Loading ...

Home meditation

ഒരപൂര്‍വ്വ സംഗമം

ദാസ് നിഖില്‍

അതിപ്രാചീനമായ ഒരു ചൈനീസ് ദാര്‍ശനിക പ്രസ്ഥാനവും മതവുമാണ്‌ താവോയിസം. താവോ എന്ന വാക്കിന്റെ അര്‍ത്ഥം മാര്‍ഗം എന്നാണ്‌. മതപരിവേഷം ഉണ്ടാകും മുന്‍പ് താവോയിസം ചൈനയിലാകമാനം പ്രചാരം നേടിയ ഒരു ജീവിതവീക്ഷണമായിരുന്നു.പ്രകൃതിയുടെ മാര്‍ഗ്ഗം, സ്വാഭാവികതയുടെ മാര്‍ഗ്ഗം എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന താവോയിസം വിവേകപൂര്‍വം ജീക്കുവാന്‍ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പ്രപഞ്ചത്തിന്റെ പ്രവാഹം എന്നര്‍ഥം വരുന്ന താവോ (Tao), നന്മ നിറഞ്ഞ ചലനാത്മകമായ ജീവിതം അഥവാ ദെ ( De), പ്രവര്‍ത്തനോന്മുഖത എന്ന വു വിയ് (Wu wei), ലാളിത്യത്തെക്കുറിയ്ക്കുന്ന പു (Pu) എന്നിവയാണ്‌ താവോയിസത്തിലെ വിശ്വാസപ്രമാണങ്ങള്‍.
താവോയിസം സ്ഥാപിച്ച ലാവോ ത്സു എന്ന ആചാര്യനെ സന്ദര്‍ശിക്കാന്‍ ഒരിക്കല്‍ മഹാ പണ്ഡിതനായ, കണ്‍ഫ്യൂഷനിസം സ്ഥാപിച്ച കണ്‍ഫ്യൂഷസ് വരികയുണ്ടായി.
ഫോര്‍മാലിറ്റി, അഥവാ ഔപചാരികതയുടെ മൂര്‍ത്തിമദ് ഭാവമായിരുന്നു കണ്‍ഫ്യൂഷസ്.വളരെ വലിയൊരു ഉപചാര തല്പരന്‍.മാന്യത,മര്യാദ ഔപചാരികത എന്നിവയ്ക്ക് അദ്ദേഹത്തേക്കാള്‍ വിലകല്പിച്ചിരുന്ന ഒരാള്‍ ജീവിച്ചിരുന്നോ എന്ന് എനിക്ക് സംശയമാണ്.നിര്‍ഭാഗ്യവശാല്‍,ലാവോ ത്സു ഇതിലൊന്നും വലിയ വിശ്വാസം പുലര്‍ത്തിയിരുന്ന ആളല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ആചാരമര്യാദകളുടെ രണ്ടു ധ്രുവങ്ങളിലുള്ള രണ്ടു പേര്‍ കണ്ട്മുട്ടുന്നത്.

ലാവോ ത്സു മധ്യവയസ്കനായ ഒരാളായിരുന്നു.കണ്‍ഫ്യൂഷസാകട്ടെ പടുവൃദ്ധനായ ഒരു വ്യക്തിയും. ആചാരമര്യാദകളനുസരിച്ച്‌ കണ്‍ഫ്യൂഷസിനെ കാണുമ്ബോള്‍ ലാവോത്സു എണീറ്റു നിന്ന് ഉപചാരപൂര്‍വ്വം ബഹുമാനിക്കണം. പക്ഷേ,അദ്ദേഹം ഇരുന്നിടത്ത് നിന്നും അനങ്ങിയില്ല.കണ്‍ഫ്യൂഷസ് ക്ഷുഭിതനായെങ്കിലും സ്വയം നിയന്ത്രിക്കാന്‍ കഴിവുള്ള അദ്ദേഹം അതടക്കി. ലോകപ്രശസ്തനായ താവോയിസ സ്ഥാപകനായ ഒരാള്‍, ഒരു ഗുരു, ഇത്രത്തോളം മര്യാദ കെട്ടവനാണെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ പ്രയാസം തോന്നിയതിനാല്‍ കണ്‍ഫ്യൂഷസ് അത്‌ ചോദിക്ക തന്നെ ചെയ്തു.

'ഇത് ശരിയായില്ല ലാവോത്സു..എനിക്ക് താങ്കളേക്കാള്‍ പ്രായമുണ്ട്! '

അപ്പോള്‍, ഒരു കുട്ടിയെപ്പോലെ ചിരിച്ചു കൊണ്ട് ലാവോത്സു പറഞ്ഞു.

'ആരും എന്നെക്കാള്‍ പ്രായം ചെന്നവരല്ല.എല്ലാം ഉണ്ടാകുമ്ബോള്‍ ഞാന്‍ ഉണ്ടായിരുന്നു. ആദിയറിയാത്ത ഈ കാലം മനനം ചെയ്തു തുടങ്ങുമ്ബോള്‍ പ്രകാശത്തിന്റെ പ്രഥമകിരണങ്ങള്‍ നമ്മളില്‍ ഒരുമിച്ചു പതിച്ചത് താങ്കള്‍ക്ക് ഓര്‍മ്മയില്ലെന്നുണ്ടോ?.തുടക്കം മുതല്‍ നിലനില്കുന്നവരായിരുന്നില്ലേ നമ്മള്‍?

കണ്‍ഫ്യൂഷസ്..നമ്മള്‍ക്കൊരേ പ്രായമാണ്! അതുകൊണ്ട് പ്രായത്തിന്റെ ഭാരം ചുമക്കെണ്ടതില്ല.

താങ്കള്‍ ഇരിക്കൂ..! '

അമ്ബരന്ന് പോയെങ്കിലും ആ സന്യാസിവര്യന്‍ ഇരുന്നു.

ആഹാരശേഷം കണ്‍ഫ്യൂഷസ് ചില ചോദ്യങ്ങള്‍ ചോദിച്ചു.

'ലാവോത്സു.. മതാത്മകനായ ഒരു വ്യക്തി എങ്ങനെയാണു പെരുമാറേണ്ടത് ? '

ലാവോത്സു മറുപടി പറഞ്ഞു തുടങ്ങി..

'എങ്ങനെ എന്ന് ചോദിക്കരുത്.ആ ചോദ്യം തന്നെ തെറ്റാണ്.മതം എന്ന് വരുമ്ബോള്‍ അവിടെയാ ചോദ്യം ഉദിക്കുന്നില്ല.എങ്ങനെയെന്നു ചോദിക്കുമ്ബോള്‍ നിങ്ങള്‍ മതാത്മകനെ പോലെ നടിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് അതിനര്‍ത്ഥം.
പ്രണയത്തിലായ ഒരാളെ നോക്കൂ..അയാള്‍ പ്രണയിക്കുന്നുണ്ടെങ്കിലും അയാള്‍ക്ക് അതറിയാന്‍ പറ്റിയെന്ന് വരില്ല.യഥാര്‍ത്ഥത്തില്‍,വളരെക്കാലം കഴിഞ്ഞു മാത്രമേ അയാളത് അറിയൂ.ചിലപ്പോളയാള്‍ പ്രണയം തീരുകയോ,നഷ്ടപ്പെടുകയോ ചെയ്തതിനു ശേഷം മാത്രമേ താന്‍ പ്രണയിക്കുകയായിരുന്നു എന്നു മനസിലാക്കുകയുള്ളൂ.അത്‌ വരെ അയാള്‍ എന്ത്,എങ്ങനെ എന്നൊന്നും ചിന്തിയ്ക്കുന്നില്ല.

അയാള്‍ പ്രണയിക്കുന്നു…അത്ര മാത്രം ! '

ഇത് പോലെ,കണ്‍ഫ്യൂഷസിന്റെ ജീവിതകാലം മുഴുവനുള്ള ചിന്തകളെ അമ്ബേ തകിടം മറിയ്ക്കുന്നതായിരുന്നു ലാവോത്സുവിന്റെ എല്ലാ ഉത്തരങ്ങളും.

ഈ മനുഷ്യന്‍ വളരെ അപകടകാരിയാണെന്ന് മനസിലാക്കിയ കണ്‍ഫ്യൂഷസ് തിരിച്ചു പോയി.

മനസമാധാനം നഷ്ടപ്പെട്ടവനായി മടങ്ങിയെത്തിയ കണ്‍ഫ്യൂഷസിനോട് ശിഷ്യന്മാര്‍ ലാവോത്സുവിനെ പറ്റി തിരക്കി.

'എന്തുണ്ടായി ഗുരോ ? എന്ത് തരം മനുഷ്യനാണീ ലാ ..? '

കണ്‍ഫ്യൂഷസ് പറഞ്ഞു

'നിങ്ങള്‍ അയാളുടെ അടുത്ത് ഒരിക്കലും പോകരുത്.അപകടകാരികളായ വിഷസര്‍പ്പങ്ങള്‍ക്ക് മുന്നില്‍ നിങ്ങളകപ്പെട്ടിട്ടുണ്ടാവും.അവയ്ക്കൊന്നും ഇത്ര ഉഗ്രതയുണ്ടാവില്ല, നരഭോജികളായ സിംഹങ്ങള്‍ക്കും വ്യാഘ്രങ്ങള്‍ക്കും ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ അയാള്‍ക്ക്‌ നിങ്ങളോട് ചെയ്യാന്‍ കഴിയും,അവയൊന്നും ഇയാള്‍ക്ക് മുന്നില്‍ ഒന്നുമല്ല! ലാവോത്സു ഭൂമിയുടെ അറ്റത്തോളം നടക്കുകയും, സമുദ്രത്തിന്റെ അടിത്തട്ടു വരെ നീന്തുകയും അനന്തവിഹായസ്സിലൂടെ പറക്കുകയും ചെയ്യുന്നൊരു വ്യാളിയാണ്.നിഷ്കളങ്കനായ കൊച്ചു കുഞ്ഞിനെപ്പോലെ ചിരിക്കുന്ന അത്യന്തം അപകടകാരി.നമ്മെപ്പോലുള്ള ചെറിയ ആള്‍ക്കാര്‍ക്ക് ഇയാള്‍ ചേരില്ല.അയാള്‍ വലുതാണ്. പ്രതിധ്വനി പോലും തട്ടി തിരിച്ചുവരാത്ത ഒരു ഗര്‍ത്തത്തോളം വലുത്.അടുത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് തലചുറ്റും,ആ ഗര്‍ത്തത്തിലേക്ക് വീഴുകയും ചെയ്യും.എനിയ്ക്ക് പോലും തലചുറ്റല്‍ അനുഭവപ്പെട്ടു.അയാള്‍ പറഞ്ഞതൊന്നും എനിയ്ക്ക് മനസിലായതുമില്ല.

അയാള്‍ എന്താണെന്ന് എനിയ്ക്ക് മനസിലായില്ലെങ്കിലും ഒന്ന് ഞാന്‍ പറയുന്നു.'

'അയാള്‍ നമ്മുടെ അറിവിനൊക്കെ അപ്പുറമാണ്! '

Related News