Loading ...

Home meditation

നന്നല്ല ജാതിചിന്ത; ആരായാലും മണ്ണാകാനുള്ളതാണ് by ആര്യ

വിവരമുണ്ട്, വിദ്യാഭ്യാസമുണ്ട്. പറഞ്ഞിട്ടെന്തു കാര്യം. എല്ലാം ജാതിക്കണ്ണിലൂടെ കാണുന്നവർ ഇന്നുമുണ്ടല്ലോ നമുക്കു ചുറ്റും. ഉയർന്ന ജാതിയിൽ ജനിച്ചവനാണു ഞാൻ, മറ്റുള്ളവരെക്കാൾ ആഢ്യനാണു ഞാൻ എന്നൊക്കെ അഹങ്കരിക്കുന്നവർ ഈ പരിഷ്കൃതലോകത്തും കുറവല്ല. എന്നാൽ യുഗങ്ങൾക്കു മുൻപു രാമായണം നമ്മോടു പറഞ്ഞു, ഇത്തരം ചിന്ത നന്നല്ല എന്ന്.അച്ഛന്റെ വാക്കു പാലിക്കുന്നതിനു ജ്യേഷ്ഠൻ രാമൻ കാട്ടിലേക്കു പോകാനൊരുങ്ങുകയാണ് എന്നറിഞ്ഞ ലക്ഷ്മണൻ കോപിക്കുന്നു. അപ്പോൾ രാമൻ അനുജനെ ആശ്വസിപ്പിച്ചുകൊണ്ടുപറയുകയാണ്, ജീവിതതത്വം അറിയാത്തതു കൊണ്ടാണ് നിനക്ക് ഇത്രയും കോപം തോന്നുന്നത് എന്ന്. തുടർന്നു മനുഷ്യജീവിതത്തിന്റെ മഹാതത്വം തന്നെയാണു രാമൻ ലക്ഷ്ണന് ഉപദേശിക്കുന്നത്: ‘‘ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു മോഹം കലർന്നു ജന്തുക്കൾ നിരൂപിക്കും: ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ– ന്നാമ്രേഡിതം കലർന്നീടും ദശാന്തരേ...’’ ഞാൻ ബ്രാഹ്മണനാണ്, ഞാൻ രാജാവാണ്, ഞാൻ ആഢ്യനാണ് എന്നൊക്കെ ആൾക്കാർ അഹങ്കരിക്കുന്നതു വിവരമില്ലായ്മയാണെന്നു രാമൻ പറയുന്നു. ആരാണെങ്കിലും മണ്ണിനടിയിൽ കൃമികളായി പോകേണ്ടതാണു നമ്മുടെ ദേഹം. അതുകൊണ്ട് ഉയർന്ന ജാതിയാണെന്നും മറ്റുമുള്ള അഹങ്കാരം നന്നല്ല എന്നു കൂടി രാമൻ വ്യക്തമാക്കിക്കൊടുക്കുന്നു: ‘‘മണ്ണിനു കീഴായ് കൃമികളായ് പോകിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം’’ എന്ന്. ഞാൻ ബ്രാഹ്മണനാണ്, ഉയർന്നവനാണ് എന്നതു പോലുള്ള ചിന്തയ്ക്കെതിരായിരുന്നു രാമായണം എന്നു വ്യക്തം. എന്നിട്ടും രാമായണം ബ്രാഹ്മണപാരമ്പര്യത്തിന്റെ ഭാഗമാണെന്നു പോലും വിവരവും വിദ്യാഭ്യാസവുമുണ്ടെന്നു സ്വയം കരുതുന്ന ചിലരെങ്കിലും ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. രാമായണവായനയെപ്പോലും ജാതിക്കണ്ണടയിലൂടെ മാത്രം നോക്കിക്കാണുന്ന ഇക്കാലത്ത്, ലക്ഷ്മണോടുള്ള രാമന്റെ ഉപദേശം ഏറെ പ്രസക്തമാണ്.

Related News