Loading ...

Home Gulf

അടയാളം ഖത്തര്‍ വല്ലി നോവല്‍ ചര്‍ച്ച സംഘടിപ്പിച്ചു

ദോഹ :അടയാളം ഖത്തര്‍ പ്രശസ്ത എഴുത്തുകാരി ഷീല ടോമിയുടെ വല്ലി നോവല്‍ ചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചു. വയനാടിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ എഴുത്തിന്‍റെ കാവ്യഭംഗിയും വ്യത്യസ്ത ആഖ്യാന രീതിയിലും മലയാളത്തിന്റെ സാഹിത്യമണ്ഡലത്തില്‍ ഷീല ടോമിയെന്ന എഴുത്തുകാരിയെ അടയാളപ്പെടുത്തുമെന്ന്സംവാദസദസ്സ് വിലയിരുത്തി. വല്ലിയുടെ ആഖ്യാനത്തിലെ കാവ്യാത്മകതയും വിവരണങ്ങളിലെ ആഴവും ഭാഷാ സൗന്ദര്യവും രചനയുടെ മൗലികത വായനക്കാരന് അനുഭവപ്പെടുത്തുന്നുണ്ട്. ആദിവാസികള്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന വിവിധ ക്ഷേമപദ്ധതികള്‍ക്കുമപ്പുറത്ത്, ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്നം ഭൂമിയുടേതാണെന്നും ആദിവാസികള്‍ ഉയര്‍ത്തുന്നത് ഭൂമിയുടെ രാഷ്ട്രീയമാണെന്നുമുള്ള തിരിച്ചറിവ് ഈ നോവല്‍ പ്രഖ്യാപിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭവും സമകാലീന യാഥാര്‍ത്ഥ്യമായ അവസ്ഥയില്‍ പ്രകൃതിയും മൂലധനത്തിന്റെ അത്യാര്‍ത്ഥിപൂണ്ട ലാഭേച്ഛയും തമ്മിലുള്ള വൈരുദ്ധ്യമാണ് പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന ദിശാബോധം നോവല്‍ പങ്കുവെയ്ക്കുന്നു പ്രണയം, ജീവിതം, വിവാഹബന്ധം, വിവാഹമോചനം തുടങ്ങിയ മേഖലകളില്‍ ആധുനിക സമൂഹം മുന്നോട്ട് വെയ്ക്കുന്ന ജനാധിപത്യത്തിന്റെ തുറസ്സുകളെ , ഉയര്‍ത്തിപ്പിടിക്കുന്ന നോവലിന്റെ ഉള്ളടക്കത്തോട് ചില രാഷ്ട്രീയവിയോജിപ്പുകളും ചര്‍ച്ചയില്‍ പങ്കുവയ്ക്കപ്പെട്ടു . നിലവിലുള്ള സാമൂഹ്യ പൊതുബോധത്തെ തന്നെയാണ് വല്ലിയും പിന്‍പറ്റുന്നതെന്നും പുതിയ കാലത്തില്‍ വികസിപ്പിക്കപ്പെട്ട രാഷ്ട്രീയ ശരികളും കീഴാളജീവിതങ്ങളോടുള്ള ജനാധിപത്യ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതില്‍ നോവലിന് വലിയ പരിമിതികള്‍ സംഭവിച്ചിട്ടുണ്ടെന്നവിമര്‍ശനങ്ങളുംചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. എല്ലാ വിമര്ശനങ്ങളെയും എഴുത്ത് ജീവിതത്തിന്റെ ഭാവിയിലേക്കുള്ള പുതിയ തിരിച്ചറിവായാണ് കാണുന്നതെന്നു മറുപടി പ്രസംഗത്തില്‍ നോവലിസ്റ്റ് ഷീല ടോമിപറഞ്ഞു. സ്‌കില്‍സ് ഡെവലപ്പ് മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ അടയാളം ഖത്തര്‍ സെക്രടറി മുര്‍ഷിദ്സ്വാഗതം ആശംസിച്ചു. അജിത് നന്ദി പ്രകാശിപ്പിച്ചു.സുധീര്‍ എം.എ.പുസ്തകാവലോകനം നടത്തി. പ്രദോഷ്കുമാര്‍ മോഡറേറ്ററായിരുന്നു. ശ്രീകല പ്രകാശന്‍, അജീഷ് വടക്കിന്‍കര, പ്രമോദ് ശങ്കരന്‍, തന്‍സീം, നിക്കു കേച്ചേരി, കനകാംബരന്‍, അന്‍വര്‍ സാദത്ത്, കൃഷ്ണകുമാര്‍, നജീബ് സുധീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

Related News