Loading ...

Home Gulf

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി ഖത്തര്‍

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തര്‍ ക്വാറന്റൈന്‍ ഒഴിവാക്കി. വാക്‌സിനെടുത്ത ഖത്തര്‍ താമസരേഖയുള്ളവര്‍ക്ക് ഇനി ക്വാറന്റൈന്‍ വേണ്ട.സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഒരു ദിവസത്തെ ക്വാറന്റൈന്‍ വേണം. കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെയാണ് ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം യാത്രാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതനുസരിച്ച്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ എടുത്ത ഖത്തര്‍ താമസരേഖയുള്ളവര്‍ക്ക് ഫെബ്രുവരി 28 വൈകിട്ട് 7 മണി മുതല്‍ ക്വാറന്റൈന്‍ ഇല്ല, നേരത്തെ രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായിരുന്നു.

നാട്ടില്‍ നിന്നും പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്ബുള്ള ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിസള്‍ട്ട് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. പകരം ഖത്തറിലെത്തിയ ശേഷം 24 മണിക്കൂറിനുള്ളില്‍ ആന്റിജന്‍ പരിശോധന നടത്തണം. വാക്‌സിനേഷന്‍ പൂര്‍ത്തിയായി 14 ദിവസം മുതല്‍ ഒമ്ബത് മാസം വരെയാണ് ഈ ഇളവുകള്‍ക്ക് യോഗ്യത. കോവിഡ് വന്ന് ഭേദമായി ഒമ്ബത് മാസം കഴിയാത്തവര്‍ക്കും വാക്‌സിനെടുത്തവര്‍ക്കുള്ള ഇളവുകളെല്ലാം ലഭിക്കും. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഒരുദിവസമാണ് ക്വാറന്റൈന്‍. പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.

കോവിഡ് തോത് അനുസരിച്ചുള്ള രാജ്യങ്ങളുടെ തരംതിരിവിലും പരിഷ്‌കാരമുണ്ട്. രാജ്യങ്ങളെ ഗ്രീന്‍, റെഡ്, എക്‌സപ്ഷണല്‍ റെഡ് ലിസ്റ്റ് എന്നിങ്ങനെ തരം തിരിക്കുന്നത് ഒഴിവാക്കി. ഇന്ത്യ ഉള്‍പ്പെടെ ഒമ്ബത് രാജ്യങ്ങള്‍ 'റെഡ് ഹെല്‍ത് മെഷ്വേര്‍സ്' പട്ടികയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗ്രീന്‍, റെഡ് ലിസ്റ്റുകള്‍ ഒഴിവാക്കി. പകരം 'സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷ്വേര്‍സ്' ആയി ഇവ ലിസ്റ്റ്‌ചെയ്തു. ജി.സി.സി രാജ്യങ്ങള്‍ ഉള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് മെഷ്വേര്‍സ് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും ക്വാറന്റൈന്‍ വേണ്ട. ഈ രാജ്യങ്ങളിലെ വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related News