Loading ...

Home Gulf

"എക്സ്പോ 2020' ഒക്‌ടോബര്‍ ഒന്നുമുതല്‍; മേളയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദുബായ്

അടിസ്ഥാസൗകര്യമേഖലയിലെ വിപുലമായ നിക്ഷേപസാധ്യതകള്‍ ലക്ഷ്യംവച്ച്‌ "ദുബായ് എക്സ്പോ 2020' ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച്‌ 31 വരെ നടക്കും. എക്സ്പോ 2020 ദുബായ് എമിറേറ്റിനും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും അഭൂതപൂര്‍വമായ സാമ്ബത്തിക വളര്‍ച്ച ഉറപ്പാക്കുമെന്ന് അധികൃതര്‍ പറയുന്നു. മഹാമേള ലോകരാജ്യങ്ങളെ കണ്ണി ചേര്‍ക്കുകയും, അനിവാര്യമായ ആഗോള വെല്ലുവിളികളെ നേരിടുന്നതിന് കരുത്തുറ്റ ഒരു കണ്ണിയായി മാറുകയും ചെയ്യുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

191 രാജ്യങ്ങളെയും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെയും ഒരുമിച്ച്‌ കൊണ്ടുവരുന്നതിനുള്ള ആഗോള ബന്ധമെന്ന നിലയില്‍ യുഎഇയുടെ അതുല്യമായ സ്ഥാനത്തെ പ്രയോജനപ്പെടുത്തുന്ന ഒന്നായി എക്സ്പോ 2020 മാറും. സുതാര്യമായ സാധ്യതകളാണ് മുന്നോട്ടു വെക്കുന്നത്. എക്സ്പോയുടെ ഭാഗമായി നിര്‍മ്മിക്കുന്ന അടിസ്ഥാന സൗകാര്യങ്ങളുടെ 80 ശതമാനത്തിലധികം നിലനിര്‍ത്തി ബിസിനസുകള്‍ക്കും താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാക്കി രാജ്യത്തെ സാമ്ബത്തികസ്ഥിതി ശക്തിപ്പെടുത്തലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഭാവി ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ കര്‍മപദ്ധതിയും, കൂട്ടായ്മയും ലക്ഷ്യംവച്ചുകൊണ്ട് ഒരു ആഗോള കേന്ദ്രമായി "ഡിസ്ട്രിക്‌ട് 2020" മാറും.

കോവിഡ് ആരംഭിച്ചതിനുശേഷം നടക്കുന്ന ആദ്യ ആഗോള സംരംഭവും, മിഡില്‍ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ വേള്‍ഡ് എക്സ്പോയുമാണ് "എക്സ്പോ 2020'. ലോകമെമ്ബാടുമുള്ള ബിസിനസ് കൂട്ടായ്മകള്‍, അന്താരാഷ്ട്ര സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മേളയില്‍ ഒത്തുചേരും. കൂടുതല്‍ വൈവിധ്യമാര്‍ന്നതും സുസ്ഥിരവുമായ ആഗോള സമ്ബദ്വ്യവസ്ഥയെ വളര്‍ത്തിയെടുക്കാനും ഊര്‍ജ്ജസ്വലമായ ഒരു ബിസിനസ് അന്തരീക്ഷം പ്രചോദിപ്പിക്കാനും സുസ്ഥിരമായ വളര്‍ച്ച കൈവരിക്കാനും ഇത് സഹായിക്കുമെന്ന് ലോകത്തിലെ ബിസിനസ് സമൂഹവും പ്രതീക്ഷിക്കുന്നു.

2020 ഒക്ടോബര്‍ 20ന് ആരംഭിക്കാനിരുന്ന എക്സ്പോ കോവിഡ് മഹാമാരിയെതുടര്‍ന്നാണ് നീട്ടിവെച്ചത്. മഹാമാരി ആരംഭിച്ചതിനു ശേഷം അതിനെ നേരിടാനുള്ള കര്‍മ്മനിരതമായ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാകുന്ന വിധത്തില്‍ യുഎഇ സര്‍ക്കാര്‍ നടത്തി. രാജ്യത്തിലെ സ്വദേശികളും, വിദേശികളും ഭേദമില്ലാതെ എല്ലാവര്‍ക്കും സൗജന്യമായി സര്‍ക്കാര്‍ വാക്സിന്‍ നല്‍കി. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായപ്പോള്‍ പല വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ രാജ്യത്തിനകത്തു പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അതില്‍ നിന്നെല്ലാം ബഹുദൂരം മുന്നോട്ടു പോയി മേളയുടെ വിജയത്തിന് ആവശ്യമായ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ ജനജീവിതം സാധാരണ നിലയിലാക്കി മേളയെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍ ദുബായ്.

Related News