Loading ...

Home meditation

എന്‍റെ ആത്യന്തിക ദര്‍ശനം: എന്തുകൊണ്ട് ഞാനൊരു പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനിയായി? : പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഇന്ത്യയില്‍ ക്രിസ്തീയ മാതാപിതാക്കന്മാരിലൂടെ ജനിച്ചുവെന്നതും അനന്തരം എന്‍റെ മാതാപിതാക്കള്‍ എന്‍റെ നാലു സഹോദരന്മാരെയും പോലെ എനിക്കും മലങ്കര ഓര്‍ത്തഡോക്സ് സഭാംഗമായി മാമോദീസാ നല്കിയെന്നതും എന്‍റെ തെരഞ്ഞെടുപ്പിനു മുഖ്യമായി ഹേതുഭൂതമായി. എന്നാല്‍ പില്‍ക്കാലത്തു ഞാന്‍ സ്വയം എന്‍റെ തീരുമാനമെടുത്തു. മറ്റേതെങ്കിലും ഒരു സഭയില്‍ എനിക്ക് അംഗമായി തീരാമായിരുന്നു.

 à´‰à´¦à´¾à´¹à´°à´£à´¤àµà´¤à´¿à´¨àµ മെനോനൈറ്റ് സഭാംഗമോ പ്രസ്ബിറ്റീരിയന്‍ സഭാംഗമോ ആകാമായിരുന്നു. ഇന്ത്യാനയില്‍ മെനോനൈറ്റ് ഗോഷന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് (1950-’52) മെനോനൈറ്റുകളുമായി ഞാന്‍ ഉറ്റ സമ്പര്‍ക്കം പുലര്‍ത്തി. പിന്നീട് പ്രിന്‍സ്ടണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍ (1952-’54) ബി. à´¡à´¿. യ്ക്ക് (പിന്നീടത് മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദമാക്കി) പഠിക്കുമ്പോള്‍ പ്രസ്ബിറ്റീരിയന്‍ സഭയില്‍ ചേരാമായിരുന്നു. വാസ്തവം പറഞ്ഞാല്‍ എന്‍റെ ദൈവശാസ്ത്രവിദ്യാഭ്യാസം അധികപങ്കും (യേല്‍, ഓക്സ്ഫഡ് ഉള്‍പ്പെടെ) പ്രൊട്ടസ്റ്റന്‍റ് സ്ഥാപനങ്ങളിലാണ് നടന്നത്. എങ്കിലും നവീകരണ സഭകളോട് ഇങ്ങനെ ലഭിച്ച അടുത്ത സമ്പര്‍ക്കം ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ അപ്പോസ്തോലിക പാരമ്പര്യത്തോടുള്ള എന്‍റെ പ്രതിബദ്ധത ഉറപ്പിയ്ക്കുന്നതിനു മാത്രമേ ഉതകിയുള്ളു.

അഖിലലോക സഭാകൗണ്‍സിലിന്‍റെ അസോസിയേറ്റു സെക്രട്ടറിയായി ജോലി നോക്കുന്ന കാലത്ത് നവീകരണ വിഭാഗത്തിലും പൗരസ്ത്യ ഓര്‍ത്തഡോക്സിയിലും ഉള്‍പ്പെട്ട സഭകളെയെല്ലാം അടുത്തറിയുന്നതിനും അവിടങ്ങളില്‍ ബൈബിള്‍ പഠനം നയിക്കുന്നതിനും സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനും എനിക്കു ധാരാളം അവസരങ്ങള്‍ ലഭിച്ചു. പ്രൊട്ടസ്റ്റന്‍റ് സഭാനേതാക്കളില്‍ അധികപങ്കും സഭകളുടെ അഖിലലോക കൗണ്‍സിലിന്‍റെ കേന്ദ്രകമ്മറ്റിയംഗങ്ങളായിരുന്നതിനാല്‍ അവരെ വ്യക്തിപരമായി അറിയുന്നതിനും എനിക്കു കഴിഞ്ഞു.പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ കാര്യഗൗരവമുള്ള പല കാര്യങ്ങളിലും, നാം പ്രഖ്യാപനം ചെയ്യുന്ന ഏക അപ്പോസ്തോല പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയില്‍ മറ്റു സഭകളേക്കാള്‍ കൂടുതല്‍ വിശ്വസ്തമാണെന്ന് ഈ വര്‍ഷങ്ങളില്‍ എനിക്കു കൂടുതല്‍ ബോധ്യമായി. പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ പ്രകടമായ അവിശ്വസ്തതയും എനിക്കു മനസ്സിലായി – അമിതമായ വംശീയഭക്തി, മനുഷ്യരാശിയെ സ്നേഹിക്കുന്നതിലും പരമാവധി സേവിക്കുന്നതിലുമുള്ള ദൗര്‍ബല്യം, ആഗോളമനുഷ്യരാശിയുടെ മേല്‍ ആഞ്ഞടിച്ച ബൂര്‍ഷ്വാ മുതലാളിത്ത വ്യാവസായിക നാഗരികതയുടെ സാംസ്ക്കാരികവും ആദ്ധ്യാത്മികവും ധൈഷണികവുമായ പോരാട്ടങ്ങളുമായും പരാജയങ്ങളുമായും പൊരുത്തപ്പെടുന്നതില്‍ നേരിട്ട പരാജയം തുടങ്ങിയവ.

പൗരസ്ത്യ ഓര്‍ത്തഡോക്സിയില്‍ തുടര്‍ന്നുപോന്ന അങ്ങേയറ്റം അക്രൈസ്തവമായ അധികാര പോരാട്ടങ്ങളും ഞാന്‍ മനസ്സിലാക്കി – പല പാശ്ചാത്യ സഭകളിലും ഉള്ളതിനേക്കാള്‍ അല്പം കൂടുതലായിത്തന്നെ അപലപനീയമായിരുന്നു ഇവ. ഇതൊക്കെയാണെങ്കിലും, വര്‍ഷങ്ങള്‍ കഴിയുന്തോറും പൗരസ്ത്യ ഓര്‍ത്തഡോക്സ് പാരമ്പര്യത്തോടുള്ള എന്‍റെ ഭക്തിയും സ്നേഹവും ആഴമേറിക്കൊണ്ടിരുന്നു.പ്രശസ്തരായ റോമന്‍ കത്തോലിക്കരുമായുള്ള വ്യക്തിഗത സൗഹൃദത്തിലൂടെയും പരന്ന വായനയിലൂടെയും റോമന്‍ കത്തോലിക്കാ പാരമ്പര്യവും വ്യാപകമായി അഭിമുഖീകരിക്കുന്നതിന് എനിക്ക് അവസരം കിട്ടി. അറുപതുകളിലും എഴുപതുകളിലും വത്തിക്കാനുമായി എനിക്ക് ഉറ്റബന്ധമുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഡലിഗേറ്റഡ് നിരീക്ഷകന്‍ എന്ന നിലയിലും (1962-’65) പില്ക്കാലത്ത് 12 വര്‍ഷം സഭകളുടെ അഖിലലോക കൗണ്‍സിലിന്‍റെ ജോയിന്‍റ് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമെന്ന നിലയിലും കത്തോലിക്കാ സഭാനേതാക്കളോടൊത്ത് ഞാന്‍ പ്രവര്‍ത്തിച്ചു. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ മാര്‍പ്പാപ്പാമാരുമായി ഞാന്‍ വ്യക്തിപരമായ ബന്ധം പുലര്‍ത്തി. വിയന്നായിലെ പ്രോ – ഓറിയന്‍റെ ഫൗണ്ടേഷന്‍ എഴുപതുകളിലും എണ്‍പതുകളിലും ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് – റോമന്‍ കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ തമ്മില്‍ നടത്തിയ അരഡസനോളം അനൗദ്യോഗിക സംഭാഷണങ്ങളില്‍ റോമന്‍ കത്തോലിക്കാ സഭയിലെ പല പ്രമുഖ ദൈവശാസ്ത്രജ്ഞന്മാരുമായി അടുത്തു പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം കിട്ടി.

പാശ്ചാത്യ ക്രിസ്ത്യാനിത്വത്തിന്‍റെ സാംസ്ക്കാരികാഹന്തയോടും ധൈഷണിക സങ്കുചിതത്വത്തോടും മറുതലിച്ച് 1954-ല്‍ പ്രിന്‍സ്ടണില്‍ നിന്നു മടങ്ങിയെത്തിയ ശേഷമുള്ള 40 വര്‍ഷങ്ങളിലാണ് മറ്റു മതവിശ്വാസങ്ങളെപ്പറ്റി ഞാന്‍ ആഴത്തില്‍ പഠിക്കുവാന്‍ ശ്രമിച്ചത്. ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിലുള്ള സംവാദങ്ങളില്‍ ഞാന്‍ ഭാഗഭാക്കായി. സ്റ്റാന്‍ലി ജോണ്‍സിന്‍റെ സത്താര്‍ ആശ്രമത്തില്‍ വച്ച് നടന്ന ഒരു സംവാദം ശ്രദ്ധേയമായിരുന്നു. പ്രബന്ധങ്ങള്‍ സാധാരണഗതിയില്‍ മര്യാദയുടെ മുഖമുദ്രചൂടി. സാര്‍വ്വത്രികമായ സ്നേഹസാഹോദര്യങ്ങളുടെ മുഖാവരണം എടുത്തു ചൂടിക്കൊണ്ട്, തങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ ശരിയാണെന്ന് ഓരോ മതവും ചൂണ്ടിക്കാട്ടി. എന്നാല്‍ ലഘുഭക്ഷണസമയത്താണ് ഏറ്റവും നല്ല ഏറ്റുമുട്ടലുകള്‍ നടന്നത്. രണ്ട് അവസരങ്ങള്‍ വ്യക്തമായി ഓര്‍ക്കുന്നു.ഹിന്ദുവായ ഒരു യൂണിവേഴ്സിറ്റി പ്രൊഫസറുടെ ചോദ്യമായിരുന്നു ഒന്ന്. അദ്ദേഹം വെട്ടിത്തുറന്ന് ചോദിച്ചു: “താങ്കള്‍ക്ക് ഗണ്യമായ അളവില്‍ സത്യസന്ധതയുണ്ടെന്നു തോന്നുന്നു. ഒരു ചോദ്യം ചോദിക്കട്ടെ: എന്തിനാണ് ക്രിസ്ത്യാനികള്‍ ഹിന്ദുക്കളുമായി സംവാദത്തിന് ഒരുങ്ങുന്നത്? ഹിന്ദുക്കളായ ഞങ്ങളെ മാനസാന്തരപ്പെടുത്തുന്നതില്‍ നിങ്ങളുടെ “തീയും ഇടിയും” പ്രസംഗിച്ചു ഭയപ്പെടുത്തുന്ന പഴയ സുവിശേഷപ്രവര്‍ത്തനരീതി പരാജയപ്പെട്ടതിനാല്‍, ഒരു പുതിയ സമ്പ്രദായമായി നിങ്ങള്‍ സംവാദം ആസൂത്രണം ചെയ്തതല്ലേ? വളഞ്ഞ വഴിയില്‍ക്കൂടി ഞങ്ങളെ മതം മാറ്റിയെടുക്കാനുള്ള ഒരു പുതിയ തന്ത്രം?” സംവാദം സംബന്ധിച്ചു റോമന്‍ കത്തോലിക്കരും, പ്രൊട്ടസ്റ്റന്‍റുകാരും പുറത്തിറക്കുന്ന ഗ്രന്ഥങ്ങളധികവും ക്രിസ്ത്യാനികളുടെ ലക്ഷ്യം സംബന്ധിച്ച് ആ ഹൈന്ദവസുഹൃത്ത് പ്രകടിപ്പിച്ച സംശയം ബലപ്പെടുത്തുന്നതാണെന്നതാണു നിര്‍ഭാഗ്യകരം.അന്ന് ഞാന്‍ ഒരു തീരുമാനം എടുത്തു. മറ്റു മതവിശ്വാസികളുമായി ക്രിസ്തീയ സംവാദത്തിന് രണ്ടു തത്വങ്ങള്‍ സ്വീകരിക്കുമെന്ന്. ഒന്നാമത് പരമാവധി സുതാര്യത. ക്രിസ്ത്യാനികള്‍ക്ക് സംവാദത്തില്‍ ഒളിഞ്ഞിരിക്കുന്ന ലക്ഷ്യം ഉണ്ടായിക്കൂടാ. എല്ലാവരും ക്രിസ്തുവിന്‍റെ സ്നേഹത്തിന് അര്‍ഹരാണ്. ക്രിസ്തു അവര്‍ക്കുവേണ്ടിയും കൂടിയാണ് ജീവാര്‍പ്പണം ചെയ്തത്. മനുഷ്യരാശിക്കുവേണ്ടിയുള്ള ക്രിസ്തീയ സ്നേഹമായിരിക്കണം സംവാദത്തെ നയിക്കുന്ന മുഖ്യപ്രേരകശക്തി. മനുഷ്യരാശിയുടെ ഐക്യം സംബന്ധിച്ച ഉത്കണ്ഠ, ബഹുത്വമെങ്കിലും സൗഹൃദത്തോടെ സഹവസിക്കുന്ന സമൂഹങ്ങള്‍ ഓരോ സ്ഥലത്തും ദേശീയതലത്തിലും ആഗോളതലത്തിലും കെട്ടുപണി ചെയ്യേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയവ ഉപപ്രേരകശക്തികളായി വന്നേക്കാം. പക്ഷേ അപരനെ മാനസാന്തരപ്പെടുത്തുകയെന്ന ലക്ഷ്യം ഒരിക്കലും അവലംബിച്ചുകൂടാ.രണ്ടാമത്തെ തത്വം, മതങ്ങള്‍ തമ്മിലുള്ള സംവാദത്തില്‍ ഒരു മതവും തങ്ങള്‍ മറ്റേതിനേക്കാള്‍ ഉല്‍കൃഷ്ടമെന്ന് അവകാശവാദം ഉന്നയിച്ചുകൂടാ. സംവാദത്തില്‍ എല്ലാ മതങ്ങളും ഒരേ തലത്തിലാണ്. ആദരപൂര്‍വ്വം മറ്റുള്ളവരെ ശ്രദ്ധിക്കുകയും അവരില്‍നിന്ന് പഠിക്കുവാന്‍ ഉദ്യമിക്കുകയും ചെയ്യുക.

നിങ്ങളുടെ വിശ്വാസം മാത്രമാണ് യഥാര്‍ത്ഥമെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കാം. പക്ഷേ ആ പശ്ചാത്തലത്തില്‍ ഔല്‍കൃഷ്ട്യമൊന്നും അവകാശപ്പെട്ടുകൂടാ. എല്ലാവരും ഒരുപോലെ ദൈവത്തിന്‍റെ കൃപയിലും കരുണയിലും ആശ്രയിക്കുന്നവരാണ്; ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും. ചിലര്‍ ആ കൃപയും കരുണയും അംഗീകരിക്കുന്നുണ്ടാവാം. മറ്റു ചിലര്‍ അതിനെ അംഗീകരിക്കാത്തവരാണ്.മനുഷ്യരാശിക്കുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ സ്നേഹത്തെപ്പറ്റി ഒരു ഹൈന്ദവസുഹൃത്തിന്‍റെ മനസ്സിലുണ്ടായ ചിത്രത്തെ ലഘുഭക്ഷണസമയത്ത് അദ്ദേഹം അനാവരണം ചെയ്തു: “ഇതു മനസ്സിലാക്കുവാന്‍ നിങ്ങള്‍ക്കു തൊലിക്കട്ടിയുണ്ടെന്നു തോന്നുന്നു.” ആമുഖം കേട്ടപ്പോഴേ ഞാന്‍ കരുതലോടെയിരുന്നു. “ഹിന്ദുക്കളോടുള്ള ക്രിസ്തീയ സ്നേഹത്തെപ്പറ്റി ക്രിസ്ത്യാനികളായ നിങ്ങള്‍ സംസാരിക്കുമ്പോള്‍ എന്‍റെ ഹൈന്ദവ മനസ്സിലൂടെ കടന്നുപോകുന്ന ചില ചിത്രങ്ങളെപ്പറ്റി ഞാന്‍ പറയട്ടെ. ഭീമാകാരനായ ഒരു എട്ടുകാലിയെയാണ് ഞാന്‍ കാണുന്നത്. അതിന്‍റെ ശരീരത്തിലെ സുഷിരങ്ങളില്‍ നിന്ന് ‘ക്രിസ്തീയ സ്നേഹം’ എന്ന ഒരിനം പശയുള്ള ദ്രാവകം ഊറിക്കൊണ്ടേയിരിക്കുന്നു. അതുപയോഗിച്ച്, പറന്നുനടക്കുന്ന ഹൈന്ദവ ഈച്ചയായ എന്നെ പിടികൂടുന്നതിനു സമര്‍ത്ഥമായ മനോഹരവല നെയ്തെടുക്കുകയാണത്.” ഞാനൊന്നു ഞെട്ടി, പക്ഷേ,പുറത്തു കാണിച്ചില്ല. ആ സുഹൃത്തിന്‍റെ ആരോപണം അടിസ്ഥാനരഹിതമല്ലെന്ന് എനിക്കറിയാം. ധര്‍മ്മത്തിന്‍റെയോ; ആശുപത്രികള്‍, സ്കൂളുകള്‍, അനാഥാലയങ്ങള്‍ തുടങ്ങി പരോപകാരപ്രദമായ സ്ഥാപനങ്ങളുടെയോ രൂപത്തില്‍ പ്രവഹിക്കുന്ന ക്രിസ്തീയ സ്നേഹത്തിന്‍റെ പിന്നില്‍ ‘ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക’, ക്രിസ്തുമതത്തെ ആകര്‍ഷകമാക്കിക്കാണിക്കുക എന്നീ പ്രേരകശക്തികള്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ വിധത്തിലുള്ള ക്രിസ്തീയ സാമൂഹ്യപ്രവര്‍ത്തനവും സുവിശേഷത്തിന്‍റെ പരസ്യമായി പരിഗണിക്കുക അനുചിതമായിരിക്കും. പക്ഷേ അക്രൈസ്തവര്‍ പലപ്പോഴും അങ്ങനെ അവയെ കാണുന്നുവെന്നതു വാസ്തവം.മറ്റു മതവിശ്വാസികളുമായി സംവാദത്തിലേര്‍പ്പെടുന്നതു സംബന്ധിച്ച് ഒരു സബ് യൂണിറ്റ് സഭകളുടെ ലോകകൗണ്‍സില്‍ ആരംഭിച്ചു. ഒരു ഒന്നാംകിട ഭാരതീയ ക്രിസ്ത്യന്‍ നേതാവായ ഡോ. സ്റ്റാന്‍ലി സമര്‍ത്ഥയെ ആ സബ് യൂണിറ്റിന്‍റെ അദ്ധ്യക്ഷനായി നിയമിച്ചു. അദ്ദേഹത്തിന്‍റെ സംഭാവന ഗണ്യമായിരുന്നു.

സാംസ്ക്കാരികമായി സങ്കുചിത വീക്ഷണം പുലര്‍ത്തിപ്പോന്ന യൂറോപ്യന്‍ സഭയില്‍പ്പോലും കുറെ നല്ല മതസംവാദങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞാനും ഈ പ്രവര്‍ത്തനങ്ങളില്‍ മുഖ്യനേതൃത്വം വഹിച്ചിരുന്നു. ന്യായവും സത്യസന്ധവുമായ സംവാദത്തിന് ഏതാനും ചട്ടങ്ങളും പ്രമാണങ്ങളും ഞങ്ങള്‍ ക്രോഡീകരിച്ചു. ഈ സെമിനാറുകളിലും കണ്‍സല്‍റ്റേഷനുകളിലും മറ്റു മതവിശ്വാസികളുമായിച്ചേര്‍ന്ന് അര്‍ത്ഥഭരിതമായി പ്രാര്‍ത്ഥിക്കുന്ന അനുഭവത്തിലേക്കും ഞങ്ങള്‍ കടന്നുചെന്നു. യൂറോപ്പിലെ ക്രിസ്തീയ വൃത്തങ്ങളില്‍ ഒട്ടുവളരെ ഒച്ചപ്പാടിന് ഇതു കാരണമായി. മുസ്ലീങ്ങളുമായി പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്തതിന് എന്‍റെ സുഹൃത്തായ ഒരു ജര്‍മ്മന്‍ പ്രൊഫസര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ജോലി മിക്കവാറും നഷ്ടപ്പെടുന്ന അവസ്ഥവരെയെത്തി. എന്നിരിക്കിലും ഞങ്ങള്‍ ഒച്ചപ്പാടുണ്ടാക്കാതെ അടിവച്ചു നീങ്ങി; 1975-ലെ സഭകളുടെ അഖിലലോക കൗണ്‍സിലിന്‍റെ നൈറോബി അസംബ്ലി വരെ.ക്രിസ്ത്യാനിത്വത്തിന് – പ്രത്യേകിച്ച് യൂറോപ്യന്‍ ക്രിസ്ത്യാനിത്വത്തിന്- പ്രായപൂര്‍ത്തിയായെന്ന ഡീട്രിച്ച് ബോണ്‍ഹോഫറുടെ അവകാശവാദം പരീക്ഷിച്ചുനോക്കാന്‍ സമയമായെന്ന് ഡയലോഗ് വര്‍ക്കിംഗ് ഗ്രൂപ്പംഗങ്ങളായ ഞങ്ങള്‍ക്ക് തോന്നി. നൈറോബി അസംബ്ലിയിലേക്ക് ലോകത്തിലെ വലിയ മതങ്ങളില്‍ നിന്ന് ഏതാനും നിരീക്ഷകരെ ഞങ്ങള്‍ ക്ഷണിച്ചു. അസംബ്ലിയുടെ ഒരു വിഭാഗം മതസംവാദത്തിനായി മാറ്റിവച്ചു. നൈറോബിയില്‍ മുന്‍ഗണന നല്‍കിയ പരിസ്ഥിതി പ്രശ്നത്തോടൊപ്പം സാംസ്ക്കാരിക ബഹുത്വവും മതസംവാദവും അസംബ്ലി അജണ്ടയുടെ പുറകുവശത്തു നിന്ന് കേന്ദ്രഭാഗത്തേക്ക് സംക്രമിപ്പിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. സംവാദം സംബന്ധിച്ച വിഭാഗത്തിന് അദ്ധ്യക്ഷത വഹിക്കാന്‍ എന്നെ നിയോഗിച്ചു.

പ്രസിഡന്‍റ് എന്ന നിലയിലുള്ള എന്‍റെ അദ്ധ്യക്ഷപ്രസംഗം കഴിഞ്ഞയുടന്‍ എന്‍റെ ഒരു സുഹൃത്തായ നോര്‍വീജിയന്‍ ലൂതറന്‍ ബിഷപ്പ് ചോദിച്ചു: “സത്യമറിയാന്‍ ക്രിസ്തേതരുടെ അടുക്കല്‍ പോകുവാന്‍ നിര്‍ബന്ധിതനായ വിധത്തില്‍, യേശുക്രിസ്തുവിന്‍റെ വെളിപ്പാട് ഏതര്‍ത്ഥത്തിലാണ് ചെയര്‍മാന്‍ അപര്യാപ്തമായി കണ്ടത്?” എന്‍റെ വികാരങ്ങള്‍ വ്രണപ്പെട്ടു. പക്ഷേ അദ്ധ്യക്ഷസ്ഥാനത്തിരുന്നതിനാല്‍ രൂക്ഷമായി പരുക്കന്‍ ഭാഷയില്‍ തിരിച്ചടിക്കാന്‍ എനിക്കു നിവൃത്തിയില്ലാഞ്ഞു. ഞാന്‍ ഇത്രമാത്രം പറഞ്ഞു: “എന്‍റെ സുഹൃത്തായ നോര്‍വീജിയന്‍ ബിഷപ്പിനോളം ഭാഗ്യവാനല്ല ചെയര്‍മാനായ ഞാന്‍. യേശുക്രിസ്തുവിന്‍റെ വെളിപ്പാട് അദ്ദേഹം പൂര്‍ണ്ണമായി മനസ്സിലാക്കിയതുപോലെ, മറ്റുള്ളവരില്‍ നിന്നും ഇനിയൊന്നും പഠിക്കാനില്ലെന്ന ഭാവത്തില്‍ അദ്ദേഹം ആത്മസംതൃപ്തിയടഞ്ഞതുപോലെ തോന്നുന്നു”. ഉദ്ദേശിച്ച അര്‍ത്ഥം പിടികിട്ടിയോ എന്തോ? പക്ഷേ യൂറോപ്യന്‍ ക്രിസ്ത്യാനിത്വത്തിന്‍റെ ലജ്ജാകരമായ സങ്കുചിതമനോഭാവം എന്‍റെ ക്രിസ്തേതര സൃഹൃത്തുക്കള്‍ക്കു വ്യക്തമായി മനസ്സിലായി. അവരുടെ മനസ്സിനു ക്ഷതമേറ്റു. പക്ഷേ അവര്‍ പ്രശാന്തരായിരുന്ന് മര്യാദയോടെ വര്‍ത്തിച്ചു. യൂറോപ്യന്‍ സാംസ്ക്കാരിക സങ്കുചിതഭാവത്തിന്‍റെ കനത്ത പാറക്കെട്ടില്‍ തല്ലി ഞങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ന്നു.ഇനിയും ബഹുമത സംവാദങ്ങളില്‍ സഭകളുടെ അഖിലലോക കൗണ്‍സില്‍ ഏര്‍പ്പെട്ടുകൂടെന്ന് അസംബ്ലി തീരുമാനിച്ചു. ക്രിസ്ത്യാനികള്‍ക്കു നിയന്ത്രണം കൈകാര്യം ചെയ്യത്തക്കവിധം രണ്ടു മതങ്ങള്‍ തമ്മി ലുള്ള സംവാദത്തില്‍ ഒതുങ്ങി നില്‍ക്കണം. നൈറോബി അസംബ്ലി എന്നെ മതിമോഹവിമുക്തനാക്കി.

 à´ªà´¾à´¶àµà´šà´¾à´¤àµà´¯ ക്രിസ്ത്യാനികളില്‍ റോമന്‍ കത്തോലിക്കരോ പ്രൊട്ടസ്റ്റണ്ടുകാരോ ക്രിസ്ത്യാനികള്‍ക്കു നിയന്ത്രണമില്ലാത്ത സംവാദങ്ങളില്‍ ഏര്‍പ്പെടാന്‍ തക്ക പക്വത ആര്‍ജ്ജിച്ചിട്ടില്ലെന്ന് ഞാന്‍ മനസിലാക്കി. ഇക്കാര്യത്തില്‍ പൗരസ്ത്യ ക്രിസ്തീയത്വം കൂടുതല്‍ പക്വമാണെന്നോ കൂടുതല്‍ തുറന്ന മനസുള്ളതാണെന്നോ ഞാന്‍ അവകാശപ്പെടുകയല്ല. വാസ്തവം പറഞ്ഞാല്‍ പൗരസ്ത്യ ഓര്‍ത്തഡോക്സിയുടെ വരട്ടു വിജ്ഞാന തത്വസംഹിതയുമായും, മറ്റുള്ളവരെ ഒഴിച്ചു നിര്‍ത്തുന്ന സ്വമതാവലംബന ശാഠ്യവുമായും തട്ടിച്ചുനോക്കുമ്പോഴാണ് നാം പാശ്ചാത്യ ക്രിസ്ത്യാനിത്വത്തെ മെച്ചപ്പെട്ട വെളിച്ചത്തില്‍ കാണുക.അതെന്തായാലും, പാശ്ചാത്യസഭയുടെ – പ്രൊട്ടസ്റ്റന്‍റായാലും റോമന്‍ കത്തോലിക്കരായാലും സെക്ടേറിയനായാലും – നേതൃത്വത്തില്‍ എനിക്കുള്ള ആത്മവിശ്വാസം തകരത്തക്ക പ്രക്രിയ ആരംഭിച്ചു കഴിഞ്ഞു. എന്‍റെ പൗരസ്ത്യ ഓര്‍ത്തഡോക്സി, അനേകം ശക്തികളുമായി വ്യക്തമായ ധാരണയില്ലാതെ മല്ലടിച്ചുകൊണ്ട് അതിന്‍റെ മാനവിക വീക്ഷണം നഷ്ടപ്പെടുത്തി. മദ്ധ്യപൗരസ്ത്യ ദേശത്ത് ഇസ്ലാമുമായും ആക്രമണോത്സുകരായ റോമന്‍ കത്തോലിക്കരുമായും പ്രൊട്ടസ്റ്റന്‍റുകാരുമായും, പലയിടങ്ങളിലും കാണാവുന്ന മതപരിവര്‍ത്തന മിഷനുകളുമായും, മദ്ധ്യയൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലും നിരീശ്വര കമ്മ്യൂണിസവുമായും, രക്തം ഊറ്റിക്കുടിക്കുന്ന നാളികളുമായി ലോകമൊട്ടുക്കു പടര്‍ന്നുകയറുന്ന ലിബറല്‍ സെക്കുലറിസവുമായും പൗരസ്ത്യ ഓര്‍ത്തഡോക്സിക്ക് മല്ലടിക്കേണ്ടിയിരിക്കുന്നു.

സങ്കുചിതത്വത്തില്‍ തൃപ്തിപൂണ്ട്, ക്രിസ്തീയസത്യം സംബന്ധിച്ച സ്വന്തം കുത്തകാവകാശത്തെപ്പറ്റി വന്‍അവകാശവാദങ്ങള്‍ ഉയര്‍ത്തി, അതേസമയം ആധുനിക ലോകവുമായോ സ്വന്തം യുവജനങ്ങളുമായോ അത്മായരുമായോ (അന്യവല്‍ക്കരിക്കപ്പെട്ട ഓര്‍ത്തഡോക്സ് വനിതകള്‍ ഉള്‍പ്പെടെ) ആശയവിനിമയം നടത്താന്‍ കഴിയാതെ നിഷേധാത്മക നിലപാട് വഴി ആത്മരക്ഷയുടെ ഒരു മനഃശാസ്ത്രകവചം അത് വികസിപ്പിച്ചിട്ടുണ്ട്.

സഭാ കൗണ്‍സിലിന്‍റെ ഏഴു പ്രസിഡന്‍റുമാരില്‍ ഒരാളായി എന്നെ 1983-ല്‍ തിരഞ്ഞെടുത്തു. നയരൂപവല്‍ക്കരണത്തില്‍ നിന്നും സജീവമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും അധികാരസ്ഥാനങ്ങളില്‍ നിന്നും എന്നെ പുറത്തുനിറുത്തുന്നതിനുള്ള ഡബ്ലിയു. സി. സി. അധികൃതരുടെ സാഹസിക നീക്കത്തിന്‍റെ ഫലമായിരുന്നു അത്. കൗണ്‍സില്‍ പ്രസിഡന്‍റ് എന്നും അലങ്കാര പ്രധാന വ്യക്തിയാണ്. എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ അംഗമാണ് എന്നല്ലാതെ പ്രസിഡന്‍റിന് ഒരധികാരവും ഇല്ലായിരുന്നു. അപ്രധാനമായ പരസ്യസന്ദര്‍ഭങ്ങളില്‍ പ്രസിഡന്‍റ് കൗണ്‍സിലിനെ പ്രതിനിധാനം ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. എല്ലാ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്ന ഒരു സീനിയര്‍ വ്യക്തിയാണ് പ്രസിഡണ്ട്.വാന്‍കൂവറില്‍ അണിയറയില്‍ അരങ്ങേറിയ അധികാര വിതരണ കസര്‍ത്തുകളെപ്പറ്റി ഞാന്‍ അറിഞ്ഞുകൊണ്ടാണിരുന്നത്. വെസ്റ്റിന്‍ഡീസില്‍ നിന്നുള്ള കറുത്ത വംശജനും ഇംഗ്ലീഷുകാരനുമായ ഫിലിപ്പ് പോട്ടര്‍ ആയിരുന്നു അന്ന് ജനറല്‍ സെക്രട്ടറി. മെരുക്കിയെടുക്കാവുന്ന ഒരു വ്യക്തിയെ മോഡറേറ്ററായി മതിയെന്നാണ് പോട്ടറുടെ പക്ഷം. ആഗോളസഭയെപ്പറ്റി ഒന്നുമറിഞ്ഞുകൂടാത്ത, മോഡറേറ്റര്‍ക്കാവശ്യമായ ദൈവശാസ്ത്ര ജ്ഞാനമില്ലാത്ത ഒരു സ്കോട്ടീഷ് സ്കൂളദ്ധ്യാപകനെ പോട്ടര്‍ മോഡറേറ്റര്‍ സ്ഥാനത്തേക്ക് കണ്ടുപിടിച്ചു. കണ്ണുകളില്‍ ജ്വലിക്കുന്ന ധിക്കാരഭാവത്തോടെ, മോഡറേറ്ററായി താന്‍ കണ്ടുപിടിച്ച വ്യക്തിയെ എന്തെല്ലാം എതിര്‍പ്പുകളുണ്ടായാലും തെരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ പേര് പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോട്ടറുടെ സ്ഥാനാര്‍ത്ഥി മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയില്ലെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. കാണിച്ചുതരാമെന്നായിരുന്നു പോട്ടറുടെ മറുപടി.

 à´’രു കൊല്ലത്തിനകം തന്‍റെ കാലാവധി തീരുമ്പോള്‍ ജര്‍മ്മന്‍കാരനും തന്‍റെ ആത്മമിത്രവും ഉപദേഷ്ഠാവുമായ പ്രൊഫ. കോണ്‍റാഡ് റെയ്സറെ ജനറല്‍ സെക്രട്ടറിയാക്കണമെന്നും പോട്ടര്‍ തീരുമാനിച്ചിരുന്നു.അന്ന് സെന്‍ട്രല്‍ കമ്മറ്റിയുടെ മോഡറേറ്റര്‍ സ്ഥാനത്തിനു ന്യായമായും ആര്‍ഹനായ വ്യക്തി ഞാന്‍ മാത്രമായിരുന്നു. ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ നിന്ന് അന്നുവരെ ആരെയും ജനറല്‍ സെക്രട്ടറിയായോ മോഡറേറ്ററായോ സേവനമനുഷ്ഠിക്കുവാന്‍ അനുവദിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം മാത്രമാണ് മോഡറേറ്ററിനേക്കാള്‍ അധികാരം കയ്യാളുന്ന തസ്തിക.ഡബ്ലിയു. സി. സി. യിലെ അധികാര വടംവലിയില്‍ ഞാന്‍ പ്രവേശിച്ച ദുര്‍ലഭ സന്ദര്‍ഭങ്ങളിലൊന്നാണിത്. പോട്ടറും റെയ്സറും സ്കോട്ടീഷ് സ്കൂളദ്ധ്യാപകനും ഒരുമിച്ച് ചേര്‍ന്ന് ഡബ്ലിയു. സി. സി. യുടെ അധികാരത്തില്‍ വരുന്നത് വിനാശകരമാണെന്ന് എനിയ്ക്ക് ബോധ്യമായിരുന്നു. തങ്ങളെ പൂര്‍ണ്ണമായും പുറംതള്ളിയതായി ഓര്‍ത്തഡോക്സ് സഭകള്‍ക്ക് തോന്നുവാന്‍ അതു കാരണമാകും. ഡബ്ലിയു. സി. സി. യുടെ നിലനില്പ്പിനു തന്നെ ഭീഷണി ഉയര്‍ന്ന ഒരു സമയം. തന്മൂലം ഞാന്‍ പ്രവര്‍ത്തനനിരതനായി. ഫലം സിദ്ധിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം സെന്‍ട്രല്‍ കമ്മറ്റി പുറംതള്ളി. കുഴഞ്ഞുമറിഞ്ഞ പ്രക്രിയയിലൂടെ ജര്‍മ്മന്‍കാരനായ പ്രീസസ് ഹെല്‍ഡിനെ മോഡറേറ്ററായി തെരഞ്ഞെടുത്തു. തല്‍ക്കാലത്തേക്കെങ്കിലും കോണ്‍റാഡ് റെയ്സറുടെ പിന്തുടര്‍ച്ചാ സാധ്യത അതോടെ തകര്‍ന്നു. രസിക്കാത്ത മട്ടില്‍ റെയ്സര്‍ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്നും ഇറങ്ങിപ്പോയി. സെന്‍ട്രല്‍ കമ്മറ്റി നടപടിയുടെ യഥാര്‍ത്ഥ അര്‍ത്ഥം അദ്ദേഹത്തിനു മനസ്സിലായെന്നു സാരം.

1983-ല്‍ ഡബ്ലിയു. സി. സി. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്‍റെ “വിശിഷ്ട ഉപകരണ”മാണെന്നുള്ള വാദത്തില്‍ ഞാന്‍ ആശങ്കാകുലനായി. മിക്ക രാഷ്ട്രങ്ങളിലും കാണുന്ന രീതിയിലുള്ള വൃത്തികെട്ട രാഷ്ട്രീയം ആ ക്രിസ്തീയ പ്രസ്ഥാനത്തില്‍ പ്രകടമാകുന്നതായി എനിക്കു തോന്നി. 1991-ലെ കാന്‍ബറാ അസംബ്ലിവരെ ഞാന്‍ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. പക്ഷേ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ എന്നെ ക്രമാനുഗതമായി മാറ്റിനിര്‍ത്തി. സുപ്രധാന പരസ്യ സന്ദര്‍ഭങ്ങളിലൊന്നും ഡബ്ലിയു. സി. സി. യെ പ്രതിനിധാനം ചെയ്യാന്‍ എന്നെ അനുവദിച്ചില്ല. പ്രസിഡണ്ടായിട്ടല്ല സ്വന്തം നിലയില്‍ എന്തെങ്കിലും ചെയ്യാന്‍ പോകുന്നതായി പറഞ്ഞിട്ടുള്ളപ്പോഴൊക്കെ ഡബ്ലിയു. സി. സി. നേതൃത്വം ഭയന്നു. എന്നെ തടയുന്നതിനോ കടത്തിവെട്ടുന്നതിനോ നടപടി സ്വീകരിച്ചു. ഉദാഹരണത്തിന്, നിക്കരാഗ്വയുടെ വിമോചനത്തിന്‍റെ ആറാം വാര്‍ഷികത്തില്‍ പങ്കെടുക്കുവാന്‍ ഞാന്‍ മനാഗ്വ സന്ദര്‍ശിക്കുമെന്ന് അറിയിച്ചപ്പോള്‍, എനിക്കു തടസ്സം സൃഷ്ടിക്കുവാന്‍ വേറെ രണ്ടു പ്രസിഡന്‍റുമാരെയും മറ്റാളുകളെയും കൂടെ അയക്കാന്‍ അവര്‍ തീരുമാനിച്ചു. സാന്‍ഡിനിസ്റ്റുകള്‍ക്ക് അനുകൂലമായി ഞാന്‍ എന്തെങ്കിലും പറയുമോ എന്നതായിരുന്നു അവരുടെ ആശങ്ക.എന്‍റെ നോട്ടത്തില്‍ ശരിയെന്നു തോന്നിയതു മനാഗ്വയില്‍ ഞാന്‍ ചെയ്തു. അമേരിക്കന്‍ ആക്രമണ ഭീഷണിക്കെതിരായി വിദേശകാര്യമന്ത്രി ഡസ്ക്കോട്ടോ ഉപവസിക്കുന്ന സ്ഥലത്തേക്കാണ് ഞാന്‍ ആദ്യമേ പോയത്. സഹാനുഭൂതി സൂചകമായി ഞാന്‍ അദ്ദേഹത്തോടൊന്നിച്ച് ഒരു ദിവസം ഉപവസിച്ചു. പ്രസിഡണ്ട് ഒര്‍ട്ടേഗയെ ഞാന്‍ സന്ദര്‍ശിച്ചു. സാന്‍ഡിനിസ്റ്റുകള്‍ ഇത്ര വര്‍ഗീയമായതെന്താണെന്നും, മോസ്കിറ്റോകളോട് മോശമായി പെരുമാറിയതെന്താണെന്നും ഞാന്‍ മര്യാദയോടെ ചോദിച്ചു. ഒര്‍ട്ടേഗ പ്രസിഡണ്ടിന്‍റെ കസേരയില്‍ നിന്ന് എഴുന്നേറ്റ് തല നമിച്ചുകൊണ്ട് എന്നോട് പറഞ്ഞു: “സാന്‍ഡിനിസ്റ്റുകള്‍ തെറ്റു ചെയ്തുവെന്ന് ദൈവമുമ്പാകെയും അങ്ങയുടെ മുമ്പാകെയും ഞാന്‍ ഏറ്റുപറയുന്നു. മോസ്കിറ്റോകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഞങ്ങള്‍ കഴിവുള്ളതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്.”മദ്ധ്യ അമേരിക്കയിലെ മര്‍ദ്ദനത്തെ അപലപിച്ച ലാറ്റിന്‍ അമേരിക്കന്‍ ക്രിസ്ത്യാനികള്‍, ഭൂഖണ്ഡത്തിലെ ആദിവാസികളോട് അവര്‍ അനുവര്‍ത്തിച്ച ക്രൂരതകളെപ്പറ്റി ബോധവാന്മാരല്ലെന്നത് എന്നെ ദുഃഖാകുലനാക്കി. വിമോചന ദൈവശാസ്ത്രജ്ഞന്മാരെന്ന് അറിയപ്പെടുന്നവര്‍ പോലും, അവര്‍ ആട്ടിപ്പായിക്കുകയും സംസ്ക്കാരവിരുദ്ധരാക്കുകയും ചെയ്ത തദ്ദേശീയരെ മനസ്സിലാക്കാനോ സഹാനുഭൂതി പ്രദര്‍ശിപ്പിക്കാനോ തയ്യാറായിട്ടില്ല.എല്‍സാല്‍വഡോര്‍, ഡൊമിനിക്കല്‍ റിപ്പബ്ലിക്ക് തുടങ്ങിയ മറ്റു മദ്ധ്യഅമേരിക്കന്‍ രാജ്യങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. കരുത്തരായ അമേരിക്കനനുകൂല ഫാസിസ്റ്റു ശക്തികള്‍ പീഡിപ്പിക്കുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്ത ജനങ്ങളെ ഞാന്‍ കണ്ടു. എന്‍റെ സന്ദര്‍ശനത്തിന്‍റെ ഒരു യഥാര്‍ത്ഥ റിപ്പോര്‍ട്ട് 1985 ജൂലൈ 28 മുതല്‍ ആഗസ്റ്റ് 8 വരെ അര്‍ജന്‍റീനയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മറ്റിക്ക് ഞാന്‍ സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ടിലെ ഗണ്യമായ വൈകാരികാംശത്തിന്‍റെ സ്വാധീനം മൂലം, ചര്‍ച്ച കൂടാതെതന്നെ മദ്ധ്യഅമേരിക്ക സംബന്ധിച്ച പ്രമേയം കമ്മറ്റി അംഗീകരിച്ചു.

(My own vision of the Ultimate: Why am I an Eastern Orthodox Christian? എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍. വിവര്‍ത്തനം: എം. കുര്യന്‍.)

Related News