Loading ...

Home Gulf

യുഎഇ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കുന്നു; തൊഴിലന്വേഷകര്‍ക്ക് പ്രത്യേക വിസ

മനാമ > സന്ദര്‍ശക, ടൂറിസ്റ്റ് വിസകള്‍ക്ക് യുഎഇ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നു. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തുന്നവരാണ് രാജ്യത്ത് അനധികൃതമായി തങ്ങുന്നവരില്‍ ഭൂരിഭാഗവുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആഗസ്ത് ഒന്നിനു തുടങ്ങിയ പൊതുമാപ്പിന്റെ ആനുകൂല്യം തേടിയവരില്‍ വലിയൊരു പങ്കും ഇവരാണ്. മൂന്നുമുതല്‍ ആറു മാസംവരെ കാലാവധിയുള്ള സന്ദര്‍ശക, ഉദ്യോഗാര്‍ഥി വിസ നടപ്പാക്കുമെന്ന‌് അധികൃതര്‍ അറിയിച്ചു. ഇതിനു സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയേക്കും. പല നിയമലംഘകരും അപകടകരമായ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തി. തൊഴിലന്വേഷകര്‍ക്ക് പ്രത്യേക ഉപാധികള്‍ നിശ്ചയിക്കുന്നതോടെ വിസാ കാലാവധി തീരുന്നതോടെ അവര്‍ തിരിച്ചു പോയെന്ന് ഉറപ്പാക്കാനാകും.
തീരുമാനം നടപ്പായാല്‍ സെക്യൂരിറ്റി തുക മുന്‍കൂറായി അടച്ചാലേ സന്ദര്‍ശകവിസ അനുവദിക്കൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ‌് സിറ്റിസന്‍ഷിപ്പ് അറിയിച്ചു. ഒക്‌ടോബര്‍ 31ന‌് പൊതുമാപ്പ് അവസാനിച്ചാല്‍ ആറുമാസ സന്ദര്‍ശകവിസയും ഉദ്യോഗാര്‍ഥി വിസയും നല്‍കും. ഇതുവഴി തൊഴില്‍ കണ്ടെത്താന്‍ അപേക്ഷകര്‍ക്ക് മതിയായ സമയം ലഭിക്കുമെന്നും അനധികൃതമായി തങ്ങുന്നത് ഒഴിവാക്കാനാകുമെന്നും അധികൃതര്‍ പറഞ്ഞു. കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവര്‍ക്ക് മടക്കയാത്ര ടിക്കറ്റുകള്‍ നല്‍കാന്‍ എംബസികളോട് ആവശ്യപ്പെടും.

പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമ ലംഘകര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി. പൊതുമാപ്പ് ഉപയോഗപ്പെടുത്തി തിരിച്ചു പോകുന്നവര്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചാല്‍ പത്തു ദിവസത്തിനകം രാജ്യം വിടണം. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് ഇളവുചെയ്ത ഫീസായ 220 ദിര്‍ഹം അടച്ചാല്‍ വിവിധ എമിറേറ്റുകളിലെ ഒമ്ബതു പൊതുമാപ്പ് കേന്ദ്രങ്ങളില്‍നിന്ന് എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുമെന്നും അതോറിറ്റി അറിയിച്ചു. പദവി ശരിയാക്കി രാജ്യത്ത് തങ്ങുന്നവര്‍ പുതിയ സ്പോണ്‍സറെ ലഭിച്ച രേഖകളും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫക്കറ്റും ഹാജരാക്കി വിസ ട്രാന്‍സ്ഫര്‍ ചെയ്യണം.

Related News