Loading ...

Home Gulf

മികച്ച വോളണ്ടിയർമാർക്ക് പുരസ്കാരങ്ങൾ നൽകും: അംബാസഡർ

റിയാദ് : ജീവകാരുണ്യ പ്രവർത്തകരെ പുരസ്കാരങ്ങൾ നൽകി ആദരിക്കാൻ ഇന്ത്യൻ എംബസി തീരുമാനിച്ചതായി അംബാസഡർ അഹമ്മദ് ജാവേദ്. റിയാദിലെ എംബസി കമ്യൂണിറ്റി ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ അംബാസഡർ അറിയിച്ചു. 

ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇക്കഴിഞ്ഞ പൊതുമാപ്പ് സമയത്ത് സാമൂഹ്യപ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണ്. തുടർന്നും ഇവരുടെ സേവനം ഇന്ത്യൻ എംബസിക്ക് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വർഷവും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരായ മികച്ച സാമൂഹ്യ പ്രവർത്തകരെ കണ്ടെത്തി ജനുവരി 26 ന് നടക്കുന്ന റിപ്പബ്ളിക് ദിനാഘോഷ പരിപാടിയിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുക. പുരസ്കാരങ്ങൾ എത്ര പേർക്കാണെന്നും അവരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ഉടനെ തന്നെ ഇന്ത്യൻ എംബസി വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിക്കുമെന്നും അംബാസഡർ അറിയിച്ചു.

സൗദി അറേബ്യയിലെ ഏറ്റവും വലിയ വിദേശിസമൂഹമായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലപ്പോഴും എംബസിയിലേയോ കോണ്‍സുലേറ്റിലേയും സൗകര്യങ്ങളോ ഉദ്യോഗസ്ഥരോ മതിയാകാതെ വരികയാണ്. അതിനാൽ എംബസിക്ക് സാമൂഹ്യപ്രവർത്തകരുടെ സഹകരണം അത്യന്താപേക്ഷിതമാണ്. റിയാദിലും ജിദ്ദയിലും കൂടാതെ ദമാം അൽഖസീം, ഹായിൽ, ഖമീസ് മഷൈത്ത്, നജ്റാൻ തുടങ്ങിയ ഓരോ പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാർ പലപ്പോഴും എംബസിയെ സമീപിക്കുന്നത് വോളന്‍റിയർമാരുടെ സഹായത്തോടെയാണ്. പ്രതിഫലേഛയില്ലാതെ ഇതിനായി ബുദ്ധിമുട്ടുന്ന വോളന്‍റിയർമാർക്ക് എംബസിയിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം ഉടനെ ഏർപ്പെടുത്തുമെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. മൂന്ന് മാസത്തിലൊരിക്കൽ വോളന്‍റിയർമാരുടേയും എംബസിയിലെ വിവിധ വകുപ്പ് തലവൻമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേർത്ത് കാര്യങ്ങൾ വിലയിരുത്തും. 24 മണിക്കൂർ പ്രവർത്തനനിരതമായ ഹെൽപ്പ്ലൈൻ വഴിയും ആർക്കും എംബസിയുമായി ബന്ധപ്പെടാം. 

വ്യാജ റിക്രൂട്ട്മെന്‍റ് ഏജൻസികൾ വഴി ശരിയായ രീതിയിലല്ലാതെ സൗദി അറേബ്യയിലെത്തുന്നവരാണ് പലപ്പോഴും തൊഴിൽ സ്ഥാപനത്തിന്‍റെ വഞ്ചനക്കിരയായ പരാതികളുമായി എംബസിയലെത്തുന്നതെന്നും ഇതിനെക്കുറിച്ച് ബോധവത്കരണം നടത്താൻ വോളന്‍റിയർമാരും നാട്ടിലുള്ള അവരുടെ സംഘടകളും സ്ഥാപനങ്ങളും ബന്ധുക്കളും വഴി ശ്രമിക്കണമെന്ന് അംബാസഡർ അഭ്യർഥിച്ചു. സ്പോണ്‍സർമാരാൽ വഞ്ചിക്കപ്പെട്ടെന്ന പരാതികളുമായി ദിനംപ്രതി ധാരാളം വീട്ടുജോലിക്കാർ എംബസിയിലെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ നിശ്ചിത തുകക്കുള്ള ബാങ്ക് ഗ്യാരണ്ടി എംബസിയിൽ കെട്ടിവയ്ക്കണമെന്നാണ് നിയമമെങ്കിലും കഴിഞ്ഞ ആറ് മാസത്തിനകം ഒരൊറ്റ ബാങ്ക് ഗ്യാരണ്ടി പോലും എംബസിയിൽ ലഭിച്ചിട്ടില്ല. എന്നാൽ ധാരാളം ഇന്ത്യൻ വീട്ടുജോലിക്കാർ ഇവിടെ ജോലിക്കെത്തുന്നതായി അവരുടെ പരാതികളിലൂടെ എംബസിക്ക് ബോധ്യപ്പെടുന്നുണ്ട്. ബോധവത്കരണത്തിലൂടെ മാത്രമേ ഇതിന് തടയാൻ സാധിക്കുകയുള്ളൂവെന്നും അംബാസഡർ പറഞ്ഞു. 

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകരും മാധ്യമപ്രവർത്തകരും വോളന്‍റിയർമാരും എംബസി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സാമൂഹ്യക്ഷേമ വിഭാഗം തലവൻ അനിൽ നോട്ടിയാൽ സ്വാഗതം ആശംസിച്ചു. ഫസ്റ്റ് സെക്രട്ടറി വി. നാരായണൻ, ലേബർ അറ്റാഷേ ജോർജ് തുടങ്ങി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ

Related News