Loading ...

Home Gulf

മലയാളിക്കുട്ടി സുചേത നാളെ ഗിന്നസ് ബുക്കിലേക്ക് പാടിക്കയറും

85 ഭാഷകളിലെ ഗാനങ്ങള്‍ ആലപിക്കുംകെ രംഗനാഥ്ദുബായ്: മലയാളിയായ 12കാരി സുചേതാ സതീഷ് നാളെ മലയാളികളുടെ നാദവിസ്മയമായി ഗിന്നസ്ബുക്കിലേയ്ക്ക് പാടിക്കയറും. 85 ഭാഷകളിലെ ഗാനങ്ങളാണ് ഒരു ദിവസത്തിലേറെ നീളുന്ന നാദസപര്യയിലൂടെ സുചേത ആലപിക്കുക.
ആന്ധ്രാപ്രദേശിലെ ഗാന്ധിഹില്‍സില്‍ ഗസല്‍ ശ്രീനിവാസ് എന്ന ഡോ. കേശിരാജു ശ്രീനിവാസ് 76 ഭാഷകളില്‍ ഇക്കഴിഞ്ഞ ജൂണ്‍ 2, 3 തീയതികളില്‍ പാടിയതാണ് നിലവിലെ ഗിന്നസ് റെക്കോഡ്. 85 ഭാഷകളിലേയും ഗാനങ്ങള്‍ സുചേത ഹൃദിസ്ഥമാക്കിക്കഴിഞ്ഞു. കഠിനമായ, മണിക്കൂറുകള്‍ നീളുന്ന പരിശീലനത്തിനുശേഷമാണ് ലോകറെക്കോഡ് കൊയ്യാന്‍ ഈ ‘നാദശരീര’ അരങ്ങിലെത്തുക. 80 ഭാഷകളില്‍ പാടാനുള്ള സിദ്ധി നേടിയ സുചേത കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് അഞ്ച് ഭാഷകളിലെ ഗാനങ്ങള്‍ കൂടി ഹൃദിസ്ഥമാക്കിയത്. കര്‍ണാടക സംഗീതപ്രേമികളുടെ തറവാട്ടില്‍ ജനിച്ച ഈ കുട്ടി നാലാം വയസുമുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങി. ആറാം വയസില്‍ അരങ്ങേറ്റം.
എട്ടാം വയസുമുതല്‍ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച സുചേതയ്ക്ക് എല്ലാ ഭാഷകളോടും കടുത്ത അഭിനിവേശമാണുണ്ടായിരുന്നത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആ രാജ്യത്തെയും മറ്റ് വിദേശനാടുകളിലേയും സംഗീതആല്‍ബങ്ങള്‍ വാങ്ങിക്കൂട്ടാനും അവ പാടാനുമായിരുന്നു സുചേത ശ്രമിക്കുന്നതെന്ന് അമ്മ സുമിത ജനയുഗത്തോട് പറഞ്ഞു. വിദേശഭാഷകളിലെ ഗാനങ്ങളുടെ ഉച്ചാരണ സ്ഫുടത, അര്‍ഥതലങ്ങള്‍ എന്നിവയും മനസിലാക്കിയ ശേഷമാണ് മകള്‍ ആ ഗാനങ്ങള്‍ ആലപിക്കുന്നതെന്നും അമ്മയുടെ സാക്ഷ്യം. മലയാളവും ഹിന്ദിയും തമിഴുമടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളിലേയും പാട്ടുകള്‍ പാടുന്ന ഈ കൊച്ചുപൂങ്കുയിലിന്റെ ഇംഗ്ലീഷ് ഗാനാലാപം വിദേശഗായകരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ത്വക്‌രോഗ ചികിത്സാ വിദഗ്ധനായ ഒരു ജാപ്പനീസ് സംഗീതജ്ഞന്‍ പിതാവ് സതീഷിന്റെ സുഹൃത്താണ്. അദ്ദേഹത്തില്‍ നിന്നാണ് ജാപ്പനീസ് സംഗീതം അഭ്യസിച്ചത്. ഗള്‍ഫിലെ വേദികളില്‍ അറബിഗാനങ്ങളും നാടോടിപ്പാട്ടുകളും പാടി അറബികളുടെ കയ്യടി നേടിയ സുചേത ലക്ഷക്കണക്കിന് ഫിലിപ്പൈന്‍സുകാര്‍ പണിയെടുക്കുന്ന ഗള്‍ഫിലെ ഫിലിപ്പിനോ ശ്രോതാക്കളെ കയ്യിലെടുക്കാന്‍ അവരുടെ തഗാലോഗ് ഭാഷയിലെ ഒന്നോ രണ്ടോ പാട്ടുകളും പാടും.

Related News