Loading ...

Home meditation

യേശുവിനൊപ്പം ഒരു യാത്രികന്റെ വെളിപാടുകള്‍

ജിഫിന്‍ ജോര്‍ജ്”യാത്രകളുടെ ഉത്സവമാണ് ക്രിസ്മസ്. ഒരുനാള്‍ സ്വര്‍ഗം ഭൂമിയിലേയ്ക്ക് യാത്ര പുറപ്പെട്ടു. ഗബ്രിയേല്‍ മാലാഖ മറിയത്തിന്റെ നസറേത്ത് വീട്ടിലെത്തി. ജോസഫും മറിയവും നസറേത്തില്‍ നിന്നു ബെത്‌ലഹേമിലേയ്ക്ക് യാത്ര. തോളുകളില്‍ ആടുകളുമായി കുന്നിന്‍ചെരുവിലൂടെ ആട്ടിടയന്മാരുടെ യാത്ര. കിഴക്കു നിന്ന് ജ്ഞാനികള്‍ നക്ഷത്രം പിന്തുടര്‍ന്ന് ബെത്‌ലഹേമിലേയ്ക്ക് അനേകദൂരങ്ങള്‍ യാത്ര.”യേശുവിന്റെ ജന്മഗേഹമായ തിരുപ്പിറവിയുടെ ബസലിക്കയില്‍ നിന്നും വിജി തമ്പി വിവരിക്കുമ്പോള്‍ ചരിത്രാവബോധവും ദൃശ്യവൈകാരികാനുഭൂതികളും കണ്ടെത്തലിന്റെ വിസ്മയവും കാവ്യാത്മകമായ ഭാഷയും, ഒത്തുചേരുന്ന വായനാനുഭൂതി, അന്യമായൊരു ആത്മീയാനുഭൂതിയായി സഹൃദയനോട് സംവദിക്കുകയാണ്. വിജി തമ്പിയെന്ന പേര് മലയാളിയുടെ സാംസ്‌കാരികലോകത്ത് പലയിടങ്ങളില്‍ നിന്നു പല കാലത്തായി കേള്‍ക്കുന്ന, കേട്ടുകൊണ്ടിരിക്കുന്ന സുപരിചിതമായ പേരാണ്. തച്ചനറിയാത്ത മരം”, ‘ഹവ്വ മുലപ്പാല്‍ കുടിക്കുന്നു’, ‘നഗ്നന്‍’ എന്നീ കവിതാസമാഹാരങ്ങളിലൂടെ ആധുനികതയില്‍ വേറിട്ട കാവ്യഭാഷ നല്‍കിയ മലയാളത്തിന്റെ പ്രിയകവി. ‘രസന’, ‘കനല്‍’ തുടങ്ങി എഴുത്തു മാസികയുടെ പത്രാധിപരായി വരെ തുടരുന്ന സമാന്തരസാഹിത്യ പത്രപ്രവര്‍ത്തന രംഗത്തെ യാത്രകള്‍. കേരളവര്‍മ കോളജില്‍ മലയാളവിഭാഗം മേധാവിയായിരിക്കെ വൈഖരി അടക്കമുള്ള സാഹിത്യ ക്യാമ്പുകളുടെയും സ്റ്റുഡന്റ് റ്റൈഴ്‌സ് ഫോറത്തിന്റെയും മുഖ്യ സംഘാടകന്‍. സാംസ്‌കാരികരംഗത്ത് ശ്രദ്ധേയനായി നില്‍ക്കുന്നൊരു കാലത്താണ് വിജി തമ്പിയൊരു ദേശാടനമാരംഭിച്ചത്. യൂറോപ്പും യേശുവും ആ യാത്രയുടെ ഭാഗമായത്. ആദ്യ യാത്രാവിവരണമായ ‘യൂറോപ്പ് ആത്മചിഹ്നങ്ങള്‍’ക്കു കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ഈ വര്‍ഷം ലഭിക്കുകയും ചെയ്തു.
”പുറത്തു നടക്കുന്നതായ കേവലമൊരു സഞ്ചാരമല്ല യാത്രാവിവരണം അത് അകത്തു നടക്കുന്നതാണ്. മലയാളത്തിലെ ഏറ്റവും വലിയ യാത്രാവിവരണം തന്റെയുള്ളിലെ കാവ്യദേവതയെ അനേ്വഷിച്ചു യാത്രയായ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ കവിയുടെ കാല്‍പ്പാടുകളാണ്. തന്റെ അകത്തുള്ള കാവ്യദേവതയെയാണ് പി പുറത്തന്വേഷിക്കുന്നത്. ക്രിസ്തുവിനെ ഞാനറിയുന്നതും മൂന്ന് വിധത്തിലാണ്. പ്രാര്‍ഥനയിലൂടെ, വായനയിലൂടെയും പഠനത്തിലൂടെയും മൂന്ന് ക്രിസ്തു സഞ്ചരിച്ച വഴികളിലൂടെയുമാണ് അത്. പുതിയൊരു അനുഭവം നല്‍കുന്ന ജീവിതത്തിന്റെ പുനര്‍വായനയാണ് യാത്ര.” യാത്രയെന്ന കേവലസങ്കല്‍പത്തെ പൊളിച്ചെഴുതുകയാണ്, ആത്മീയതയെ കാവ്യാത്മകമായ ഭാഷകൊണ്ടും പുനര്‍വിചിന്തനംകൊണ്ടും ദേശഭൂപടങ്ങളെ അതീന്ദ്രിയമായ അനുഭൂതിയാക്കി യാത്രകളെ വിജി തമ്പി പകര്‍ത്തിയെഴുതുന്നുണ്ട്. ”സഞ്ചാരികളുടെ ദൈവമാണ് യേശു. ഇതില്‍ ചരിത്രമല്ല, യുക്തിയില്ല, യുക്തിവിചാരമില്ല, ഭൂപ്രകൃതിയുടെ ഭൗതികകാഴ്ചകളും കുറവാണ്. അകത്തേക്കും പുറത്തേക്കും തുറന്നടയുന്ന അമ്പരപ്പിക്കുന്ന സഞ്ചാരപഥങ്ങളായിരുന്നു യേശുവിന്റേതെന്നു യാത്രികന്‍ വിലയിരുത്തുന്നു. യേശുവിലെത്ര യേശുമാരുണ്ടെന്നു ചോദിച്ചുകൊണ്ട്, നിന്ദിതനും, പീഡിതനുമായി, സുഹൃത്തായി, കാമുകനായി, തച്ചനായി, ജ്ഞാനിയായി, മുക്കുവനായി പ്രത്യക്ഷപ്പെട്ട യേശു കലാപത്തിന്റേയും വിലാപത്തിന്റേയും മനുഷ്യനായി എന്നു ഹൃദയസാക്ഷ്യപ്പെടുത്തുന്നു. പ്രപഞ്ചം ആറ്റം കൊണ്ടല്ല കഥകള്‍കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന കാഫ്കയുടെ വാക്കുകള്‍ പോലെ യേശുവിന്റെ വഴികളിലൂടെ നടത്തുന്ന ഭൗതിക സന്ദര്‍ശനമല്ല തമ്പിയുടെ യാത്രകള്‍.
ഗസ്തമെന്‍ തോട്ടത്തിലെത്തിയ അനുഭവം വിവരിക്കുമ്പോള്‍ മനസു പിടയുന്നതായി എഴുത്തുകാരന്‍ പറയുന്നുണ്ട്.” സത്യത്തെ നിശിതമായി പിന്തുടര്‍ന്നപ്പോള്‍ ഒറ്റപ്പെട്ടുപോയ യേശുവിന്റെ ഏകാന്തതയെപ്പറ്റിയും ഉള്ളലിവുകളും ധ്യാനവും അഗാധമാക്കിയ ഒരു രാത്രിയുടെ രക്തസനാതനമായ ഓര്‍മയാണ് ഗസ്തമെന്‍ തോട്ടം. യേശു മരണവിധിക്ക് തലേന്ന് പ്രാര്‍ഥിക്കുകയും രക്തം വിയര്‍ക്കുകയും ചെയ്ത ഉദ്യാനമാണിത്. യേശു അനുഭവിച്ച ഏകാന്തതയെ വായനക്കാരന്റെ കൂടി അനുഭവമാക്കുന്ന വരികള്‍ വായനാശേഷവും പിന്തുടരുന്നു.”
”ജറുസലേമിലെ ഹേറോദേസിന്റെ ദേവാലയത്തെ ആ പുല്‍ക്കൂട് പിടിച്ചുലച്ചു. കണക്കുകൂട്ടി കാലവും ദേശവും ഗണിച്ചെടുത്ത ജ്ഞാനികള്‍ക്ക് ദിക്കു തെറ്റി. അവര്‍ കൊട്ടാരത്തിലേക്കാണ് എത്തിച്ചേര്‍ന്നത്. ബുദ്ധികൊണ്ടുമാത്രം ഗണിക്കാന്‍ കഴിയുന്ന ജ്ഞാനികള്‍ക്ക് എത്തിച്ചേരാനാകുന്നത് കൊട്ടാരങ്ങളില്‍ മാത്രം. പുല്‍ക്കൂട്ടിലെത്താന്‍ ആട്ടിടയന്മാരുടെ നിര്‍മലഹൃദയം വേണം. അതൊരു അളവുകോലെന്നു സൂചിപ്പിക്കുമ്പോള്‍ രൂപപ്പെടുന്ന ബോധം യാത്രയെ കേവലാനുഭൂതിക്ക് അപ്പുറത്തേയ്ക്ക് ചലിപ്പിക്കുന്നുണ്ട്.
യാത്രയില്‍ അദൃശ്യമായി നീങ്ങുന്ന മറ്റൊന്ന് കുമ്രാന്‍ ചുരുളുകളെപ്പറ്റിയും നയിം പട്ടണത്തെക്കുറിച്ചും നല്‍കുന്ന വിവരണങ്ങളാണ്. യേശുവിന്റെ കാലത്ത് ധ്യാനികളായ യഹൂദസന്യാസിമാര്‍ കുമ്രാന്‍കുന്നിലെ ഗുഹയ്ക്കുള്ളിലിരുന്ന് ഏകാന്തമായ പ്രാര്‍ഥനകള്‍ക്കും ആത്മീയാനേ്വഷണങ്ങള്‍ക്കുമായി ആശ്രമങ്ങള്‍ തീര്‍ത്തു. യൗവനാരംഭത്തില്‍ യേശുവും അവിടെ പഠിക്കാനെത്തിച്ചേര്‍ന്നിട്ടുണ്ടാകാം എന്നു കരുതുന്നിടം. യേശുവിന്റെ പുരുഷശിഷ്യന്മാരേക്കാള്‍ ധീരതയും ഭാവനയുമുള്ള സ്ത്രീയായിരുന്നു മഗ്ദലനമറിയം. അവരുടെ ഗ്രാമമായ നയിമിലൊരു മഗ്ദലനമറിയം പള്ളിയുണ്ട്. മഗ്ദലനമറിയം യേശുവിനെക്കുറിച്ചൊരു സുവിശേഷമെഴുതിയിട്ടുണ്ട്. ആ ദേവാലയം മഗ്ദലനയുടെ ജീവിതത്തെ പ്രതിഫലിപ്പിക്കും വിധം സൗന്ദര്യമുള്ളതായി സാക്ഷ്യപ്പെടുത്തുന്നു.
വേദന കണ്ട കര്‍ഷകനായ ക്രിസ്തുവിനെയും അവനു കലപ്പയായി കുരിശിനെയും കാവ്യാത്മകമായി കുറിക്കുമ്പോള്‍ ഭൂമിയിലെ മുഴുവന്‍ ഏകാകികളുടേയും ചിഹ്നമായി കുരിശിനേയും തോല്‍വികളുടെ തോഴനായി ക്രിസ്തുവിനെയും യാത്രാവിവരണത്തില്‍ കാണാം. ഒരാള്‍ ദൈവത്തെയറിയുന്നത് അയാളുടെ കാലുകളിലൂടെയാണെന്ന് തമ്പിയുടെ ഭാഷയ്ക്ക് വെളിപാടിന്റെ സ്വരമുണ്ട്. വെളിപാട് നാനാവിധത്തിലുള്ള അനുഭവത്തിന്റെ, ചിന്തകളുടെ, പ്രണയത്തിന്റെ യാത്രകളിലൂടെ സ്പര്‍ശിച്ചറിയുന്നതായ ദൈവമെന്ന അനിര്‍വചനീയമായ സത്യത്തിന്റെ ആത്മാവ് വായനക്കാരനില്‍ ബാക്കിയാകുന്നു. ”ഭൂമിയുടെ അപ്പമാണ് യേശു. വിശപ്പിനെ പരിഹരിക്കുന്നവനായിട്ടാണ് യേശു ലോകത്തില്‍ വന്നത്. ഊട്ടുസമ്മേളനത്തിലൂടെ പങ്കുവയ്ക്കലിന്റെ സംസ്‌കാരമുണ്ട്. സ്പര്‍ശനവേദ്യമല്ലാത്ത അനുഭവമാണ് വെളിപാട്. യുക്തിയതിലില്ല. കാഴ്ചകള്‍ക്കു പുതിയ അര്‍ഥങ്ങള്‍ വെളിപാടുകള്‍ ആയി കിട്ടുന്നു. അതിനാല്‍ യാത്രയില്‍ ജനനവും മരണവും ഉയിര്‍പ്പുമുണ്ട്.” യേശുവിലൂടെ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണത്തെയും വെളിപാടിനെയും യാത്രയെയും അതീന്ദ്രിയമായ അനുഭൂതിയായി മാറ്റുന്നുണ്ട്.
ക്രൂശുമരണാനന്തരം രണ്ടായിരം വര്‍ഷം പിന്നിട്ട ക്രിസ്തു അനുഭവത്തിന്റെ ബഹുസ്വരമായ കാഴ്ചകളുടെ വന്‍കരയാണ് യൂറോപ്പ്. ക്രിസ്തു അനുഭവത്തിലൂടെയും അവനിലൂടെ ഉടലെടുത്ത ദൈവാധികാര രാഷ്ട്രീയത്തിന്റെയും കലയുടെയും തത്വചിന്തകളുടെയുമെല്ലാം മഴവില്‍ ലോകത്തെ വിടര്‍ത്തി വച്ചിട്ടുണ്ട്. ‘യൂറോപ്പ്: ആത്മചിഹ്നങ്ങ’ളെന്ന അക്കാഡമി അവാര്‍ഡിനര്‍ഹമായ ഗ്രന്ഥം.
ഭക്തിസാന്ദ്രമായ അസീസിയിലെ വിശുദ്ധ ഫ്രാന്‍സീസും, വത്തിക്കാനും, മിലാനും, ലൂര്‍ദും, ജപമാലനഗരമായ അവിഞ്ഞോണും കലയുടെ രഹസ്യങ്ങള്‍ തുറന്നു ഡാവിഞ്ചിയും, മോണോലിസയും, പാരീസും, മാര്‍ബിളിലെ ദൈവദൂതന്മാരും നമ്മെ സ്പര്‍ശിച്ചുപോകുന്ന അനുഭവമുണ്ട്.
യാത്രാവിവരണത്തെ വ്യത്യസ്തമാക്കുന്നത് വിജി തമ്പി നടത്തുന്ന ഇടപെടലുകളാണ്. അത് സ്ഥൂലമെന്നു മാത്രം പറയാവുന്ന ഒരു സഞ്ചാരത്തെ എഴുത്തിന്റെ സൂക്ഷ്മശരീരത്തിലേയ്ക്ക് സന്നിവേശിപ്പിക്കുന്ന കാവ്യാത്മകമായ നിരീക്ഷണവും അവതരണവുമാണ്. മിലാന്‍ കത്തീഡ്രലില്‍ ചെന്ന യാത്രകളും കത്ത്രീഡല്‍ സന്ദര്‍ശിച്ച അനുഭവത്തെക്കുറിച്ച് വേള്‍ഡ്‌സ്‌വെര്‍ത്തും, കീറ്റ്‌സും, ഹെമിങ്‌വേയും മുതല്‍ ഡി എച്ച് ലോറന്‍സ് വരെ ചാപ്പലിന്റെ മഹാരാധകരായി എഴുതിയ കുറിപ്പുകള്‍ കണ്ടു. അതില്‍് ഓസ്‌കാര്‍ വൈല്‍ഡിന്റെ കുറിപ്പ് നിഷേധാത്മകമായിരുന്നു. ഭീമാകാരമായ ആകൃതിയും സൗന്ദര്യത്തിന്റെ ധൂര്‍ത്തുമാണ് കത്തീഡ്രല്‍. ആര്‍ക്കും പൂര്‍ണതയില്‍ കാണാനാവാത്ത കത്തീഡ്രല്‍ അഴകല്ല അമ്പരപ്പാണ് നല്‍കുന്നതെന്ന് പച്ചയായി എഴുതിയ കവിയായിരുന്നു ഓസ്‌കാര്‍ വൈല്‍ഡെന്ന സത്യം വായനക്കാരനില്‍ തിരിച്ചറിവുകള്‍ സൃഷ്ടിക്കുന്നു.
സൂക്ഷ്മമായ ഒരു അംശത്തിലൂടെ കേവലം ഉപരിപ്ലവമായ വായനയില്‍ നിന്നു ഒന്നിനെ നാനാമേഖലയിലൂടെ തിരിച്ചുവിട്ടു ചരിത്രവും സാഹിത്യവും നിലപാടുകളും ചേര്‍ന്ന ബോധമണ്ഡലത്തില്‍ നടത്തുന്ന ധിഷണാപ്രയോഗം മറക്കാനാവാത്തൊരു വായന നല്‍കുന്നു. സ്ഥൂലമായ വായനയ്ക്കായി പരത്തിയെഴുതിപ്പറയുന്ന രീതിയല്ല വിജിതമ്പിയുടേത്. തനിക്ക് അനുഭവവേദ്യമായ ലോകത്തെ വായനക്കാരനിലേയ്ക്ക് സൂക്ഷ്മമായ നിരീക്ഷണബോധത്തോടെ ശക്തമായ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യുകയാണ് കവി കൂടിയായ യാത്രികന്‍.
”ഒരേസമയം ആത്മീയതീര്‍ഥാടനവും സാംസ്‌കാരിക സഞ്ചാരവുമാണ് വിജിതമ്പിയുടെ യാത്രാവിവരണം. മനുഷ്യനിലുള്ള വിശ്വാസവും ഭൂമിയോടുള്ള സ്‌നേഹവും നമുക്ക് തിരിച്ചു നല്‍കുന്നു എന്നതാണ് എഴുത്തിനെ മഹത്തായൊരു മാനുഷികരേഖയാക്കുന്നതെന്ന് കവി സച്ചിദാനന്ദന്‍ രേഖപ്പെടുത്തുന്നു. ”മലയാളത്തില്‍ ഇത്തരം യാത്രാനുഭവങ്ങള്‍ വിരളമാണ്. ഒരു പക്ഷേ വിവശമായ ഈ കാലഘട്ടത്തില്‍ സഞ്ചാരാനുഭവത്തിന്റെ ആധ്യാത്മികത ഒരു ആവശ്യം കൂടിയാണെന്ന് തമ്പിയുടെ ഗ്രന്ഥത്തെ ആധാരമാക്കി നിരൂപകനായ ആഷാമേനോന്‍ നിരീക്ഷിക്കുന്നു. ക്രിസ്തുവായനത്തിനുശേഷവും വിജി തമ്പി യാത്ര തുടരുകയാണ്. ”യാത്ര ചെയ്യാന്‍ എനിക്ക് മൂന്നു പ്രലോഭനങ്ങളുണ്ട്. ഒന്ന് ഇന്ത്യക്കാരനായതിനാല്‍ ഹിമാലയത്തിലേയ്ക്ക്. ക്രൈസ്തവനെന്ന നിലയില്‍ ക്രിസ്തുവിനെ തേടി യൂറോപ്പിലേക്ക്, ഇസ്രയേലിലേക്ക്. മൂന്നാമതായി ഞാന്‍ സ്വയം കണ്ടെത്തിയ ബുദ്ധനെ തേടി ശ്രീലങ്കയിലേക്ക്. ആന്തരികമായ അനുരഞ്ജനമാണ് ഓരോ യാത്രകളും.” ഇനിയും തുടരാനുള്ള യാത്രയുടെ ഭൂഖണ്ഡങ്ങള്‍, നടക്കാനുള്ള വഴികള്‍ വിജി തമ്പിയുടെ വാക്കുകളില്‍ ബാക്കിയുണ്ട്.
ക്രിസ്തു മറിയത്തിന്റെ വയറ്റില്‍ കിടക്കുന്ന കാലം യാത്രയിലായിരുന്നു. യാത്രകള്‍ ചെയ്താണ് പരസ്യജീവിതകാലത്ത് സുവിശേഷം പ്രഘോഷിച്ചത്. മരണത്തില്‍ നിന്ന് ഉയര്‍ത്തെണീറ്റ ശേഷവും എമ്മാവൂസിലെയ്ക്ക് പോയ ശിഷ്യന്മാര്‍ക്കൊപ്പവും യാത്ര തുടര്‍ന്നു. യാത്ര ചെയ്യാത്തവന് ശ്രീയില്ലയെന്നും യാത്രികന്റെ കാലടി പൂക്കുന്നുവെന്നുമുള്ള ഉപനിഷത് മന്ത്രം വിജിതമ്പിയുടെ യാത്രയിലൊരു പ്രാര്‍ഥനയായി കൂടെയുണ്ട്. ലോകത്ത് നമ്മളെല്ലാവരും പരിഭാഷകരാണെന്ന ഫ്രഞ്ച് ചിന്തകനായ ദറീദയുടെ ദര്‍ശനം പോലെ, യാത്രയില്‍ വായനക്കാരന്റെ ആത്മാവിന്റെ കടലിലേക്കൊഴുകുന്ന നദികളായി വിജി തമ്പിയുടെ യാത്രാവിവരണം ഒഴുകുന്നു.

Related News