Loading ...

Home Gulf

മലയാളത്തിന്റെ മലര്‍ ദുബായില്‍

ദുബായ്: à´ªà´¤à´¿à´µàµ ചിരിയോടെയാണ് മലയാളികളുടെ മനം കവര്‍ന്ന മലര്‍ ദുബായിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തിയത്. ചോദ്യങ്ങള്‍ക്കെല്ലാം ഹൃദ്യമായ മറുപടിപറഞ്ഞ സായ് പല്ലവി ത്‌ന്റെ വരവിന്റെ ഉദ്ദേശ്യവും വ്യക്തമാക്കി. 
പുതിയസിനിമകള്‍ വല്ലതും ആയോ എന്ന ചോദ്യത്തിന്, കഥകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും അഭിനയിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മറുപടി. പ്രേമത്തിലെ മലരിനെ വെല്ലുന്ന വേഷങ്ങളാണ് വേണ്ടത്. മലയാളികളുടെ പ്രതീക്ഷക്കൊത്തുയരുന്ന കഥാപാത്രങ്ങളുണ്ടായാല്‍ സ്വീകരിക്കും. യഥാര്‍ഥ ജീവിതത്തില്‍ 'പ്രേമ'ത്തിലെപ്പോലെ സാഹചര്യം ഉണ്ടായാല്‍ സായ് എന്തുചെയ്യുമെന്ന ചോദ്യത്തിന്, ചെറിയചിരിയോടെ ഞാനയാളെ കല്യാണം കഴിക്കുമെന്നായിരുന്നു ഉത്തരം.
കാമുകനുണ്ടോ എന്ന ചോദ്യവുമായി എത്തിയവരെ സായ് ശരിക്കും ഞെട്ടിച്ചു. എനിക്കൊരു കാമുകനുണ്ട് പതിനഞ്ച് വര്‍ഷത്തിലേറെയായി ഞാനയാളെ സ്‌നേഹിക്കുന്നു പേര് അഭിമന്യു. കൂടുതല്‍ ചോദിക്കുന്നതിന് മുമ്പേ താന്‍ സ്‌നേഹിക്കുന്ന അഭിമന്യു മഹാഭാരതത്തിലാണുള്ളതെന്നും വിശദീകരണം. അഭിമന്യുവിനെപ്പോലെയൊരാളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലുള്ളവരുടെ ഏറ്റവുംവലിയ ആശങ്ക മുടി കൊഴിയലിലാണ്, ഇതില്ലാതാക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന ചോദ്യത്തിന് മെഡിക്കല്‍ വിദ്യാര്‍ഥികൂടിയായ മലരിന്റെ ഉപദേശം ഇങ്ങനെ ടെന്‍ഷനില്ലാത്ത ജീവിതവും നല്ല ഭക്ഷണവുമാണ് മുടിക്ക് വേണ്ടത് എന്നായിരുന്നു.
പുഞ്ചിരിവിടര്‍ന്ന മുഖവുമായി ചോദ്യങ്ങള്‍ക്കെല്ലാം മറുപടി നല്‍കി സായ് പല്ലവി തന്റെ ദുബായിലെ പത്രസമ്മേളനം മനോഹരമാക്കി. 

വെള്ളിയാഴ്ച തൊഴിലാളികള്‍ക്കൊപ്പം

സായ് പല്ലവി വെള്ളിയാഴ്ച അല്‍ ഖൂസ് ലേബര്‍ ക്യാമ്പിലെ തൊഴിലാളികളുമായി വിശേഷങ്ങള്‍ പങ്കുവെക്കും. തൊഴിലാളികള്‍ക്കായി അല്‍ ഖൂസിലെ ക്രെസന്‍റ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന ഓണാഘോഷവും മെഡിക്കല്‍ ക്യാമ്പും സായ് പല്ലവി ഉദ്ഘാടനം ചെയ്യും. അമലാ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ്. 
രാവിലെ എട്ടിന് തുടങ്ങുന്ന പരിപാടയില്‍ അല്‍ ഖൂസിലെ വിവിധ ക്യാന്പുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വൈദ്യപരിശോധന ലഭ്യമാക്കും. വൈകിട്ട് പുതിയ സംഗീത ബാന്‍ഡായ താമരശ്ശേരി ചുരത്തിന്റെ സംഗീതവിരുന്നോടെ പരിപാടി സമാപിക്കും.
സായ് പല്ലവിയുടെ കലാപരിപാടികളൊന്നും ചടങ്ങിലുണ്ടാകില്ല. പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും പത്മശ്രീ ജേതാവുമായ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സെമിനാറും മെഡിക്കല്‍ സെന്റര്‍ സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ശൈഖ് സായിദ് റോഡില്‍ ദുസിത് താനി ഹോട്ടലില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കായാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം. അമല മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ മനോജ് കുരുക്കള്‍, ജനറല്‍ മാനേജര്‍ പത്മകുമാര്‍, ഇവന്റ് മാനേജര്‍ ജാക്കി റഹ്മാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News