Loading ...

Home Gulf

യു.എ.ഇയില്‍ സാമ്പത്തിക സംഭാവന ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്ക്

അനുമതിയില്ലാതെ സാമ്പത്തിക സംഭാവന ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതും വിലക്കിക്കൊണ്ടുള്ള പുതിയ കരട്നിയമം യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി. നിയമലംഘകര്‍ക്ക് 500,000 ദിര്‍ഹം വരെ പിഴ ചുമത്തും. ഔദ്യോഗിക ലൈസന്‍സ് ലഭിക്കാതെ സംഭാവനകളോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോ മാനുഷിക സഹായങ്ങളോ ശേഖരിക്കുന്നത് വിലക്കുകയും ചെയ്തു. നിയമവിരുദ്ധമായി സംഭാവന സ്വീകരിക്കുന്നതില്‍ നിന്ന് വ്യക്തികളെയും സ്ഥാപനങ്ങളെയും വിലക്കുന്നതാണ് നിയമം.

എന്നാല്‍ സാമൂഹ്യസന്നദ്ധ സംഘടനകളുടെ ധനവിനിയോഗം ഏകീകരിക്കുന്നതിന് നിയമത്തില്‍ ചട്ടങ്ങളേര്‍പെടുത്തിയിട്ടുണ്ട്. ശേഖരിക്കുന്ന പണം ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് തടയുക കൂടി ലക്ഷ്യമിട്ടാണിത്. ഫെഡറല്‍ കൗണ്‍സില്‍ കരട് നിയമം അംഗീകരിക്കുന്നതിന് മുമ്ബ് എഫ്‌.എന്‍.‌സി അംഗങ്ങളുടെ യോഗത്തില്‍ 34 ചട്ടങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ച നടത്തി.

നിയമലംഘനം നടത്തുന്നവര്‍ ശേഖരിച്ച സംഭാവനകള്‍ കണ്ടുകെട്ടുന്നതിനും ശിക്ഷ പൂര്‍ത്തിയാക്കി നാടുകടത്തുന്നതിനും നിയമം ശുപാര്‍ശ ചെയ്യുന്നു, 100,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ഉള്‍പെട്ടതായിരിക്കും ശിക്ഷ. അസോസിയേഷനുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി സംഭാവന ശേഖരിക്കുന്നതിന് സഹായിക്കുന്ന സ്മാര്‍ട്ട് ഇ-സിസ്റ്റം സ്ഥാപിക്കുന്നതിനും ധാരണയായി.


Related News