Loading ...

Home Gulf

ദുബൈ എക്‌സ്‌പോ 2020; ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

ദുബൈ: (www.kasargodvartha.com 29.04.2019) 2020 ഒക്ടോബറില്‍ ആരംഭിക്കുന്ന ദുബൈ എക്‌സ്‌പോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. 120 ദിര്‍ഹമാണ് ടിക്കറ്റിന്റെ വില. ഒരു ദിവസത്തെ വിലയാണിത്. മൂന്ന് ദിവസത്തേക്കുള്ള ടിക്കറ്റിന് 260 ദിര്‍ഹം നല്‍കണം. എക്‌സ്‌പോ ആറു മാസം നീണ്ടുനില്‍ക്കും. 65 വയസിന് മുകളിലുള്ളവര്‍ക്കും ആറ് വയസിന് താഴെയുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യ ജനങ്ങള്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ഏകദിന- ത്രിദിന ടിക്കറ്റ് ബണ്ട്ല്‍ പാക്കേജുകളുടെ വില്‍പന 2019 മേയ് മാസം ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് 2020 ഏപ്രില്‍ മുതലും സന്ദര്‍ശകര്‍ക്ക് 2020 ഒക്ടോബര്‍ മുതല്‍ എക്‌സ്‌പോ വേദിയില്‍ നിന്നും ടിക്കറ്റ് വാങ്ങാം. ഏത് പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ആറ് വയസിനും 17 വയസിനും ഇടയിലുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യക്കാരെ പരിചരിക്കുന്നവര്‍ക്കും ടിക്കറ്റ് വിലയുടെ പകുതി നല്‍കിയാല്‍ മതിയാകും.

ദിനേന 60 ലൈവ് ഷോകള്‍, പുത്തന്‍ സാങ്കേതിക വിദ്യകള്‍, പ്രശസ്ത കലാകാരന്മാരുെട പ്രകടനങ്ങള്‍, പരേഡുകള്‍ തുടങ്ങിയവ എക്‌സ്‌പോയില്‍ ഉണ്ടാകുമെന്ന് സെയില്‍സ് മാര്‍ക്കറ്റിംഗ് ഉപമേധാവി സഞ്ജീവ് ഖോസ്ല പറഞ്ഞു. ദീപാവലി, യു.എ.ഇ ദേശീയദിനം, ക്രിസ്മസ്, പുതുവര്‍ഷ ദിനം, ചൈനീസ് പുതുവത്സരം, അന്താരാഷ്ട്ര വനിത ദിനം തുടങ്ങിയ സവിശേഷാവസരങ്ങളില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ദുബൈ എക്‌സ്‌പോ 2020 പ്രോഗ്രാമിംഗ് സീനിയര്‍ വൈസ് പ്രസിഡണ്ട് ഗിലിയന്‍ ഹാംബര്‍ഗര്‍ അറിയിച്ചു. 192 രാജ്യങ്ങളുടെ പവലിയനുകളും എക്‌സ്‌പോയിലുണ്ടാകും. രണ്ടര കോടി ജനങ്ങള്‍ എക്‌സ്‌പോ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 70 ശതമാനത്തിലധികം പേര്‍ യു.എ.ഇക്ക് പുറത്തുനിന്ന് എത്തുമെന്നുമാണ് കരുതുന്നതെന്നും സംഘാടകര്‍ പറയുന്നു.

Related News