Loading ...

Home Gulf

ചൊവ്വാ ദൗത്യത്തിന് പിന്നിലെ പെണ്‍കരുത്ത്;യുഎഇയുടെ അഭിമാനമായി സാറാ അല്‍ അമീരി

അബുദാബി: യുഎഇയു‌ടെ അഭിമാനമായി മാറിയ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതിന്റെ ആഹ്ളാദത്തിലാണ് രാജ്യം. യുഎഇ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ അതിനൊപ്പം തന്നെ ചേര്‍ത്ത് വായിക്കപ്പെടുന്ന ഒരു പേരുണ്ട്,34 കാരി സാറാ അല്‍ അമീരി. ദൗത്യത്തിന് നേതൃത്വം നല്കിയ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമാണ് അവര്‍. ഒരു സ്ത്രീ ഈ ദൗത്യം ഏറ്റെടുത്താല്‍ വിജയിക്കുമോയെന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദൗത്യ വിജയത്തിലൂടെ സാറ നല്‍കിയിരിക്കുന്നത്, അറബ് ലോകത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പുതുചരിത്രം കൂടിയാണ് സാറയിലൂടെ രചിക്കപ്പെട്ടിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന സാറാ 2004 ല്‍ അമേരിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍ നിന്നുമാണ് കംപ്യൂ‌ട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയത്. പിന്നീട് കുറച്ചുകാലം കംപ്യൂട്ടര്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. 2009 ല്‍ ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഒരു അഭിമുഖത്തിനായി വന്നപ്പോഴാണ് തന്‍റെ പ്രവര്‍ത്തന മേഖല ബഹിരാകാശമാണെന്ന് അമീരി തിരിച്ചറിയുന്നത്. അവിടെ ആദ്യത്തെ എമിറാത്തി എര്‍ത്ത് നിരീക്ഷണ ഉപഗ്രഹമായ ദുബായ് സാറ്റ് -1 ല്‍ ജോലി ആരംഭിച്ച അമീരി ഉയരങ്ങള്‍ കീഴ‌ടക്കിയത് അതിവേഗമായിരുന്നു. 2017 ല്‍ നൂതന സാങ്കേതികവിദ്യയുടെ മന്ത്രിയായി നിയമിതയായ അവര്‍ ഓഗസ്റ്റില്‍ ബഹിരാകാശ ഏജന്‍സിയുടെ ചെയര്‍മാനായി. കഴിഞ്ഞ വര്‍ഷം 2020 ലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളില്‍ ഒരാളായി ബിബിസി സാറ അല്‍ അമീരിയെ തിരഞ്ഞെടുത്തിരുന്നു. പട്ടികയിലെ ഏക അറബ് വനിതയായിരുന്നു സാറ അല്‍ അമീരി. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സാറാ ബഹിരാകാശ ദൗത്യം ഏറ്റെടുക്കുന്നത്. 80 ശതമാനം വനിതകളെ ഉള്‍പ്പെടുത്തി സാറാ രൂപീകരിച്ച ശാസ്ത്ര സംഘത്തിനെതിരെ തുടക്കത്തില്‍ പരിഹാസം മാത്രമായിരുന്നു. 50 ശതമാനം മാത്രം വിജയ സാധ്യത കല്‍പ്പിക്കപ്പെട്ട സ്പേസ് പദ്ധതി ഭരണകുടത്തിന്റേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടേയും ഇച്ഛാശക്തിയുടെ കൂടി ഫലമായാണ് വിജയപഥത്തിലെത്തിയത്. ഏഴു മാസത്തെ യാത്രയ്ക്കു ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് യുഎഇ.

Related News