Loading ...

Home Gulf

റമദാനിലെ ഓവര്‍ടൈം ജോലി; വേതനം കണക്കാക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് അധികൃതര്‍

അബുദാബി: റമദാനില്‍ യുഎഇയില്‍ ഓവര്‍ ടൈം ജോലി ചെയ്യുന്നവര്‍ക്കുള്ള വേതനം കണക്കാക്കേണ്ട രീതി വിശദീകരിച്ച് മാനവ വിഭവശേഷി മന്ത്രാലയം. റമദാന്‍ മാസത്തില്‍ പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ അധിക സമയം ജോലി ചെയ്യേണ്ടിവരുമെന്നതിനാലാണ് ഓവര്‍ടൈം വേതനം നിര്‍ബന്ധമാക്കിയിരിക്കുന്നത്. അധികസമയം ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അധിക വേതനത്തിനും അര്‍ഹതയുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു. റമദാനില്‍ രണ്ട് മണിക്കൂറാണ് ഓവര്‍ടൈം ജോലി ചെയ്യാന്‍ കഴിയുന്നത്. രാത്രി ഒന്‍പത് മണി വരെയുള്ള സമയത്താണ് ഓവര്‍ടൈം ജോലിയെങ്കില്‍ സാധാരണ വേതനത്തിന്റെ 25 ശതമാനം അധികം ലഭിക്കണം. ഉദാഹരണത്തിന് നിങ്ങളുടെ വേതനം മണിക്കൂറില്‍ കണക്കാക്കുമ്പോള്‍ 100 ദിര്‍ഹമാണെങ്കില്‍ ഓവര്‍ ടൈം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിലും 125 ദിര്‍ഹം വീതം ലഭിച്ചിരിക്കണം. എന്നാല്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം രാവിലെ നാല് മണി വരെയുള്ള സമയത്താണ് ഓവര്‍ ടൈം ജോലി ചെയ്യുന്നതെങ്കില്‍ സാധാരണ വേതനത്തിന്റെ 50 ശതമാനം അധികം ലഭിക്കും. ഉദാഹരണത്തിന് വേതനം മണിക്കൂറില്‍ 100 ദിര്‍ഹമാണെങ്കില്‍ ഈ സമയത്ത് ജോലി ചെയ്താല്‍ മണിക്കൂറില്‍ 150 ദിര്‍ഹം വീതം അധികം നല്‍കണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് റമദാനില്‍ അഞ്ച് മണിക്കൂറാണ് പ്രവൃത്തി സമയം. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

Related News