Loading ...

Home Gulf

അപേക്ഷ നല്‍കി ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട; സൗദിയില്‍ തൊഴില്‍ വിസ ഇനി ഞൊടിയിടയില്‍

ജിദ്ദ:  അപേക്ഷ നല്‍കി ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട കാര്യമില്ല, സൗദിയില്‍ തൊഴില്‍ വിസ ഇനി ഞൊടിയിടയില്‍ തന്നെ ലഭിക്കും. സ്വദേശിവത്കരണ നിബന്ധനകള്‍ പാലിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി തൊഴില്‍ വിസ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കിക്കഴിഞ്ഞു സൗദി തൊഴില്‍ സാമൂഹ്യ മന്ത്രാലയം.

നിതാഖത്തിന്റെ ഭാഗമായി നടപ്പാക്കിയ സ്വദേശിവത്കരണ പ്രക്രിയയില്‍ ഗ്രീന്‍ വിഭാഗത്തില്‍പ്പെട്ട സ്ഥാപനങ്ങള്‍ക്കാണ് രേഖകള്‍ പോലും സമര്‍പ്പിക്കേണ്ടതില്ലാത്ത ഈ ആനുകൂല്യം ലഭിച്ചിരിക്കുന്നത്. ഏതുതരം ജോലിയാണ്, തൊഴില്‍ ശക്തി എത്രത്തോളമുണ്ട്, സ്വദേശി ജോലിക്കാരുടെ അനുപാതം എന്നിവ കണക്കാക്കിയാണ് നിതാഖത്ത് പരിഷ്‌കരണത്തിലെ നിറങ്ങള്‍ കണക്കാക്കിയിരുന്നത്. അതനുസരിച്ച്‌ പ്ലാറ്റിനം, പച്ച(ഇതില്‍ തന്നെ മൂന്ന് ഉപ വിഭാഗങ്ങളുണ്ട്), മഞ്ഞ, ചുവപ്പ് എന്നിങ്ങനെ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചിരുന്നു. തൊഴില്‍ സുരക്ഷയും സ്ഥിരതയും ഉറപ്പ് വരുത്തി തൊഴില്‍ വിപണിയില്‍ പ്രത്യേകിച്ച്‌ സ്വകാര്യ മേഖലയില്‍ സ്വദേശി അനുപാതം വര്‍ധിപ്പിക്കുന്നതിന് നടപ്പാക്കിയ നിതാഖത്ത് പദ്ധതിയില്‍ മുന്തിയ കാറ്റഗറി വഹിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇങ്ങനെ വിസ ഇഷ്യൂ ചെയ്യാന്‍ കഴിയുന്നത്.

നേരത്തേ ഒരു സ്ഥാപനത്തിന് വിദേശതൊഴില്‍ വിസ ലഭിക്കാന്‍ ചുരുങ്ങിയത് എട്ടു മാസമെങ്കിലും വേണ്ടിയിരുന്നു . പുതിയ സംവിധാനത്തില്‍ ഈ നിബന്ധനകള്‍ പാലിച്ചാല്‍ കാത്തിരിപ്പൊന്നുമില്ലാതെ ഉടനടി വിസ ലഭ്യമാകും. സ്ഥാപനം തുടര്‍ച്ചയായ 13 ആഴ്ചകള്‍ ഗ്രീന്‍ കാറ്റഗറിയില്‍ തുടരുക, അല്ലെങ്കില്‍ 52 ആഴ്ചക്കുള്ളില്‍ 26 ഇടവിട്ട ആഴ്ചകളില്‍ ഗ്രീന്‍ കാറ്റഗറിയിലായിരിക്കുക എന്നിവയാണ് അതില്‍ പ്രധാനം.

കൂടാതെ കാലാവധിയുള്ള ലൈസന്‍സ് ഉണ്ടായിരിക്കുക, വേതന സുരക്ഷാപദ്ധതി സ്വീകരിച്ച സ്ഥാപനമായിരിക്കുക എന്നതും നിബന്ധനകളില്‍ പ്രധാനമാണ്. എല്ലാ രാജ്യത്തെയും ഉദ്യോഗ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ആക്കുന്നതിന് വേണ്ടി നേരത്തെ ഖിവ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നടപ്പാക്കിയിരുന്നു. തൊഴില്‍ സാമര്‍ഥ്യവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിച്ച്‌ രാജ്യാന്തര നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ഖിവ ഉദ്ഘാടന വേളയില്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രി അഹ് മദ് അല്‍ റാജിഹി ഇതേക്കുറിച്ച്‌ പ്രതികരിച്ചത് ഇങ്ങനെയാണ്;

2023 ഓടെ 5,61,000 തൊഴില്‍ അവസരങ്ങള്‍ ഇത് മുഖേന സ്വകാര്യ മേഖലയില്‍ സൃഷ്ടിക്കാനാകും. തൊഴില്‍ ദാതാക്കളും തൊഴിലാളികളും നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്ത് പരിവര്‍ത്തന പദ്ധതി 2030 ന്റെ ഭാഗമായി തൊഴിലില്ലായ്മ ഏഴുശതമാനം വരെ കുറച്ച്‌ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശരിയായ സ്ഥിതിവിവരവും കണക്കും ലഭ്യമാക്കുക എന്നതും ഖിവ കൊണ്ട് ലക്ഷ്യമിടുന്നു.

Related News