Loading ...

Home Gulf

സൗദി പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമ, റീ എന്‍ട്രി, വിസിറ്റ് വിസ കാലാവധി പുതുക്കിനല്‍കും

സൗദി പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രി വിസയും വീണ്ടും സൗജന്യമായി പുതുക്കിത്തുടങ്ങി. സെപ്റ്റംബര്‍ 30 വരെയാണ് പുതുക്കിനല്‍കുകയെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് നേരിട്ട് വിമാനയാത്രാ വിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ് രാജകാരുണ്യത്തിന്റെ ആശ്വാസം ലഭിക്കുക. യാത്രാവിലക്കുമൂലം സൗദിയിലേക്ക് തിരിച്ചുവരാനാകാതെ കാലാവധി അവസാനിച്ച ഇഖാമ, റീ എന്‍ട്രി വിസ, സന്ദര്‍ശന വിസ എന്നിവയുടെ കാലാവാധി നീട്ടിനല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 31 വരെ കാലാവധി നീട്ടുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചിരുന്നുവെങ്കിലും ആര്‍ക്കും പുതുക്കി ലഭിച്ചിരുന്നില്ല. ഇതിനിടെ പലരും സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് സ്വന്തം നിലക്ക് പുതുക്കുകയും സൗദിയിലേക്ക് പുറപ്പെടുകയും ചെയ്തു.

ഇതിനിടെ അപ്രതീക്ഷിതമായാണ് ഇപ്പോള്‍ സെപ്റ്റംബര്‍ 30 വരെ കാലാവധി നീട്ടിനല്‍കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചത്. ജവാസാത്തില്‍നിന്നുള്ള അറിയിപ്പ് ലഭിച്ച്‌ അല്‍പ സമയത്തിനകം തന്നെ രേഖകള്‍ പുതുക്കിലഭിച്ചതായി മലയാളികളുള്‍പ്പെടെ നിരവധിപേര്‍ സാക്ഷ്യപ്പെടുത്തുന്നു. രേഖകള്‍ പുതുക്കുന്നതിനായി ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും സ്വമേധയാ പുതുക്കിനല്‍കുമെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് 24നും സൗദി രാജാവ് ഇതേ നിര്‍ദേശം നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ജൂലൈ 31 വരെ രേഖകള്‍ പുതുക്കിനല്‍കുകയും ചെയ്തു. അന്ന് ആദ്യ ദിവസങ്ങളില്‍ ഇഖാമയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ റീ എന്‍ട്രിയും വിസിറ്റ് വിസയും പുതുക്കിനല്‍കി. റീ എന്‍ട്രി കാലാവധി പുതുക്കിയോ എന്ന് പരിശോധിക്കുന്നതിനായി മുഖീം ഡോട്ട് എസ്‌എ എന്ന പോര്‍ട്ടലില്‍ വിസ വാലിഡിറ്റി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ മതി. അബ്ഷിര്‍ അക്കൗണ്ട് വഴി ഇഖാമ കാലാവധിയും പരിശോധിക്കാവുന്നതാണ്.

Related News