Loading ...

Home Gulf

എണ്ണവില കുതിച്ചുയരുന്നു എന്നിട്ടും പുതിയ നികുതികള്‍

കെ രംഗനാഥ്ദുബായ്: എണ്ണവിലത്തകര്‍ച്ചയില്‍ നിന്ന് കരകയറിയിട്ടും ജനജീവിതം ദുഃസഹമാക്കി ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ നികുതിപ്പെരുമഴ നവവത്സരത്തില്‍ പെയ്തിറങ്ങും. നവവത്സരം മുതല്‍ മിക്കവാറും എല്ലാ മേഖലകളേയും ബാധിക്കുന്ന അഞ്ച് ശതമാനം വാറ്റ് നിലവില്‍ വരുന്നതോടൊപ്പമാണ് പുതിയ നികുതിനിര്‍ദേശങ്ങളും പ്രാബല്യത്തിലാവുക എന്ന് ഔദേ്യാഗികമായി യുഎഇയും സൗദിഅറേബ്യയും പ്രഖ്യാപിച്ചുകഴിഞ്ഞു.
എണ്ണവില ബാരലിന് ഇന്നലെ വില 65.59 ഡോളറായിരുന്നു. 2015 ജൂലൈയില്‍ ബാരലിന് 115 ഡോളറായിരുന്നത് 21 ഡോളര്‍ വരെ കൂപ്പുകുത്തിയശേഷം മൂന്ന് മാസം മുമ്പാണ് 50 ഡോളറായി ഉയര്‍ന്ന് ക്രമാനുഗതമായി 66 ഡോളറോളം എത്തിയിരിക്കുന്നത്. ഗള്‍ഫിലെ മിക്കവാറും എല്ലാ രാജ്യങ്ങളും എണ്ണവില 50 ഡോളര്‍ എന്ന അടിസ്ഥാനത്തിലാണ് ബജറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെങ്കിലും ഭീമമായ കമ്മി കാണിച്ചുകൊണ്ടിരിക്കുന്നത് 115 ഡോളറില്‍ നിന്നുള്ള തകര്‍ച്ചയുടെ കണക്ക് ആധാരമാക്കിയാണെന്ന് ആഗോള എണ്ണവിലകാര്യ വിദഗ്ധരും സാമ്പത്തികശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2015നു ശേഷം ഇതാദ്യമായാണ് എണ്ണവില 65 ഡോളര്‍ കടക്കുന്നത്.
എന്നാല്‍ എണ്ണവില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നുവെങ്കിലും പുതിയ നികുതി മേഖലകള്‍ കണ്ടെത്താനാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ മിക്കവാറും എല്ലാ രാജ്യങ്ങളുടേയും നീക്കം. വാറ്റ് ജനുവരി 1ന് നിലവില്‍ വരുന്നതോടെ ജീവിതച്ചെലവ് ഉയരുമെന്ന് യുഎഇ ഔദേ്യാഗികമായി സമ്മതിച്ചതിനിടയില്‍ രാജ്യത്ത് ആദായനികുതിയും പുതിയ കോര്‍പ്പറേറ്റ് നികുതികളും കൊണ്ടുവരാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുവെന്ന് യുഎഇ ധനമന്ത്രാലയ വക്താവ് യൂനിസ് ഹാജി അല്‍ഖൂനി ഇന്നലെ അറിയിച്ചു. പ്രവാസികളായ ബിസിനസുകാരെയും തൊഴിലെടുക്കുന്നവരെയുമാണ് ഇത് ബാധിക്കുക. പ്രവാസികളുടെ വേതനത്തിന്മേല്‍ നികുതി കൊണ്ടുവരില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും ആദായനികുതി ഈടാക്കുക ശമ്പളത്തില്‍ നിന്നുതന്നെയായിരിക്കുമെന്നാണ് സൂചന. വാറ്റ് നടപ്പാക്കുന്നതു വഴി മാത്രം യുഎഇ അടുത്ത വര്‍ഷം 2400 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കുമെന്നാണ് ഔദേ്യാഗിക കണക്കെങ്കിലും സര്‍വസ്പര്‍ശിയായ മൂല്യവര്‍ധിത നികുതി വഴി ഇതിന്റെ പലമടങ്ങ് തുകയായിരിക്കും സമാഹരിക്കുക എന്ന് വിദഗ്ധര്‍ കരുതുന്നു. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ വാറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കില്ലെന്ന ധനമന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ നിന്നും പുതിയ മേഖലകളിലേയ്ക്ക് നികുതി വലയെറിയുമെന്ന വ്യക്തമായ സൂചന തന്നെയാണുള്ളത്. പുതിയ നികുതിനിര്‍ദേശങ്ങളുണ്ടായാലും പണപ്പെരുപ്പം 1.4 ശതമാനത്തിലധികമുണ്ടാവില്ലെന്ന പ്രത്യാശയും യുഎഇ ധനമന്ത്രാലയത്തിനുണ്ട്.
ലോകത്തെ എറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയിലെ ഇന്ധനവില ജനുവരി മുതല്‍ ഇരട്ടിയാക്കുമെന്ന് ഇന്നലെ ഔദേ്യാഗികകേന്ദ്രവുമായി ബന്ധമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തി. പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ ജനുവരി മുതല്‍ 80 ശതമാനം വര്‍ധനവുണ്ടാകും. വിമാനങ്ങള്‍ക്കുള്ള ഇന്ധനവിലയിലും ഇതേ വര്‍ധനവാണുണ്ടാകുക. ഇതോടെ യാത്രാച്ചെലവ് ഇരട്ടിയോളമാകും. വിമാനയാത്രാക്കൂലിയും മാനംമുട്ടെ ഉയരും.
കുവൈറ്റ് അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികള്‍ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന്റെ സര്‍വീസ് ചാര്‍ജിന് നികുതി ഏര്‍പ്പെടുത്തിക്കഴിഞ്ഞു. പണത്തിന്റെ മൂന്ന് ശതമാനം നികുതി ഈടാക്കാനുള്ള നീക്കത്തിന്റെ മുന്നോടിയാണിതെന്നും പ്രവാസികള്‍ക്ക് ആശങ്കയുണ്ട്. എണ്ണവില കൂടിയാല്‍ എല്ലാം ശരിയാകുമെന്ന് ഇതുവരെ ഗള്‍ഫ് ഭരണകൂടങ്ങള്‍ പറഞ്ഞിരുന്നതിന് കടകവിരുദ്ധമാണ് പുതിയ നികുതിപ്പേമാരികളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related News