Loading ...

Home Gulf

ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റൈനില്‍ തുറന്നു

മനാമ > ലോകത്തിലെ ഏറ്റവും വലിയ അണ്ടര്‍വാട്ടര്‍ തീം പാര്‍ക്ക് ബഹ്‌റൈനില്‍ തുറന്നു. കൃത്രിമ ദ്വീപ് സമൂഹമായ ദിയാര്‍ അല്‍ മുഹറഖില്‍ കടലിനടിയില്‍ ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസൃതിയിലായാണ് 'ഡൈവ് ബഹ്‌റൈന്‍' അണ്ടര്‍ വാട്ടര്‍ തീം പാര്‍ക്ക് സജ്ജീകരിച്ചത്.
പാര്‍ക്കിന്റെ മധ്യ ഭാഗത്തായി കടലില്‍ 20 മീറ്ററോളം താഴ്ചയില്‍ സ്ഥാപിച്ച വിമാനമാണ് പ്രധാന ആകര്‍ഷണം. 70 മീറ്റര്‍ നീളംവരുന്ന ഈ കൂറ്റന്‍ ബോയിങ് 747 ജംബോ ജെറ്റ് കടലിനടിയില്‍ സ്ഥാപിച്ച ഏറ്റവും വലിയ വിമാനമാണിത്. പ്രവര്‍ത്തനം അവസാനിപ്പിച്ച ഈ വിമാനം ദുബായില്‍ നിന്നും കപ്പലില്‍ ബഹ്‌റൈനില്‍ എത്തിച്ച്‌ അവിടെ നിന്നും ചിറകുകള്‍ മാറ്റിയ ശേഷം റോഡ് മാഗം ദിയാര്‍ അല്‍ മുഹറഖില്‍ കൊണ്ടുവരികയായിരുന്നു. സമുദ്ര ജീവികളെ ആകര്‍ഷിക്കാനായി കൃത്രിമ പവിഴപുറ്റുകളും പാര്‍ക്കിലുണ്ട്. ഇതിനൊപ്പം പരമ്ബരാഗത മുത്തുവാരല്‍ തൊഴിലാളികളുടെ ഭവനങ്ങളുടെ മാതൃകകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. കടലിനടയില്‍ സഞ്ചരിക്കുന്നവര്‍ക്ക് സുരക്ഷിതവും ആനന്ദകരവുമായ അനുഭവസം സമ്മാനിക്കുംവിധമാണ് അണ്ടര്‍ വാട്ടര്‍ പാര്‍ക്കിന്റെ ഘടന. വിനോദ സഞ്ചാരികള്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കും പാര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘടാകര്‍ അറിയിച്ചു.

പാര്‍ക്കിലേക്ക് സ്‌കൂബാ ഡൈവിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും കടല്‍ പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും യോജിച്ച രീതിയിലാണ് പാര്‍ക്ക് നിര്‍മ്മിച്ചതെന്ന് സംഘടകര്‍ അറിയിച്ചു. ശനിയാഴ്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അംഗീകൃത ഡൈവിങ് സെന്ററുകള്‍ മുഖേനെയാണ് അണ്ടര്‍വാട്ടര്‍ പാര്‍ക്കിലേക്ക് പ്രവേശനം. ബഹ്‌റൈന്‍ വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി ഉദ്ഘടനം ചെയ്തു. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കടലിനടിയിലൂടെ സഞ്ചരിച്ച്‌ വിമാനത്തില്‍ പ്രവേശിച്ചായിരുന്നു ഉദ്ഘടാനം.

Related News