Loading ...

Home Gulf

പ്രവാസികളുടെ പ്രതിഷേധം ഫലംകണ്ടു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഇരട്ടിനിരക്ക് എയര്‍ഇന്ത്യ പിന്‍വലിച്ചു

യുഎഇയില്‍നിന്ന‌് മൃതദേഹം നാട്ടിലേക്കു അയക്കുന്നതിനുള്ള ഇളവ് ഒഴിവാക്കി നിരക്ക് വര്‍ധിപ്പിച്ച നടപടി എയര്‍ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. നേരത്തെ ഈടാക്കിയിരുന്ന നിരക്കു മാത്രമെ ഇടാക്കൂവെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. അമ്ബതുശതമാനം ഇളവ് തുടരും. എയര്‍ഇന്ത്യയ്ക്കും എയര്‍ഇന്ത്യ എക്സ്പ്രസിനും ഒരേ നിരക്കായിരിക്കുമെന്നും അവര്‍ അറിയിച്ചു. അമ്ബതുശതമാനം ഇളവ് പുനഃസ്ഥാപിച്ച വിവരം ദുബായിലെ ഇന്ത്യന്‍ കൗണ്‍സിലര്‍ വിപ്വല്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും നിര്‍ദേശിക്കുന്ന നിര്‍ധനരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതു തുടരുമെന്നും എയര്‍ഇന്ത്യ അറിയിച്ചു. .

പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന‌് മറ്റു ഡെസ്റ്റിനേഷനുകളില്‍നിന്ന‌് വിത്യസ്തമായി യുഎഇയില്‍ 50 ശതമാനം ഇളവ് അനുവദിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇത് റദ്ദാക്കി നിരക്ക് ഏകീകരിക്കുകയായിരന്നു. എന്നാല്‍, ഇളവ് പിന്‍വലിച്ചതോടെ മൃതദേഹങ്ങള്‍ കൊണ്ടു പോകാനുള്ള നിരക്ക് ഇരട്ടിയായി വര്‍ധിച്ചു. സെപ്തംബര്‍ 19നാണ് ഇളവ് പിന്‍വലിച്ചത്‌. .

ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ കിലോക്ക്‌ 17 ദിര്‍ഹമായിരുന്നു (ഏതാണ്ട് 335 രൂപ) മുന്‍ നിരക്ക്. അതാണ് 30 ദിര്‍ഹവരെയാക്കി (ഏതാണ്ട് 592 രൂപ) കുത്തനെ ഉയര്‍ത്തിയത്. ഒരു മൃതദേഹം കേരളത്തിലേക്ക് അയക്കാന്‍ 2,000 ദിര്‍ഹം (ഏതാണ്ട് 39,524 രൂപ) മതിയായിരുന്നുവെങ്കില്‍ ഇളവ് ഒഴിവാക്കിയപ്പോള്‍ നിരക്ക് 4,000 ദിര്‍ഹം(ഏതാണ്ട് 79,000 രൂപ) വേണ്ടിവന്നു. മൃതദേഹം എത്തുന്ന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ‌് വിഭാഗം തീരുമാനിക്കുന്ന ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ‌് ഫീ, സുരക്ഷാ ഫീസ് എന്നിവയും എംബാമിങ് ചാര്‍ജും കൂടിയതോടെ ചെലവ് 1,50,000 രൂപയായി. മൃതദേഹം പെട്ടിയടക്കം തൂക്കിയാണ് നിരക്ക് ഈടാക്കുന്നത്. .

നിരക്ക് വര്‍ധനയ‌്ക്കെതിരെ പ്രവാസികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച വിദേശസഹമന്ത്രി വി കെ സിങ‌് ദുബായ് കോണ്‍സുലേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലും ഇക്കാര്യം ഉന്നയിച്ചു. എയര്‍ഇന്ത്യ ബഹഷ്‌കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പുകള്‍ പ്രചരിച്ചു. തുടര്‍ന്നാണ് നയം മാറ്റാന്‍ എയര്‍ ഇന്ത്യ നിര്‍ബന്ധിതരായത്.

Related News