Loading ...

Home Gulf

സൗദി അറേബ്യ പള്ളികളിലേക്ക് സത്രീകളെ നിയമിക്കുന്നു; നൂറുകണക്കിന് സ്ത്രീകള്‍ക്ക് പരിശീലനം


സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി, 600 ഓളം സ്ത്രീകള്‍ക്ക് ജോലിക്കായി പരിശീലനം നല്‍കി സൗദി അറേബ്യ. പരിശീലനം നേടിയവര്‍ ഇപ്പോള്‍ രണ്ട് വലിയ പള്ളികളിലായി വിവിധ റോളുകളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്‌, രണ്ട് വിശുദ്ധ പള്ളികളുടെ കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള ജനറല്‍ പ്രസിഡന്‍സി ഇതുവരെ തങ്ങളുടെ ഏജന്‍സികളിലോ സഹായ ഏജന്‍സികളിലോ ആയി 600ഓളം വനിതാ ജീവനക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഇതില്‍ 310 സ്ത്രീകള്‍ വനിതാ വികസന കാര്യങ്ങളുടെ ഡെപ്യൂട്ടി പ്രസിഡന്റായ അല്‍-അനൗദ് അല്‍-അബൗദിന്റെ നേതൃത്വത്തിലുള്ള വനിതാ വികസന കാര്യ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. കൂടാതെ, 200ഓളം സ്ത്രീകള്‍ വനിതാ ശാസ്ത്ര, ബൗദ്ധിക, മാര്‍ഗനിര്‍ദേശകാര്യങ്ങള്‍ക്കായുള്ള ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. ബാക്കിയുള്ളവര്‍ കമേലിയ അല്‍-ദാദിയുടെ നേതൃത്വത്തില്‍ ഏജന്‍സി ഫോര്‍ വിമന്‍സ് അഡ്മിനിസ്ട്രേറ്റീവ് ആന്റ് സര്‍വീസ് അഫയേഴ്സില്‍ ജോലി ചെയ്യുന്നു.

ഈ വര്‍ഷം തുടക്കത്തില്‍, ഇസ്ലാമിന്റെ പുണ്യസ്ഥലമായ മക്കയിലും മദീനയിലും സ്റ്റാന്‍ഡ് ഗാര്‍ഡായി സൗദി വനിതാ സൈനികരെ നിയമിച്ചിരുന്നു. മക്കയിലെ ഗ്രാന്‍ഡ് പള്ളിയിലെ സുരക്ഷാ സ്ഥിതി നിരീക്ഷിക്കാന്‍ സൈനിക കാക്കി യൂണിഫോം ധരിച്ച്‌ സ്ത്രീകള്‍ ആദ്യമായാണ് ജോലി ചെയ്യുന്നത്. ഈ നീക്കം ലോകമെമ്ബാടും പ്രശംസിക്കപ്പെട്ടിരുന്നു.

മക്കയിലേക്കുള്ള ഗ്രാന്‍ഡ് മോസ്ക് -കഅബ- സന്ദര്‍ശിക്കുന്നതിനായി വരുന്ന വനിതാ സന്ദര്‍ശകരെയും തീര്‍ത്ഥാടകരെയും സേവിക്കാനായി നൂറുകണക്കിന് സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി സ്ത്രീകള്‍ക്കായി നിരവധി പുതിയ മേഖലകളാണ് തുറന്നു കൊടുത്തിട്ടുള്ളത്.

വിവിധ സൈനിക തസ്തികകളിലേക്കായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാമെന്ന് സൗദി പ്രതിരോധ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രം ഇരു ഹറം ഓഫീസുകളും 1500 ോളം സ്ത്രീകളെ മസ്ജിദുല്‍ ഹറമിന്റെ വിവിധ വിഭാഗങ്ങളിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സൗദി അറേബ്യ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ മുമ്ബും ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അവിവാഹിതരോ, വിവാഹമോചിതരോ അല്ലെങ്കില്‍ വിധവകളോ ആയ സ്ത്രീകളെ അവരുടെ രക്ഷാധികാരികളായ അടുത്ത ബന്ധുക്കളുടെ സമ്മതമില്ലാതെ ഒറ്റയ്ക്ക് ജീവിക്കാന്‍ സൗദി അറേബ്യ അനുവാദം നല്‍കിയതായിരുന്നു അവയില്‍ പ്രധാനപ്പെട്ട ഒരു സംഭവം. അവിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ പ്രത്യേക താമസസ്ഥലത്ത് താമസിക്കാനും ഈ ഭേദഗതി സഹായിച്ചു.

ഇത് കൂടാതെ 18 വയസോ അതില്‍ കൂടുതലോ ഉള്ള സ്ത്രീകള്‍ക്ക് അവരുടെ രക്ഷാകര്‍ത്താവിന്റെ അനുമതിയില്ലാതെ അവരുടെ ഐഡി കാര്‍ഡില്‍ പേര് മാറ്റാനുള്ള അനുമതിയും സൗദി അറേബ്യ നല്‍കിയിരുന്നു.

2019 -ല്‍ സൗദി സ്ത്രീകളുടെ യാത്രാ നിയന്ത്രണങ്ങളും അധികൃതര്‍ നീക്കി. 21 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും സ്വതന്ത്രമായി യാത്ര ചെയ്യാനും അനുവാദം നല്‍കി. വിവാദമായ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരോധനം അവസാനിപ്പിച്ച്‌ സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുവാദവും നല്‍കിയിരുന്നു.

Related News