Loading ...

Home Gulf

സാറ്റലൈറ്റ് ട്രാന്‍സ്മിറ്ററുമായി വന്ന കഴുകനെ യുദ്ധത്തടവുകാരനാക്കി; ഒടുവില്‍ മോചനം

യമനിലാണ് സംഭവം. ആഭ്യന്തരയുദ്ധം നടക്കുന്ന യമനിലെ തായിസിലാണ് ഉപഗ്രഹ വിവരവിനിമയ ഉപകരണം (ട്രാന്‍സ്മിറ്റര്‍) ഘടിപ്പിച്ച കഴുകന്‍ പറന്നിറങ്ങിയത്. വിവരങ്ങള്‍ ചോര്‍ത്താന്‍ വിമതരും വിമതസൈന്യവും അയച്ച ചാരനാണോ കഴുകനെന്ന സംശയം ബലപ്പെട്ടതോടെ തായിസിലെ സൈന്യം കഴുകനെ പിടികൂടി ജയിലിലടച്ചു. പിന്നീട് കാര്യങ്ങള്‍ വ്യക്തമായത്. നെല്‍സണ്‍ എന്നുപേരുള്ള ഈ കഴുകന്‍, ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ദേശാടനപ്പക്ഷിയാണ്. ഇതിന്റെ യാത്രാപഥം നിരീക്ഷിക്കാനായി ഫണ്ട് ഫോര്‍ വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്‌ളോറ (FWFF) എന്ന സംഘടനയാണ് ചിറകില്‍ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചത്. 2018 സെപ്റ്റംബറില്‍ യൂറോപ്പിലെ ബള്‍ഗേറിയയില്‍നിന്നു പുറപ്പെട്ട കഴുകന്‍ തുര്‍ക്കി, ജോര്‍ദാന്‍, സൗദി അറേബ്യ വഴിയാണ് യെമനിലെത്തിയത്. ഇതിനിടയില്‍ ചിറകിനു പരുക്കേല്‍ക്കുകയും ചെയ്തു. വിവരം അറിഞ്ഞതോടെ ബള്‍ഗേറിയ വിദേശകാര്യമന്ത്രാലയം യെമന്‍ അംബാസഡറുമായി ബന്ധപ്പെട്ടു. വിമതനിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനം സനായില്‍നിന്ന് എഫ്ഡബ്ല്യുഎഫ്‌എഫ് പ്രതിനിധി ഹിഷാം അല്‍ഹൂത്, തായിസിലെത്തി സൈനികരെയും അധികൃതരെയും കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി. ഒടുവില്‍ കഴുകനെ ജയിലില്‍നിന്നു മോചിപ്പിച്ചു ഹിഷാമിനു കൈമാറി. തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട കഴുകനു ചികിത്സ തുടങ്ങിയിട്ടുണ്ട്. രണ്ടു മാസത്തിനകം പൂര്‍ണ ആരോഗ്യവാനായി നെല്‍സണ്‍ വീണ്ടും പറക്കും.

Related News