Loading ...

Home Gulf

ജി സി സി ഉച്ചകോടിക്ക് നാളെ സൗദിയില്‍ തുടക്കമാകും

റിയാദ് : സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി ) 41 - )o മത് ഉച്ചകോടിക്ക് നാളെ തുടക്കമാകും.സൗദിയിലെ പൈതൃകഭൂമിയായ അല്‍ ഉലയാണ് സമ്മേളന വേദിക്കായി തെരെഞ്ഞെടുത്തിരിക്കുന്നത് . ഇതാദ്യമായാണ് ചരിത്രപ്രസിദ്ധമായ അല്‍ ഉല ഒരു രാജ്യാന്തര സമ്മേളനത്തിന് വേദിയാകുന്നത്. 'മറായ ഹാളി'ലാണ് അറബ്, ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കള്‍ എത്തി മധ്യപൗരസ്ത്യദേശത്തെ രാഷ്ട്രീയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഉച്ചകോടി നടക്കുക . 2019 ഫെബ്രുവരിയിലാണ് ചില്ലുഭിത്തികൊണ്ട് നിര്‍മിച്ച ഏറ്റവും വലിയ കെട്ടിടമെന്ന നിലയില്‍ 'മറായ ഹാള്‍'ഗിന്നസ് ബുക്കില്‍ ഇടംനേടിയത്. 10,000 മീറ്റര്‍ വിസ്തൃതിയില്‍ നാലു മാസംകൊണ്ട് നിര്‍മിച്ച ഹാള്‍ വലിയ തിയറ്റര്‍, ഹാളുകള്‍, നിരവധി ആഡംബര ലോഞ്ചുകള്‍ എന്നിവ അടങ്ങിയതാണ്.

ഖത്തറിനെതിരായ ഉപരോധം നീക്കല്‍, കൊറോണ മഹാമാരിക്കെതിരായ പോരാട്ടം എന്നിവയും മേഖലയില്‍ പരസ്പര താല്‍പര്യമുള്ള വിഷയങ്ങളും ഉച്ചകോടിക്ക് വിഷയമാകും . ഗള്‍ഫ് മേഖല കോവിഡ് മഹാമാരിയുടെ പിടിയില്‍നിന്ന് മുക്തമായി വരികയാണെന്നും രാഷ്ട്രബന്ധങ്ങള്‍ ദൃഢീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഉച്ചകോടി സാക്ഷിയാകുമെന്നുമാണ് പൊതുവെ ഉള്ള വിലയിരുത്തല്‍ . ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും ക്ഷണം കത്ത് അയച്ചിരുന്നു .ഉച്ചകോടിയില്‍ ഖത്തര്‍ അടക്കം എല്ലാ രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .


Related News