാഗങ്ങങ്ങളെ ഈ നിബന്ധനകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ നിലവിലെ താമസരേഖ നിയമപ്രകാരം പിതാവ് രാജ്യത്തെ താമസക്കരനായിരിക്കെ മാതാവിനു കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയില്ല.

Related News