Loading ...

Home Gulf

ഗള്‍ഫില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങി;പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ സൗജന്യം

മനാമ: കോവിഡിനെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ കുത്തിവയ്പ് ഊര്‍ജിതം. ചൈനയിലെ സിനോഫാം, അമേരിക്കയിലെ ഫൈസര്‍ എന്നീ വാക്സിനുകളാണ് നല്‍കുന്നത്. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ സൗജന്യം. ഒമാനില്‍ വാക്സിനേഷന്‍ ഞായറാഴ്ച ആരംഭിച്ചതോടെ ആറു ഗള്‍ഫ് രാജ്യങ്ങളിലും കുത്തിവയ്പായി. യുഎഇയിലാണ് വാക്സിനേഷന്‍ ആദ്യം ആരംഭിച്ചത്. തുടര്‍ന്ന് ബഹ്റൈന്‍, സൗദി, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലും തുടങ്ങി. ദിവസങ്ങള്‍ ഇടവിട്ട് രണ്ടു ഡോസ് വാക്സിനാണ് നല്‍കുന്നത്. യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ സിനോഫാം, ഫൈസര്‍ എന്നീ വാക്സിനുകള്‍ക്ക് അനുമതിയുണ്ട്. മറ്റു രാജ്യങ്ങളില്‍ ഫൈസര്‍ വാക്സിനാണ്. കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ പ്രായമായവര്‍, വിട്ടുമറാത്ത രോഗമുള്ളവര്‍, കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.സിനോഫാം വാക്സിന്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചത് യുഎഇയാണ്. രാജ്യത്തെ ഏഴു എമിറേറ്റിലും വാക്സിന്‍ ലഭ്യമാണ്. ബഹ്റൈനില്‍ വാക്സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സിനോഫാം, ഫൈസര്‍ എന്നീ വാക്സിനുകള്‍ തെരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. 18 വയസ്സിന് മുകളിലുള്ള ഏതാണ്ട് 15 ലക്ഷത്തോളം പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ നല്‍കും. ഭരണാധികാരി ഹമദ് രാജാവ് വാക്സിന്‍ സ്വീകരിച്ചാണ് കുത്തിവയ്പിന് തുടക്കമിട്ടത്.സൗദിയില്‍ ഇതുവരെ അഞ്ചര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ശനിയാഴ്ച കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാക്സിന്‍ സ്വീകരിച്ചു. വ്യാഴാഴ്ചയാണ് കുവൈത്തില്‍ ഫൈസര്‍ വാക്സിന്‍ നല്‍കാനാരംഭിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍-ഖാലിദ് അല്‍-സബായാണ് ആദ്യ വാക്സിന്‍ സ്വീകരിച്ചത്. ഖത്തറില്‍ ബുധനാഴ്ചയാണ് കുത്തിവയ്പ് തുടങ്ങിയത്.

Related News